ഫോണ്‍ പേയില്‍ 100 മില്യന്‍ ഡോളര്‍ നിക്ഷേപം നടത്തി ജനറല്‍ അറ്റ്‌ലാന്റിക്

  • ജിയോ, ബൈജൂസ്, അണ്‍അക്കാദമി, നോബ്രോക്കര്‍, ബില്‍ഡെസ്‌ക് തുടങ്ങിയ നിരവധി ഇന്ത്യന്‍ കമ്പനികളെ പിന്തുണയ്ക്കുന്നവരാണ് ജനറല്‍ അറ്റ്‌ലാന്റിക്
  • ഫോണ്‍ പേയ്ക്ക് 12 ബില്യന്‍ ഡോളറിന്റെ മൂല്യമാണ് കണക്കാക്കുന്നത്
  • ഇന്ത്യയില്‍ ഒരു മാസം എട്ട് ബില്യന്‍ യുപിഐ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്

Update: 2023-05-22 09:49 GMT

ഒരു ബില്യന്‍ ഡോളര്‍ ധനസമാഹരണം എന്ന ലക്ഷ്യവുമായി മുന്നേറുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് ഭീമനായ ഫോണ്‍ പേയില്‍ പ്രമുഖ ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്‌ലാന്റിക് 100 മില്യന്‍ ഡോളര്‍ നിക്ഷേപിച്ചു. ഇതോടെ ഫോണ്‍ പേയിലുള്ള ജനറല്‍ അറ്റ്‌ലാന്റിക്‌സിന്റെ മൊത്തം നിക്ഷേപം 550 ദശലക്ഷം ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ മാസം ഫോണ്‍ പേയില്‍ ജനറല്‍ അറ്റ്‌ലാന്റിക് 100 മില്യന്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു. അതിനു മുന്‍പ് ജനുവരിയില്‍ 350 മില്യന്‍ ഡോളറും നിക്ഷേപിച്ചിരുന്നു.

ജനറല്‍ അറ്റ്‌ലാന്റിക്കിന്റെ ഏറ്റവും പുതിയ നിക്ഷേപത്തോടെ ഫോണ്‍ പേയ്ക്ക് 850 ദശലക്ഷം ഡോളറിന്റെ മൂലധന നിക്ഷേപം ഇതുവരെ ആകര്‍ഷിക്കാന്‍ സാധിച്ചു. ഒരു ബില്യന്‍ ഡോളറിന്റെ ധനസമാഹരണമാണ് ഫിന്‍ടെക്കായ ഫോണ്‍ പേ ലക്ഷ്യമിടുന്നത്. വാള്‍മാര്‍ട്ടാണ് ഫോണ്‍ പേയുടെ പ്രധാന ഓഹരിയുടമ.

ജിയോ, ബൈജൂസ്, അണ്‍അക്കാദമി, നോബ്രോക്കര്‍, ബില്‍ഡെസ്‌ക് തുടങ്ങിയ നിരവധി ഇന്ത്യന്‍ കമ്പനികളെ പിന്തുണയ്ക്കുന്നവരാണ് ജനറല്‍ അറ്റ്‌ലാന്റിക്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്വിറ്റി സ്ഥാപനമാണ് ജനറല്‍ അറ്റ്‌ലാന്റിക്.

ബെംഗളുരു ആസ്ഥാനമായ ഫോണ്‍ പേയ്ക്ക് 12 ബില്യന്‍ ഡോളറിന്റെ മൂല്യമാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പാണ് ഫോണ്‍ പേ. ഗൂഗിള്‍ പേ, പേടിഎം എന്നിവയാണ് ഫോണ്‍ പേയുടെ മുഖ്യഎതിരാളികള്‍.

ഇന്ത്യയില്‍ ഒരു മാസം എട്ട് ബില്യന്‍ യുപിഐ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 80 ശതമാനം യുപി ഐ ഇടപാടുകളും നടക്കുന്നത് ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നീ പ്ലാറ്റ്‌ഫോമിലൂടെയാണ്.

മൂലധന നിക്ഷേപമായി ലഭിക്കുന്ന തുക കൊണ്ട് ഇന്‍ഷ്വറന്‍സ്, വെല്‍ത്ത് മാനേജ്‌മെന്റ് ഉള്‍പ്പെടെയുള്ള അധിക ബിസിനസുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതായി ഈ വര്‍ഷം മാര്‍ച്ചില്‍ കമ്പനി പ്രസ്താവിച്ചിരുന്നു.

Tags:    

Similar News