പണമില്ലാതെ പഠനം മുടങ്ങിയോ ? വിദ്യാഭ്യാസ ചെലവുകള്‍ നിയന്ത്രിക്കാനുള്ള വഴികളറിയാം

Update: 2023-07-17 12:49 GMT

വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് പണം പലപ്പോഴും തടസമാവാറുണ്ട്. സ്വപ്നം കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കാതെ കുട്ടികള്‍ അവരുടെ സ്വപ്നങ്ങളില്‍ നിന്നാണ് ഇറങ്ങിപോവുന്നത്. വിദ്യാഭ്യാസ സ്വപ്നം കുട്ടികള്‍ക്ക് ഒരിക്കലും വിലക്കപ്പെടാന്‍ പാടില്ലാത്തതാണ്. മറ്റെന്തും നമുക്ക് മാറ്റി വെക്കാന്‍ പറയാം. പക്ഷേ മറ്റൊന്നും വിദ്യാഭ്യാസത്തിന് പകരമാവില്ല .

തങ്ങളുടെ സമ്പാദ്യത്തിന്റെ വലിയ പങ്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെക്കുകയാണ് ചെയ്യുന്നത്. മക്കളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയെന്നതാണ് രക്ഷിതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ കടമ്പ.വിദ്യാഭ്യാസ ചെലവ് വളരെ വേഗത്തിലാണ് വര്‍ധിക്കുന്നത്. കോവിഡ് മഹാമാരി കഴ്ഞ്ഞിട്ട് 2021 ഇല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT) രാജ്യത്തെ എല്ലാ കേന്ദ്രങ്ങളിലും 90,000 രൂപ മുതല്‍ 2 ലക്ഷം വരെ ഫീസ് വര്‍ധിപ്പിച്ചു.

ഇത്തരം ഫീസ് വര്‍ധനവിനുള്ള കാരണങ്ങള്‍ പലതാവാം. ഗവണ്‍മെന്റ് ഫണ്ടിങ് കുറവ്, ഉയര്‍ന്ന ജീവിത ചെലവ്, ട്യൂഷന്‍ ഫീസ്, ഭരണ ചെലവ്, വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതിക വിദ്യകളുടെ ഉപയോഗം എന്നിവയൊക്കെയാണ്.

വിദ്യാഭ്യാസ മേഖലയിലെ പണപ്പെരുപ്പം

10 വയസുള്ള ഒരു കുട്ടി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ നിലവില്‍ 10 ലക്ഷം രൂപ ചെലവ് വരുന്ന ഒരു കോഴ്‌സിനു ഇഷ്ടമുള്ള സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ 10 വര്‍ഷം കഴിയുമ്പോഴേക്കും പ്രതീക്ഷിക്കുന്ന ചെലവല്ല വരിക. അതില്‍ ഗണ്യമായ വര്‍ധനവുണ്ടാവും.

2012-2020 നുമിടയിലെ വിവിധ മേഖലയിലെ പണപെരുപ്പ നിരക്ക് പരിശോധിക്കുമ്പോള്‍ ഭക്ഷ്യ മേഖലയിലെ പണപ്പെരുപ്പനിരക്ക് 9.62 % ആയിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ അത് 10 % മാണ്. ആരോഗ്യ മേഖലയിലെ പണപ്പെരുപ്പ നിരക്ക് 8 % നില്‍കുന്നു. 2021 സാമ്പത്തികവര്‍ഷം രണ്ടാം പാദം അവസാനിക്കുമ്പോള്‍ അതായത് സെപ്റ്റംബറില്‍ ഇന്ത്യയിലെ വിദ്യാഭ്യാസ പണപെരുപ്പനിരക്ക് 3.34 ശതമാനം ആയിരുന്നു. 2022 ഇല്‍ ഇതേ സമയം ഇത് 5.68 ശതമാനം ആയി വര്‍ധിച്ചു. ഈ ഉയരുന്ന പണപ്പെരുപ്പം രക്ഷിതാക്കളെ സംബന്ധിച്ച് വലിയ ആശങ്കയാണ്. കുട്ടികള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ മാത്രമല്ല ഇത് ബാധിക്കുന്നത്. ഭാവിയില്‍ വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു.

പ്രൈമറി സ്‌കൂള്‍ മുതല്‍ തന്നെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ ചെലവുകളെ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഓള്‍ ഇന്ത്യ സര്‍വ്വേ ഓണ്‍ ഹയര്‍ എഡ്യൂക്കേഷന്‍ (AISHE) 2020-21 റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ മുഴുസമയ ബിരുദ കോഴ്‌സിന്റെ ശരാശരി ഫീസ് 5.3 ശതമാനം വര്‍ധിച്ചു എന്നാണ് പറയുന്നത്.

ആസൂത്രണം തുടക്കത്തില്‍ വേണം

അപ്പോൾ വിദ്യാഭ്യാസ ചെലവുകള്‍ എങ്ങനെ ക്രമീകരിക്കാം? വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുമോ എന്ന് പരതുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യ മാണെങ്കിലും അതിനായി ശ്രമിക്കേണ്ടതുണ്ട്. ആദ്യമേ തന്നെ ഫണ്ട് ശേഖരിക്കുന്നതിലൂടെയും വിദ്യാഭ്യാസ ചെലവുകള്‍ക്കായുള്ള സമ്പാദ്യ പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നതും ഭാവിയിലെ വിദ്യാഭ്യാസത്തിനായുള്ള കടബാധ്യത ഇല്ലാതാക്കാന്‍ കഴിയും.

വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ സ്‌കോളര്‍ഷിപ്പുകള്‍, ഗ്രാന്റുകള്‍, മറ്റു സാമ്പത്തിക സഹായങ്ങള്‍, എന്നിവ അടങ്ങുന്ന കൗണ്‍സിലിങ് സേവനങ്ങള്‍ രക്ഷിതാക്കളും കുട്ടികളും ഉപയോഗപ്പെടുത്തണം. ശരിയായ സാമ്പത്തിക ഉപദേശം, സമ്പാദ്യം, നിക്ഷേപങ്ങള്‍ ലോണ്‍ ഓപ്ഷനുകള്‍ എന്നിവ ഫല പ്രദമായി ഉപയോഗിക്കാന്‍ പ്രാപ്തമാക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നതിനു മാതാപിതാക്കളെ സഹായിക്കും

പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങള്‍ മതിയാവില്ല

വിദ്യാഭ്യാസത്തിനു വേണ്ടി എത്ര തുക ലാഭിക്കണം, എത്ര തുക നിക്ഷേപിക്കണം എന്നതിനെ കുറിച്ച് പലര്‍ക്കും. നിശ്ചയമുണ്ടാവില്ല. ഫിക്‌സഡ് ഡെപ്പോസിറ്റ്,സേവിങ്‌സ് അക്കൗണ്ടുകള്‍ പോലുള്ള പരമ്പരാഗത സമ്പാദ്യ രീതികള്‍ക്ക് വര്‍ധിച്ച് വരുന്ന വിദ്യാഭ്യാസ ചെലവുമായി പൊരുത്തപ്പെടാനാവില്ല. അതിനാല്‍ ഇക്വിറ്റി മൂച്വല്‍ ഫണ്ടുകളും എസ് ഐ പി പോലുള്ള പണ പപ്പെരുപ്പം നേരിടാന്‍ സഹായിക്കുന്ന നിക്ഷേപ മാര്‍ഗങ്ങളെ ആശ്രയിക്കുന്നത്. നന്നായിരിക്കും.


കുട്ടികളുടെ വിദ്യാഭാസത്തിനു വേണ്ടി എസ് ഐ പി വഴി നിക്ഷേപിക്കുന്നതിലൂടെ പണപ്പെരുപ്പത്തെ മറികടക്കാന്‍ കഴിയും. നേരത്തെ തന്നെ നിക്ഷേപിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിനുള്ള ചെലവുകള്‍ താങ്ങാന്‍ കഴിയും

നിക്ഷേപമില്ലെങ്കിൽ വിദ്യാഭ്യാസ വായ്പ

കാര്യമായ നിക്ഷേപങ്ങൾ ഒന്നും നടത്താത്ത ഒരാൾക്ക് വിദ്യാഭ്യാസ വായ്പയിലൂടെയും കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാവുന്നതാണ്. അനുകൂലമായ വ്യവസ്ഥകളും നിബന്ധനകളും ഉള്ളവിദ്യാഭ്യാസ വായ്പകള്‍ ഉപയോഗിക്കുന്നതിലൂടെ സാമ്പത്തിക ഭാരം കുറക്കുകയും ചെയ്യാം. പരമ്പരാഗത ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് വിദ്യാഭ്യാസ വായ്പ എടുക്കുമ്പോൾ ഭാവിയിൽ ജോലി സാദ്ധ്യതകൾ ഇല്ലെങ്കിൽ വായ്പ തീർത്തും ബാധ്യത ആയി മാറും. എന്നാൽ ഏതെങ്കിലും പ്രൊഫഷണൽ ബിരുദങ്ങളോ ബിരുദാനന്ത ബിരുദങ്ങളോ എടുക്കുന്നവർക്ക് വിദ്യാഭ്യാസ വായ്പ പ്രയോജനപ്പെടുത്താം. കൃത്യമായ ആസൂത്രണവും ലക്ഷ്യവും ഉണ്ടെങ്കിൽ വിദ്യാഭ്യാസ വായ്പ ഒരു ബാധ്യത ആവാതെ എളുപ്പത്തിൽ അടച്ചു തീർക്കാൻ കഴിയും

വായ്പ നൽകുന്ന ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി അറിഞ്ഞിരിക്കണം.പ്രതിമാസം എത്ര രൂപ അടവ് വരുമെന്നും തിരിച്ചടവ് പൂർത്തിയാക്കേണ്ട സമയത്തെപറ്റിയും ഒക്കെ കൃത്യമായ ഉണ്ടാവണം. ഏകദേശ ധാരണ ഉണ്ടാക്കുന്നതിനായി ഓൺലൈൻ ടൂളുകളോ ലോൺ കാൽക്കുലേറ്ററോ ഒക്കെ ഉപയോഗിക്കാവുന്നതാണ്. ഇതനുസരിച്ചു തിരിച്ചടവിനു ഒരു കൃത്യമായ പ്ലാൻ ഉണ്ടാക്കുന്നത് സമ്മർദ്ദങ്ങളില്ലാതെ തിരിച്ചടവ് പൂർത്തിയാക്കാൻ സഹായിക്കും

വിദ്യാഭ്യാസ വ്യായ്പ തിരിച്ചടക്കുമ്പോൾ പ്രതിമാസ അടവ് കൂടാതെ അധിക പേയ്‌മെന്റുകൾ നടത്താം.വളരെ ചെറിയ അധിക പേയ്മെന്റ് നടത്തുമ്പോൾ പ്രിൻസിപ്പൽ തുകയിൽ അത് കാര്യമായ കുറവ് വരുത്തും. മൊത്തം അടക്കുന്ന പലിശയിലും കുറവ് വരും. വളരെ വേഗം തന്നെ കടത്തിൽ നിന്ന് പുറത്തു കടക്കാനും കഴിയും


സ്വകാര്യ ബാങ്കിൽ നിന്നുമെടുത്ത വിദ്യാഭ്യാസ വായ്പ ആണെങ്കിൽ റീഫിനാൻസ് ചെയ്യുന്നതിലൂടെ പലിശ കുറയാനും അതുവഴി പണം ലഭിക്കാനും കഴിയും. വിവിധ വായ്പ ദാതാക്കളുടെ വ്യവസ്ഥകളും പലിശ നിരക്ക് താരതമ്യം ചെയ്യുന്നതിലൂടെ ഏറ്റവും നല്ല റീഫിനാൻസിങ് ഓപ്ഷൻ കണ്ടെത്താൻ സാധിക്കും.

വായ്പ തിരിച്ചടവ് കാലത്തു വരുമാനം മാർഗം കൂട്ടാൻ ശ്രമിക്കുന്നതിലൂടെ വായ്പാതിരിച്ചടവിനു കൂടുതൽ പണം ലഭിക്കും.പാർടൈം ജോലി ചെയ്യുന്നതിലൂടെയോ ഫ്രീലാൻസ് വർക്ക് ഏറ്റെടുക്കുന്നതിലൂടെയോ ഒക്കെ ഈ അധിക വരുമാനം കണ്ടെത്താവുന്നതാണ്.ഇതിലൂടെ അധിക പേയ്മെന്റ് നടത്തി തിരിച്ചടവ് വേഗത്തിലാക്കാം.

മാസം തോറുമുള്ള ചെലവുകൾ വിലയിരുത്തിയശേഷം അനാവശ്യചെലവുകൾ വെട്ടിക്കുറക്കാവുന്നതിലൂടെ തിരിച്ചടവിനായി കൂടുതൽ പണം കണ്ടെത്താം.ഉദാഹരണത്തിന് സ്ഥിരം പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് കുറക്കുന്നതിലൂടെയും ചെലവ് കുറഞ്ഞ രീതിയിൽ ഉള്ള വിനോദോപാധികൾ കണ്ടെത്തുന്നതിലൂടെയുമൊക്കെ അനാവശ്യ ചെലവുകൾ കുറക്കാവുന്നതാണ്. ഇതിലൂടെ ലഭിക്കുന്ന പണം തിരിച്ചടവിനായി ഉപയോഗിക്കണം.

ഫിന്‍ ടെക് മേഖലയിലെ വളര്‍ച്ച വിദ്യാഭ്യാസത്തിലും

ഫിന്‍ ടെക്കിന്റെ വളര്‍ച്ച വിവിധ മേഖലകളെ മാറ്റിമറിച്ച പോലെ വിദ്യാഭ്യാസ ആസൂത്രണത്തെയും സ്വാധീനിച്ചു. പരമ്പരാഗത സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ ആപ്പ് അധിഷ്ഠിത വായ്പ സൊല്യൂഷനുകളിലൂടെ ലോണുകള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നു. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ടൂളുകള്‍ കൗണ്‍സിലിങ്,വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്, വായ്പകള്‍ എന്നിവ ഉള്‍പ്പെടുന്ന സേവനങ്ങള്‍ വഴി വിദ്യാഭ്യാസ ത്തിനുള്ള സാമ്പത്തിക ആസൂത്രണത്തെ സഹായിക്കുന്നു.

വരുമാനത്തെ പറ്റി ബോധ്യമില്ലാതെയും ആസൂത്രണമില്ലാതെയും പല കോഴ്‌സുകള്‍ക്കും വേണ്ടി വിദ്യാര്‍ത്ഥികള്‍ എടുത്തു ചാടുന്നു. പണ പെരുപ്പ നിരക്കും കുതിച്ചിയിരുന്ന ട്യൂഷന്‍ ഫീസും മറ്റു ചെലവുകളും കാരണം പലരും കോഴ്‌സ് പാതിവഴിയില്‍ ഉപേക്ഷിക്കുന്നു.

താമസം,ഗതാഗതം, ഭക്ഷണം ആരോഗ്യം. എന്നിവ ഉള്‍പ്പെടെയുള്ള താങ്ങാനാവാത്ത ജീവിതചെലവുകള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനം ദുര്‍ഘടമാക്കി മാറ്റിയിരിക്കുകയാണ്. കറന്‍സി വിനിമയ നിരക്കിലെ ഏറ്റകുറച്ചിലുകള്‍ അന്താരാഷ്ട്ര തലത്തില്‍ പഠിക്കുന്ന കുട്ടിയുടെ വിദ്യാഭ്യാസ ബഡ്ജറ്റിലെ ദൈനം ദിന ചെലവുകളെ ബാധിക്കുകയും ചെയ്യുന്നു.

Tags:    

Similar News