ഓഹരി നിക്ഷേപകനാണോ? നേട്ടം കൊയ്യാന്‍ ഈ തന്ത്രങ്ങള്‍ അറിഞ്ഞിരിക്കാം
- കയറ്റിറക്കങ്ങളില്‍ ഭീതി വേണ്ട
- അകാരണ ഭയം നഷ്ടമുണ്ടാക്കും
- ട്രെന്‍ഡുകള്‍ക്ക് പിറകെ പായരുത്
സ്റ്റോക്ക് മാര്‍ക്കറ്റ് ഒരു ഓപ്പണ്‍ ഫീല്‍ഡാണ്. എല്ലാവര്‍ക്കും എപ്പോഴും ലാഭമുണ്ടാക്കുക അസാധ്യമാണ്. വന്‍കിട ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് പോലും കണക്കുകൂട്ടലുകള്‍ തെറ്റാറുണ്ട്. പെട്ടെന്ന് ലാഭം നേടി ലക്ഷപ്രഭുവാകാമെന്ന് വിചാരിച്ച് ഓഹരി വിപണിയിലെത്തുന്നവര്‍ക്ക് തിരിച്ചടികള്‍ കനത്തതായിരിക്കും. എന്നാല്‍ വിപണിയെ കുറിച്ച് കൃത്യമായി ബോധ്യമുള്ളവര്‍ക്ക് മികച്ച വരുമാനം ലഭിക്കാറുണ്ട്. പല നിക്ഷേപകര്‍ക്കും അവരുടെ നിക്ഷേപത്തിന്റെ 17% റിട്ടേണ്‍ ലഭിക്കാറുണ്ടെന്ന് എന്‍എസ്ഇയുടെ രേഖകള്‍ കാണിക്കുന്നു. മികച്ച കമ്പനികളെ തിരിച്ചറിയുന്നതിലും അച്ചടക്കത്തോടെ തീരുമാനങ്ങളെടുക്കുന്നതിലുമൊക്കെയാണ് ലാഭനേടാനുള്ള തന്ത്രങ്ങളുള്ളത്. ഒരു നിക്ഷേപകന്‍ ലാഭം നേടാന്‍ പിന്തുടരേണ്ട ചില സ്ട്രാറ്റജികള്‍ ഇവിടെ പറയാം.
ഹ്രസ്വകാലത്തിലുള്ള കയറ്റിറക്കങ്ങളെ പിന്തുടരരുത്
അന്താരാഷ്ട്ര വിപണിയിലെ കയറ്റിറക്കങ്ങളെയും അസ്ഥിരതകളുടെയുമൊക്കെ പ്രതിഫലനം ആഭ്യന്തര ഓഹരി വിപണിയിലുണ്ടാകാറുണ്ട്. ബാങ്കിങ് മേഖലയിലെ പ്രതിസന്ധികള്‍, പണപ്പെരുപ്പ ഭീതികള്‍, തുടങ്ങി പല സാമ്പത്തിക പ്രശ്‌നങ്ങളും ഓഹരി വിപണിയെ ബാധിക്കും. എന്നാല്‍ കുറഞ്ഞ കാലയളവിലുള്ള ഇത്തരം പ്രതിസന്ധികളിലുണ്ടാകുന്ന കോട്ടവും നേട്ടവും താത്കാലികമാണെന്ന നിക്ഷേപകന്‍ അറിഞ്ഞിരിക്കണം. തത്കാലത്തേക്കുള്ള സംഭവങ്ങള്‍ കാരണമുണ്ടാകുന്ന വരുമാന വളര്‍ച്ച കണ്ട് കൂടുതല്‍ കൊണ്ടുപോയി നിക്ഷേപിക്കരുത്. അതുപോലെ തത്കാലത്തേക്കുള്ള വിപണി ഇടിവ് കണക്കിലെടുത്ത് ഓഹരി നിക്ഷേപങ്ങളില്‍ നിന്ന് പൂര്‍ണമായും മാറി നില്‍ക്കുന്നതും അബദ്ധമാണ്. ഈ സമയം പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിച്ച് പിടിച്ചുനില്‍ക്കാനാണ് നല്ലൊരു നിക്ഷേപകന്‍ ശ്രദ്ധിക്കേണ്ടത്.
സ്‌മോള്‍ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുക
വിപണി ചാഞ്ചാടി കൊണ്ടിരിക്കുമ്പോള്‍ സ്‌മോള്‍ക്യാപ് ഓഹരികളെ കാര്യമായി പരിഗണിക്കുന്നത് നല്ലതാണ്. ഹ്രസ്വകാലത്തില്‍ നേട്ടം കൊയ്യാനും നഷ്ടം വന്നാല്‍ താങ്ങാനും സാധിക്കുന്നത് ഇത്തരം ഓഹരികളിലാണ്. ദീര്‍ഘകാലത്തേക്കുള്ള ഇടത്തരം-ലാര്‍ജ് ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ ഒരുപക്ഷെ ഇത് ഗുണം ചെയ്‌തേക്കാം. ചെറിയ കാലയളവില്‍ നേട്ടം കൊയ്യാന്‍ സ്‌മോള്‍ക്യാപ് ഓഹരികള്‍ പരിഗണിക്കുക.
ഫോമോ അവഗണിക്കുക
ഓഹരി വിപണിയില്‍ 'ഫിയര്‍ ഓഫ് മിസ്സിങ് ഔട്ട്' നെ ഫോമോ എന്നാണ് വിളിക്കുന്നത്. അതായത് നഷ്ടമുണ്ടാകുമോ എന്ന ഭയം എപ്പോഴും തെറ്റായ തീരുമാനങ്ങളിലേക്ക എത്തിക്കുമെന്നാണ് നിക്ഷേപ വിദഗ്ധര്‍ പറയുന്നത്. താത്കാലികമായി ഉണ്ടാകുന്ന ഭീതി കൊണ്ട് റിസ്‌ക് എടുക്കുന്നതില്‍ നിന്ന് മാറി ചിന്തിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. എപ്പോഴും ഓഹരികള്‍ ചെറിയൊരു ഇടവേളയില്‍ ഇടിഞ്ഞാലും സമയം വരുമ്പോള്‍ മൂല്യം ഉയരുന്നതിലേക്ക് തന്നെതിരിച്ചെത്തുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ വിപണിയുടെ പ്രകടനം നോക്കിയാല്‍ ഇക്കാര്യം മനസിലാക്കാം. പേടി കാരണം മാറി നില്‍ക്കാതെ കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കിയ ശേഷം മാത്രം തീരുമാനങ്ങളെടുക്കുക.
നിക്ഷേപത്തിന്റെ മൂല്യം പരിഗണിക്കുക
പ്രമുഖ നിക്ഷേപകന്‍ വാറന്റ് ബഫറ്റിന്റെ വാക്കുകള്‍ കടമെടുത്താല്‍ ഒരു സ്മാര്‍ട്ടായ നിക്ഷേപകന്‍ എ്‌ന് പറഞ്ഞാല്‍ '' മറ്റുള്ളവര്‍ ആര്‍ത്തി കാണിക്കുമ്പോള്‍ പേടിക്കുകയും മറ്റുള്ളവര്‍ പേടിക്കുമ്പോള്‍ ആര്‍ത്തി കാണിക്കുകയും ചെയ്യുന്നവനാണ്''. എല്ലാവരും ഏതെങ്കിലും ഒരു ഓഹരിക്ക് പിന്നാലെ വലിയ രീതിയില്‍ പിറകെ കൂടുകയാണെങ്കില്‍ നല്ലൊരു നിക്ഷേപകന്‍ ആ ഓഹരിയില്‍ നിക്ഷേപിക്കുന്നത് നൂറ് വട്ടം ചിന്തിച്ചാകണം. വിപണിയിലെ ട്രെന്‍ഡുകള്‍ നോക്കിയല്ല നിക്ഷേപിക്കേണ്ടത്. എന്നാല്‍ മറ്റുള്ളവര്‍ മാറി നില്‍ക്കുമ്പോള്‍ ആ ഓഹരി വാങ്ങിക്കൂട്ടാനാണ് നോക്കേണ്ടത്. പക്ഷേ അടിസ്ഥാന ഘടകങ്ങളൊക്കെ പരിഗണിച്ചും പഠിച്ചും വേണം നിക്ഷേപമിറക്കാന്‍. ഇപ്പോള്‍ ഓഹരി വിപണിയില്‍ പൊതുവേ കണ്ടുവരുന്ന സ്വഭാവമാണ് വാറന്റ് ബഫറ്റ് പറഞ്ഞത്. വലിയ പ്രചരണം ലഭിക്കുന്ന ഓഹരികളെ സംശയത്തോടെ നോക്കികാണുക തന്നെ വേണം.