മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ സ്ഥിര വരുമാന മാര്‍ഗമാക്കുന്ന എസ്ഡബ്ല്യുപിയെ അറിയാം

  • എസ്‌ഐപി പോലെ തന്നെ എസ്ഡബ്ല്യുപിയും ലളിതമാണ്
  • പിന്‍വലിക്കല്‍ കാലയളവ് നിക്ഷേപകന് തീരുമാനിക്കാം
  • മ്യൂച്വല്‍ ഫണ്ട് നിക്ഷേപവും വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാണ്‌

Update: 2024-04-04 08:21 GMT

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എന്നതിനൊപ്പം പറയുന്ന കാര്യമാണ് എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍). നിക്ഷേപത്തെ അച്ചടക്കത്തോടെ സമീപിക്കാനും കൂട്ടു പലിശയുടെ ശക്തി പ്രയോജനപ്പെടുത്താനും സഹായിക്കുന്നതാണ് എസ്‌ഐപി. നിക്ഷേപം മാത്രം പോര അതില്‍ നിന്നും ലഭിക്കുന്ന റിട്ടേണ്‍ കൃത്യമായ വരുമാനമായി ലഭിക്കണമെങ്കില്‍ അതിനും വഴിയുണ്ട്. സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ (എസ്ഡബ്ല്യുപി) എന്നാണ് ഇതറിയപ്പെടുന്നത്. എസ്‌ഐപിയിലെ പോലെ ഓരോരുത്തര്‍ക്കും അവരവരുടെ ആവശ്യത്തിനനുസരിച്ച് വരുമാനം ലഭിക്കേണ്ട കാലയളവ്, എത്ര തുക വേണം എന്നതൊക്കെ നിര്‍ണ്ണയിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

എസ്ഡബ്ല്യുപിയെ അടുത്തറിയാം

മ്യൂച്വല്‍ ഫണ്ടുകള്‍ മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കാവുന്ന മാര്‍ഗമാണ് എസ്ഡബ്ല്യുപി. നിക്ഷേപത്തെ പ്രതിമാസം, ത്രൈമാസം, ആറ് മാസം, വാര്‍ഷികം എന്നീ കാലയളവുകളില്‍ കൃത്യമായി ലഭിക്കുന്ന വരുമാനമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇതില്‍ ഏതെങ്കിലുമൊരു കാലയളവ് നിക്ഷേപകന് അവരുടെ സൗകര്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാം. ആ കാലയളവില്‍ ലഭിക്കേണ്ട തുകയും മുന്‍ കൂട്ടി നല്‍കണം. എസ്ഡബ്ല്യുപികള്‍ കാര്യക്ഷമമായി ഉപയോഗിക്കണമെങ്കില്‍ നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യം, റിസ്‌ക്, നിക്ഷേപ രീതികള്‍, നികുതി ബാധ്യത തുടങ്ങിയ ഘടകങ്ങളെയും പരിഗണിക്കേണ്ടതുണ്ട്.

റിട്ടയര്‍മെന്റ് കാലത്ത് സ്ഥിര വരുമാനം ഉറപ്പാക്കാന്‍ സ്വകരിക്കാവുന്ന മികച്ച മാര്‍ഗമാണിത്. മുന്‍ വര്‍ഷങ്ങളില്‍ കൃത്യമായി നിക്ഷേപം നടത്തി നല്ലൊരു സമ്പാദ്യം സൃഷ്ടിച്ചതിനുശേഷം വേണം എസ്ഡബ്ല്യുപി സെറ്റ് ചെയ്യാന്‍. നിക്ഷേപകന്റെ മാറുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസരിച്ച് നിക്ഷേപകര്‍ക്ക് പിന്‍വലിക്കല്‍ തുക, കാലയളവ് എന്നിവയില്‍ മാറ്റം വരുത്താം.

എങ്ങനെയാണ് എസ്ഡബ്ല്യുപി പ്ലാന്‍ ചെയ്യേണ്ടത്?

ഒരാള്‍ 10 വര്‍ഷത്തിനുള്ളില്‍ റിട്ടയര്‍ ചെയ്യും. റിട്ടയര്‍മെന്റിനുശേഷം എല്ലാ മാസവും വരുമാനമായി കൃത്യമായൊരു തുക വേണം. അതിനയാള്‍ ആദ്യം ചെയ്യേണ്ടത് അഞ്ച് വര്‍ഷം കൃത്യമായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുകയാണ്. ലഭിക്കേണ്ട വരുമാനം, മറ്റ് സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നിവയൊക്കെ കണക്കാക്കി വേണം നിക്ഷേപം നടത്താന്‍. നിക്ഷേും എസ്‌ഐപിയായോ ലംപ്‌സം ആയോ നടത്താം.

അടുത്തതായി ചെയ്യേണ്ടത് കൃത്യമായി നിക്ഷേപത്തെ വിശകലനം ചെയ്യുകയും നിക്ഷോപ പോര്‍ട്ട്‌ഫോളിയോയെ റീബാലന്‍സ് ചെയ്യുകയുമാണ്. ദീര്‍ഘകാലത്തില്‍ റിട്ടേണ്‍ തരുന്ന ആസ്തി വിഭാഗങ്ങളെ നിക്ഷേപത്തില്‍ ഉള്‍പ്പെടുത്താം.

അപ്രതീക്ഷിത ചെലവുകളോ അടിയന്തിര സാഹചര്യങ്ങളോ വന്നാല്‍ അതില്‍ നിന്നും രക്ഷനേടാന്‍ ഒരു അടിയന്തര നിധി ഈ നിക്ഷേപങ്ങള്‍ ഉള്ളപ്പോഴും സ്വരൂപിക്കേണ്ടതുണ്ട്. അതിനെ നിക്ഷേപങ്ങളോടൊപ്പം പരിഗണിക്കാതിരിക്കുക. എമര്‍ജന്‍സി ഫണ്ടിനെ ഒരിക്കലും വരുമാനമായി കണക്കാക്കരുത്.

എത്ര തുക പിന്‍വലിക്കാം

എസ്ഡബ്ല്യു നിര്‍ദ്ദേശം നല്‍കുമ്പോള്‍ എത്ര തുക വീതമാണ് പിന്‍വലിക്കുന്നതെന്ന് ഫണ്ട് ഹൗസിന് നിര്‍ദ്ദേശം നല്‍കേണ്ടതുണ്ട്. അത് നിക്ഷേപത്തിന്റെ ശതമാനമോ, തുകയോ, നിക്ഷേപ യൂണിറ്റുകളുടെ എണ്ണമോ ഒക്കെയായി നല്‍കാം. പിന്‍വലിക്കല്‍ നിര്‍ദ്ദേശം നല്‍കുമ്പോള്‍ നിക്ഷേപം വളരുന്ന നിരക്കിനെക്കാള്‍ കുറവിലായിരിക്കണം നല്‍കേണ്ടത്. അല്ലെങ്കില്‍ മൂലധന നിക്ഷേപത്തില്‍ നിന്നു കൂടി പിന്‍വലിക്കേണ്ടി വരും.

റിസക്

എസ്ഡബ്ല്യുപി വിപണിയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്ന ഒന്നാണ്. കാരണം വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കനുസരിച്ച് നിക്ഷേപത്തിന്റെ മൂല്യത്തിലും വ്യത്യാസം വരാം. കൂടാതെ, നിക്ഷേപം ആരംഭിച്ച് അധികം വൈകാതെ എസ്ഡബ്ല്യുപി നിര്‍ദ്ദേശം നല്‍കിയാല്‍ അതി നിക്ഷേപത്തിന്റെ വളര്‍ച്ചയെ ബാധിക്കാം.

Tags:    

Similar News