നിക്ഷേപത്തില്‍ പലതരം നിയമങ്ങള്‍; പാലിച്ചാല്‍ നഷ്ടമില്ലാതെ നിക്ഷേപിക്കാം
- നിക്ഷേപിക്കുന്ന തുക, കാലാവധി, പ്രതീക്ഷിക്കുന്ന ആദായം എന്നിവയാണ് 15*15*15
- സുരക്ഷിത നിക്ഷേപത്തിന് 80 /20 റൂള്‍
- കോമ്പൗണ്ടിംഗിന്റെ ഗുണം ലഭിക്കാൻ നേരത്തെ നിക്ഷേപം
ശരിയായ നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നതും റിട്ടേണ്‍ സൃഷ്ടിക്കാനും സഹായിക്കുന്ന ഒരു നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ഇതിന് സഹായിക്കുന്ന പലതരം നിക്ഷേപ നിയമങ്ങളുണ്ട്. ഓരോ നിക്ഷേപത്തിനും ഉപയോഗിക്കേണ്ട നിക്ഷേപ നിയമങ്ങളുണ്ട്. എന്നാല്‍ ഇവ മാത്രം അടിസ്ഥാനമാക്കി നിക്ഷേപം നടത്തരുത്.
15*15*15 റൂള്‍
മ്യൂച്വല്‍ ഫണ്ടിലെ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനില്‍ പ്രയോഗിക്കാവുന്ന റൂളാണ് 15*15*15 റൂള്‍. നിക്ഷേപിക്കുന്ന തുക, കാലാവധി, പ്രതീക്ഷിക്കുന്ന ആദായം എന്നിവയാണ് 15*15*15 റൂളില്‍ വിശദീകരിക്കുന്നത്. 15,000 രൂപയുടെ മാസ എസ്‌ഐപി 15 വര്‍ഷം നിക്ഷേപിക്കുമ്പോള്‍ വര്‍ഷത്തില്‍ 15 ശതമാനം ആദായം പ്രതീക്ഷിച്ചാല്‍ 1 കോടി രൂപ ലഭിക്കും എന്നാണ് ഈ റൂള്‍ വ്യക്തമാക്കുന്നത്.
80/20 റൂള്‍
ഓഹരി വിപണിയില്‍ പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ 80/20 റൂള്‍ സഹായിക്കും. ഓഹരികള്‍ വാങ്ങാനായി മാറ്റിവെയ്ക്കുന്ന ആകെ തുകയുടെ 80 ശതമാനം ഇന്‍ഡക്‌സ്, ലാര്‍ജ്കാപ്, മിഡ്കാപ് എന്നീ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനാണ് ഈ റൂളിന്റെ നിര്‍ദ്ദേശം. ബാക്കി വരുന്ന 20 ശതമാനം നേരിട്ട് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കാം.
10% റൂള്‍
സമ്പാദിക്കാന്‍ തുടങ്ങുമ്പോള്‍ നിക്ഷേപ ചിന്തകള്‍ മനസിലുണ്ടാകണമെന്നില്ല. എന്നാലും കോമ്പൗണ്ടിംഗിന്റെ ഗുണം ലഭിക്കണമെങ്കില്‍ നേരത്തെ നിക്ഷേപിക്കാന്‍ തുടങ്ങുന്നത് പ്രധാനമാണ്. നിക്ഷേപകര്‍ നിലവിലെ ശമ്പളത്തിന്റെ 10% എങ്കിലും നിക്ഷേപിച്ച് ആരംഭിക്കണമെന്നും എല്ലാ വര്‍ഷവും 10% വര്‍ധിപ്പിക്കണമെന്നും ഈ നിക്ഷേപ നിയമം പറയുന്നത്.
100 - പ്രായം (100 Minus Age Rule)
ഇക്വിറ്റിയും ഡെറ്റ് നിക്ഷേപവും തമ്മിലുള്ള അസറ്റ് അലോക്കേഷന്‍ നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന റൂളാണ് 100 മൈനസ് പ്രായം. ഈ നിയമം അനുസരിച്ച്, 100 എന്ന സംഖ്യയില്‍ നിന്ന് പ്രായം കുറയ്ക്കുമ്പോള്‍ നിങ്ങള്‍ക്ക് അനുയോജ്യമായ ഇക്വിറ്റി എക്‌സ്‌പോഷറിന്റെ ശതമാനം ലഭിക്കും. ബാക്കി ശതമാനം ഡെറ്റ് നിക്ഷേപവുമാകാം. വിരമിക്കുമ്പോള്‍ ഒരു വ്യക്തിയുടെ ഇക്വിറ്റി അലോക്കേഷന്‍ കുറയുമെന്ന അനുമാനത്തിലാണ് ഈ നിയമം പ്രവര്‍ത്തിക്കുന്നത്.
റൂള്‍ 72
നിക്ഷേപം ഇരട്ടിയാകാന്‍ എത്ര കാലമെടുക്കുമെന്ന് വിശദമാക്കുന്ന റൂളാണിത്. ഓരോ പലിശ നിരക്കിനെ അടിസ്ഥാനമാക്കി പണം ഇരട്ടിയാക്കാന്‍ എത്ര സമയമെടുക്കുമെന്ന് നിര്‍ണയിക്കാന്‍ റൂള്‍ ഓഫ് 72 ഉപയോഗിക്കാം. 72 നെ പലിശ നിരക്ക് കൊണ്ട് ഹരിച്ചാല്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ സാധിക്കുന്ന കാലം മനസിലാക്കാം.
റൂള്‍ 114
റൂള്‍ 114 വഴി നിക്ഷേപം മൂന്നിരട്ടിയാകാന്‍ എത്ര കാലമെടുക്കും എന്ന് നിശ്ചയിക്കാന്‍ മനസിലാക്കാം. നിക്ഷേപത്തിന്റെ പലിശ നിരക്കിനെ 114 എന്ന സംഖ്യയെ ഹരിക്കുകയാണ് വേണ്ടത്. ലഭിക്കുന്ന സംഖ്യ നിക്ഷേപം മൂന്നിരട്ടിയാകാന്‍ ആവശ്യമായ കാലയളവാണ്.
50-30-20 റൂള്‍
മാസത്തില്‍ ചെലവുകളെ മാനേജ് ചെയ്യാനുള്ള റൂളാണ് 50-30-20 റൂള്‍. നിശ്ചിത ശതമാനം വീതം ഓരോ ചെലവുകള്‍ക്കും മാറ്റിവെയ്ക്കാം എന്നതാണ് 50-30-20 റൂള്‍ വിശദമാക്കുന്നത്. വരുമാനത്തില്‍ നിന്ന് 50 ശതമാനം അത്യാവശ്യ കാര്യങ്ങള്‍ക്ക് നീക്കിവെയ്ക്കണം. വീട്ടു ചെലവുകളാണ് ഈ തുകയില്‍ ഉള്‍പ്പെടുന്നത്. 30 ശതമാനം തുക അത്യാവശ്യമല്ലാത്ത, എന്നാല്‍ ആവശ്യങ്ങളായി ചെലവുകള്‍ക്ക് ഉപയോഗിക്കാം. ഹോട്ടല്‍ ഭക്ഷണം, വിനോദങ്ങള്‍, ഔട്ടിംഗ് എന്നിവയ്ക്കുള്ള തുകയാണിത്. മാസ വരുമാനത്തിലെ 20 ശതമാനം നിക്ഷേപത്തിനാണ്. ചെലവാക്കിയ ശേഷമുള്ള നിക്ഷേപത്തിന് പകരം നേരത്തെ നിക്ഷേപത്തിനായി പണം മാറ്റാന്‍ ഈ റൂള്‍ ഉപകാരപ്പെടും.