പിപിഎഫ് നിക്ഷേപം; 5 ദോഷങ്ങള്‍ അറിയാം
- മുന്‍കൂട്ടി ക്ലോസ് ചെയ്താല്‍ പിഴപ്പലിശ
- നിക്ഷേപത്തിന് പരിധി
- പിന്‍വലിക്കല്‍ 5 വര്‍ഷത്തിന് ശേഷം
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ദീര്‍ഘകാലത്തേക്ക് ഒരു വലിയ കോര്‍പ്പസ് ശേഖരിക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു നല്ല സമ്പാദ്യ പദ്ധതിയാണ്. എന്നാല്‍ മറ്റെല്ലാ സമ്പാദ്യങ്ങളും നിക്ഷേപ പദ്ധതികളും പോലെ, നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില ദോഷങ്ങളുമുണ്ട് പിപിഎഫിന്. ഈ ലേഖനം അത്തരം അഞ്ച് പോരായ്മകളെക്കുറിച്ചാണ് നോക്കുന്നത്.
പലിശ നിരക്ക് കുറവാണ്
പലിശ നിരക്കിന്റെ കാര്യത്തില്‍ പിപിഎഫ് നിക്ഷേപം നഷ്ടമാണ്. നിലവില്‍ പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനമാണ് പലിശ ലഭിക്കുന്നത്. എന്നാല്‍ ഈ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സാധാരണ നിക്ഷേപങ്ങള്‍ക്ക് 8.15 ശതമാനമാണ് പലിശ ലഭിക്കുക. അപ്പോള്‍ പിപിഎഫ് നിക്ഷേപിക്കുന്നവര്‍ക്ക് ഇതിലും കുറവാണ് റിട്ടേണ്‍. എന്നാല്‍ നിക്ഷേപകരില്‍ പലരും പിപിഎഫിനെ നികുതി ലാഭിക്കാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ മികച്ച പലിശയ്‌ക്കൊപ്പം നികുതി ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പിഎഫ് തുക വിപിഎഫില്‍(വോളണ്ടറി പ്രൊവിഡന്റ് ഫണ്ട്) നിക്ഷേപിച്ചാല്‍ മതി.
ലോക്ക്-ഇന്‍ പിരീഡ്
പിപിഎഫ് അക്കൗണ്ട് പതിനഞ്ച് വര്‍ഷത്തിനുള്ളിലാണ് കാലാവധി(മെച്യൂരിറ്റി) പൂര്‍ത്തിയാക്കുന്നത്. വളരെ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഈ സ്‌കീം കൂടുതല്‍ അനുയോജ്യമാണ്. എന്നാല്‍ കാത്തിരിക്കാന്‍ ഒരുപാട് സമയമില്ലാത്തവര്‍ക്ക് പറ്റിയ നിക്ഷേപ പദ്ധതിയല്ല ഇത്.
നിക്ഷേപത്തിന് പരിധിയുണ്ട്
പിപിഎഫ് നിക്ഷേപങ്ങളുടെ വലിയൊരു പരിമിതിയാണ് പരിധി. 1.5 ലക്ഷം രൂപവരെ മാത്രമേ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ. ഈ പരിധി ഇക്കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ശമ്പളമുള്ളവര്‍ക്ക് കൂടുതല്‍ നിക്ഷേപിക്കണമെന്ന് തോന്നിയാല്‍ പിപിഎഫില്‍ നടക്കില്ല. എന്നാല്‍ വിപിഎഫ് തെരഞ്ഞെടുക്കാവുന്നതാണ്. ഒരാള്‍ക്ക് 2.5 ലക്ഷം രൂപാവരെ നിക്ഷേപിക്കാന്‍ സാധിക്കും. നികുതി ബാധ്യതകളൊന്നും വരില്ല.
പിന്‍വലിക്കല്‍ നിയമങ്ങള്‍ കര്‍ക്കശം
പിപിഎഫ് നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പ് പിന്‍വലിക്കുന്നതിന് കടുത്ത നിബന്ധനകളുണ്ട്. ഉദാഹരണത്തിന് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരു തവണ മാത്രമേ നിക്ഷേപത്തില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.അതിനും നിക്ഷേപം ആരംഭിച്ച് അഞ്ച് വര്‍ഷം പിന്നിടണം. അതുകൊണ്ട് ഇടക്കാലത്ത് വെച്ച് പണം ആവശ്യം വരാന്‍ സാധ്യതയുള്ളവര്‍ പിപിഎഫ് നിക്ഷേപങ്ങളില്‍ നിക്ഷേപിക്കാതിരിക്കുക.
മുന്‍കൂട്ടി ക്ലോസ് ചെയ്യാനാകില്ല
പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത് തോന്നുമ്പോള്‍ നിര്‍ത്താന്‍ സാധിക്കില്ല. അതായത് നമുക്ക് നിക്ഷേപിക്കാന്‍ താല്‍പ്പര്യമില്ലാതിരുന്നാല്‍ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ സാധിക്കില്ല. പിപിഎഫ് നിയമങ്ങള്‍ അനുസരിച്ച് അക്കൗണ്ട് തുറന്ന് വര്‍ഷാവസാനം മുതല്‍ അഞ്ച് വര്‍ഷത്തിന് ശേഷം മാത്രമേ മുന്‍കൂട്ടി ക്ലോസ് ചെയ്യാന്‍ അനുവാദം ലഭിക്കുകയുള്ളൂ. അതും ചില നിബന്ധനകള്‍ അനുസരിച്ച് മാത്രമേ ക്ലോസിങ് നടക്കുകയുള്ളൂ.
അക്കൗണ്ട് ഉടമയുടെയോ കുട്ടികളുടെയും കുടുംബത്തിലുള്ളവരുടെയോ ജീവന്‍ അപടപ്പെടുംവിധമുള്ള രോഗം ബാധിച്ചാല്‍ മുന്‍കൂട്ടി ക്ലോസ് ചെയ്യാന്‍ ആവശ്യപ്പെടാം. ഇത് തെളിയിക്കേണ്ടി വരും. അതുപോലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി പിപിഎഫ് അക്കൗണ്ട് മുന്‍കൂട്ടി ക്ലോസ് ചെയ്യാന്‍ ആവശ്യപ്പെടാം. അതുപോലെ റസിഡന്റ്‌സ് സ്റ്റാറ്റസ് മാറ്റുന്നതിനായി വേണ്ടിയും ഇത് അപേക്ഷിക്കാം. മുന്‍കൂട്ടി ക്ലോസ് ചെയ്താല്‍ അക്കൗണ്ട് തുറന്ന തീയതി മുതല്‍ ഒരു ശതമാനം പലിശ ഈടാക്കിയിരിക്കും. അതുകൊണ്ട് ഈ പിഴപ്പലിശ ഒഴിവാക്കാന്‍ നിക്ഷേപം വെറും അഞ്ഞൂറ് രൂപാ വീതം അടച്ച് നിലനിര്‍ത്തുന്നതായിരിക്കും കൂടുതല്‍ നല്ലത്.