പോസ്റ്റ്ഓഫീസ് സേവിങ്‌സ്; വലിയ തുക നിക്ഷേപിച്ചാല്‍ പ്രശ്‌നം?
- കെവൈസി മാനദണ്ഡങ്ങള്‍ കര്‍ശനം
- വരുമാന സ്‌ത്രോസ്സ് തെളിയിക്കണം
- ഉപഭോക്താക്കള്‍ക്ക് മൂന്ന് കാറ്റഗറി
സമ്പാദ്യ പദ്ധതികളുടെ ലക്ഷ്യം എപ്പോഴും ആളുകളില്‍ സമ്പാദ്യശീലം വളര്‍ത്തിയെടുക്കാനാണ്. ചെറിയ ചെറിയ വരുമാന മിച്ചം കൂട്ടിവെച്ച് കൂട്ടിവെച്ച് ഭാവിയിലേക്ക് നല്ലൊരു തുകയായി മാറിയാല്‍ പല സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റാമെന്ന സ്വപ്‌നത്തിലാണ് ആളുകള്‍. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ സാധാരണക്കാരില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ വേണ്ടി പല പദ്ധതികളും നടത്തുന്നുണ്ട്. അതിന്റെ ഭാഗമാണ് പോസ്റ്റ്ഓഫീസ് നിക്ഷേപങ്ങളും.
ദിനംപ്രതി ചെറിയ നീക്കിയിരിപ്പുകള്‍ പോസ്റ്റ്ഓഫീസ് നിക്ഷേപങ്ങളിലേക്ക് മാറ്റിവെക്കാന്‍ സാധിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ജോലി ചെയ്ത് കിട്ടുന്ന കൂലിയില്‍ നിന്നും മാസം കിട്ടുന്ന ചെറിയ ശമ്പളത്തില്‍ നിന്നുമൊക്കെ മിച്ചം പിടിച്ച് ആളുകള്‍ നിക്ഷേപിക്കുന്നു. കുറഞ്ഞ നിക്ഷേപത്തിനും പരമാവധി നിക്ഷേപത്തിനുമൊക്കെ പരിധിയുള്ളതും പരിധിയില്ലാത്തതുമായ നിക്ഷേപങ്ങള്‍ പോസ്റ്റ്ഓഫീസ് വാഗ്്ദാനം ചെയ്യുന്നുണ്ട്. ഇതെല്ലാം പോസിറ്റീവായ ലക്ഷ്യങ്ങളോടെയാണ് നടത്തുന്നതെങ്കിലും കള്ളപ്പണം വെളുപ്പിക്കാനും ഈ നിക്ഷേപ പദ്ധതികളെ ഉപയോഗിക്കുന്നുവെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റ്ഓഫീസിന്റെ സ്‌മോള്‍ സേവിങ്‌സ് പദ്ധതികളില്‍ വലിയ തുക നിക്ഷേപിക്കണമെങ്കില്‍ പുതിയ നിബന്ധനകള്‍ പാലിക്കേണ്ടി വരുമെന്ന്് അറിയിച്ചിരിക്കുകയാണ് തപാല്‍ വകുപ്പ്.
ചെറുകിട സമ്പാദ്യപദ്ധതികളില്‍ നിക്ഷേപിക്കുന്ന ചില വിഭാഗം നിക്ഷേപകരില്‍ നിന്ന് വരുമാനത്തിന്റെ സ്‌ത്രോസ്സ് വ്യക്തമാക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നു. ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇന്ത്യയുടെയും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കാനാണ് തപാല്‍ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയ ചെറുകിട സമ്പാദ്യ പദ്ധതികളുമായി ബന്ധപ്പെട്ട ഓഫീസുകളിലാണ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
കെവൈസി/എഎംയുസിഎഫ്ടി മാര്‍ഗനിര്‍ദേശങ്ങളെന്ന പേരിലാണ് സര്‍ക്കുലര്‍. കുറ്റവാളികളായ ആളുകള്‍ മന:പൂര്‍വ്വമോ അല്ലാതെയോ പോസ്റ്റ്ഓഫീസ് സേവിങ്‌സ് ബാങ്ക് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാനോ തീവ്രവാദ ധനസഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തടയുകയോ ചെയ്യണം. ഇതിനായി നിശ്ചിത പരിധിയില്‍ കൂടുതല്‍ പണം നിക്ഷേപിക്കുന്ന അക്കൗണ്ട് ഉടമകള്‍ കെവൈസി നല്‍കിയിരിക്കണം. ഇത് യഥാര്‍ത്ഥ നിക്ഷേപകനെ കുറിച്ച് മനസിലാക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ സഹായിക്കും. അക്കൗണ്ട് ആരംഭിക്കുമ്പോഴും സേവിങ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുമ്പോഴും നിലവിലുള്ള അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുമ്പോഴും എത്ര തുകയാണോ അതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളെ തരംതിരിക്കുകയാണ് ആദ്യം ചെയ്യുന്നത്.
ലോ റിസ്‌ക്:
ഉപഭോക്താവ് പോസ്റ്റ്ഓഫീസ് സേവിങ്‌സ് അക്കൗണ്ട് തുറക്കുമ്പോഴോ സേവിങ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിന് അപേക്ഷിക്കുമ്പോഴോ നിലവിലുള്ള ഏതെങ്കിലും സേവിങ്‌സ് ഇന്‍സ്ട്രുമെന്റിന്റെ മെച്യൂരിറ്റിയോ പ്രീമെച്യൂരിറ്റി മൂല്യത്തിന്റെ തുക അര ലക്ഷത്തില്‍ കവിയരുത്. അരലക്ഷത്തില്‍ അധികം പണം ഇത്തരം നിക്ഷേപങ്ങളായി ഇല്ലാത്ത നിക്ഷേപകരെ റിസ്‌ക് കുറഞ്ഞവരായാണ് കരുതുന്നത്.
മീഡിയം റിസ്‌ക്
ഉപഭോക്താവ് പോസ്റ്റ്ഓഫീസ് സേവിങ്‌സ് അക്കൗണ്ട് തുറക്കുമ്പോഴോ സേവിങ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിന് അപേക്ഷിക്കുമ്പോഴോ നിലവിലുള്ള ഏതെങ്കിലും സേവിങ്‌സ് ഇന്‍സ്ട്രുമെന്റിന്റെ മെച്യൂരിറ്റിയോ പ്രീമെച്യൂരിറ്റി മൂല്യത്തിന്റെ തുക അരലക്ഷവും എല്ലാ അക്കൗണ്ടുകളിലെയും സേവിങ്‌സ് സര്‍ട്ടിഫിക്കറ്റുകളിലെയും ബാലന്‍സ് പത്ത് ലക്ഷം കവിയരുത്.
ഹൈ റിസ്‌ക്
സേവിങ്‌സ് അക്കൗണ്ട് തുറക്കുമ്പോഴോ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഒരാള്‍ അപേക്ഷിക്കുമ്പോഴോ നിലവിലുള്ള സേവിങ്‌സ് സ്‌കീമുകളുടെ മെച്യൂരിറ്റി ,പ്രീമെച്യൂരിറ്റി മൂല്യത്തിന് അപേക്ഷിക്കുകയോ ചെയ്യുമ്പോഴോ എല്ലാ സേവിങ്‌സ് അക്കൗണ്ടുകളിലും കൂടി പത്ത് ലക്ഷത്തില്‍ കൂടുതല്‍ ബാലന്‍സ് ഉണ്ടാകരുത്. അങ്ങിനെ ഉണ്ടായാല്‍ ആ ഉപഭോക്താവിനെ ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും.
ഇത്തരം ഉപഭോക്താക്കളുടെ വരുമാന സ്‌ത്രോസ്സ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുമെന്നാണ് കരുതുന്നത്.
അതുകൊണ്ട് പോസ്റ്റ്ഓഫീസ് സേവിങ്‌സ് നിക്ഷേപങ്ങളിലൂടെ വലിയ തുകയുടെ ഇടപാട് നടത്തുന്നവര്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കണം. പാന്‍കാര്‍ഡോ ആധാറോ നല്‍കിയിരിക്കണം. കൂടാതെ നിക്ഷേപിക്കുന്ന തുകയുടെ സ്‌ത്രോസ്സ് തെളിയിക്കണം. മൂന്ന് വര്‍ഷത്തെ ഐടിആര്‍ നല്‍കിയാല്‍ സ്‌ത്രോസ്സ് തെളിയിക്കുന്ന തെളിവായി സ്വീകരിക്കുന്നതാണ്.