5 വര്‍ഷത്തിനുള്ളില്‍ 8 ലക്ഷം: എങ്ങനെ നിക്ഷേപിക്കണം?
- നിക്ഷേപകന്റെ സാമ്പത്തിക സ്ഥിതി, പ്രായം, ലക്ഷ്യങ്ങള്‍, മുന്‍കാല നിക്ഷേപ അനുഭവം എന്നിവയെ അടിസ്ഥാനമാക്കിയാവണം നിക്ഷേപം ക്രമീകരിക്കേണ്ടത്
- ദീര്‍ഘകാല നിക്ഷേപ ലക്ഷ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ആവശ്യമുള്ളപ്പോള്‍ നിക്ഷേപത്തില്‍ നിന്നും പിന്‍വലിക്കാന്‍ അനുവദിക്കുന്ന ലിക്വിഡിറ്റിയുണ്ടെന്നും ഉറപ്പാക്കാം
- നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ എന്തങ്കിലും മാറ്റം വരുത്തണമെങ്കില്‍ അത് കൃത്യമായി ചെയ്യാം
ഒരു വീട്, കുട്ടിയുടെ ഉന്നത വിദ്യാഭ്യാസം, വിദേശ യാത്ര ഇങ്ങനെ അഞ്ച് വര്‍ഷത്തിനുള്ളില്‍ നേടിയെടുക്കേണ്ട ഒരു ധനകാര്യ ലക്ഷ്യം നിങ്ങള്‍ക്കു മുന്നിലുണ്ടോ? അതിനായി പണം സ്വരൂപിക്കാന്‍ ഏത് നിക്ഷേപ തന്ത്രമാണ് നിങ്ങള്‍ പ്രയോഗിക്കുന്നത്? ആശയക്കുഴപ്പത്തിലാണെങ്കില്‍ ചില നിക്ഷേപ ഓപ്ഷനുകളെ ഒന്നു പരിചയപ്പെടാം. ഏത് നിക്ഷേപ ഓപ്ഷന്‍ തെരഞ്ഞെടുത്താലും ശ്രദ്ധിക്കേണ്ട കാര്യം അതിലെ റിസ്‌കും റിട്ടേണും ഒരുമിച്ചു പോകുന്നുണ്ടോയെന്നുള്ളതാണ്. മ്യൂച്വല്‍ ഫണ്ടുകള്‍, സ്ഥിര നിക്ഷേപം, റിയല്‍ എസ്റ്ററ്റ് എന്നിങ്ങനെ നിക്ഷേപത്തിന് വിവിധ ഓപ്ഷനുകള്‍ ലഭ്യമാണ്. മ്യൂച്വല്‍ ഫണ്ടില്‍ തന്നെ ഇക്വിറ്റി ഫണ്ടുകള്‍, ഹൈബ്രിഡ് ഫണ്ടുകള്‍ എന്നിവയുണ്ട്. ഓരോരുത്തരും അവരവരുടെ നിക്ഷേപ ലക്ഷ്യത്തിനനുയോജ്യമായ ഓപ്ഷനാകണം തെരഞ്ഞെടുക്കേണ്ടത്. ഒറ്റത്തവണ നിക്ഷേപം, തവണകളായുള്ള നിക്ഷേപം എന്നീ മാര്‍ഗങ്ങളുമുണ്ട്.
ഒറ്റത്തവണ നിക്ഷേപം സാധ്യമല്ലെങ്കില്‍
റിയല്‍ എസ്റ്റേറ്റ്, എഫ്ഡി എന്നിവയ്ക്ക് വലിയൊരു തുക നിക്ഷേപത്തിന് ആവശ്യമാണ്. മ്യൂച്വല്‍ ഫണ്ടിലാണെങ്കിലും ലംപ്‌സം (ഒറ്റത്തവണ നിക്ഷേപം) നിക്ഷേപം സാധ്യമാണ്. പക്ഷേ, വലിയൊരു തുക ഒറ്റയടിക്ക് നിക്ഷേപിക്കാന്‍ കൈവശമില്ലെങ്കിലോ? അതിനുള്ള മികച്ച മാര്‍ഗമാണ് എസ്‌ഐപി അഥവാ സിസ്റ്റമാറ്റിക് ഇന്‍വെസറ്റ്‌മെന്റ് പ്ലാന്‍. മ്യൂച്വല്‍ ഫണ്ടുകളിലെ എസ്‌ഐപി നിക്ഷേപം അച്ചടക്കമുള്ളതും പതിവായതുമായ നിക്ഷേപ രീതി വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. ഇത് കാലക്രമേണ സമ്പത്ത് വളര്‍ത്താന്‍ അനുയോജ്യവുമാണ്. നിക്ഷേപകര്‍ക്ക് അവരുടെ റിസ്‌ക്, സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി ഇക്വിറ്റി, ഡെറ്റ് അല്ലെങ്കില്‍ ഹൈബ്രിഡ് ഫണ്ടുകളില്‍ എസ്‌ഐപികള്‍ ആരംഭിക്കാം.
5 വര്‍ഷത്തിനുള്ളില്‍ 8 ലക്ഷം വേണമെങ്കില്‍
നിശ്ചിത കാലയളവിനുള്ളില്‍ നിശ്ചിത തുക സമ്പാദിക്കണം എന്ന ലക്ഷ്യത്തോടെ നിക്ഷേപം ആരംഭിച്ചാല്‍ അത് കൃത്യമായി നിക്ഷേപിക്കാനും സമ്പത്ത് വളരുന്നത് കാണാനും ഇടായാക്കും. ഉദാഹരണത്തിന്, അഞ്ച് വര്‍ഷ കാലയളവില്‍ എട്ട് ലക്ഷം രൂപ സമാഹരിക്കാനാണ് ലക്ഷ്യമെങ്കില്‍ പ്രതിവര്‍ഷം 12 ശതമാനം റിട്ടേണ്‍ നല്‍കുന്ന ഒരു ഫണ്ട് തെരഞ്ഞെടുക്കാം. എല്ലാ മാസവും 10,000 രൂപ സ്ഥിരമായി നിക്ഷേപിക്കാം. അഞ്ച് വര്‍ഷ കാലയളവിലെ മൊത്തം നിക്ഷേപം 6 ലക്ഷം രൂപയാണ്.അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുന്ന തുകയാകട്ടെ 8,24,864 രൂപ. ഇവിടെ ലക്ഷ്യമിട്ട എട്ട് ലക്ഷം രൂപയേക്കാള്‍ അധിക റിട്ടേണ്‍ ലഭിക്കും.
നിക്ഷേപത്തിനുള്ള വിവിധ ഓപ്ഷനുകള്‍ കൂടി ഒന്നു നോക്കിയാലോ?
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍:അഞ്ച് വര്‍ഷ കാലയളവില്‍ ഉയര്‍ന്ന വരുമാനം ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ വളരെ അനുയോജ്യമാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ ഒന്നിലധികം നിക്ഷേപകരില്‍ നിന്ന് പണം ശേഖരിക്കുകയും ഓഹരികളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോകളില്‍ നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. ഇക്വിറ്റി നിക്ഷേപങ്ങളെ വിപണിയിലെ റിസ്‌കും അസ്ഥിരതകളും ബാധിക്കാറുണ്ട്. പക്ഷേ, ചരിത്രപരമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നുവയാണ് ഈ ഫണ്ടുകള്‍. അഞ്ച് വര്‍ഷത്തെ ലക്ഷ്യത്തിനായി, നിക്ഷേപകര്‍ക്ക് വൈവിധ്യമാര്‍ന്ന ഇക്വിറ്റി ഫണ്ടുകള്‍ അല്ലെങ്കില്‍ വളര്‍ച്ച സാധ്യതയുള്ള മേഖലകളുമായി ബന്ധപ്പെട്ട തീമാറ്റിക് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം.
ഡെറ്റ് ഇന്‍സ്ട്രുമെന്റുകള്‍:സ്ഥിര നിക്ഷേപങ്ങള്‍ (എഫ്ഡി), ബോണ്ടുകള്‍, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ പോലുള്ള ഡെറ്റ് ഇന്‍സ്ട്രുമെന്റുകള്‍ സ്ഥിരതയാര്‍ന്ന പ്രകടനവും വരുമാന ഉറപ്പും നല്‍കുന്നവയാണ്. എഫ്ഡികളും ബോണ്ടുകളും സ്ഥിര വരുമാനം വാഗ്ദാനം ചെയ്യുന്നു, ഇത് യാഥാസ്ഥിതിക നിക്ഷേപകര്‍, റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലാത്ത നിക്ഷേപകര്‍ക്കാണ് കൂടുതല്‍ അനുയോജ്യം. മറുവശത്ത്, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ പരമ്പരാഗത സ്ഥിര വരുമാന ഉപകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന പണ ലഭ്യതയും മികച്ച വരുമാനത്തിനുള്ള സാധ്യതയും വാഗ്ദാനം ചെയ്യുന്നുവയാണ്.
ബാലന്‍സ്ഡ് / ഹൈബ്രിഡ് ഫണ്ടുകള്‍:ബാലന്‍സ്ഡ് അല്ലെങ്കില്‍ ഹൈബ്രിഡ് മ്യൂച്വല്‍ ഫണ്ടുകള്‍ ഇക്വിറ്റി, ഡെറ്റ് ഘടകങ്ങളിലായി വ്യത്യസ്ത അനുപാതങ്ങളില്‍ നിക്ഷേപം നടത്തുന്നതാണ്. ഈ ഫണ്ടുകള്‍ ഒരു സന്തുലിത റിസ്‌ക്-റിട്ടേണ്‍ പ്രൊഫൈലാകും നിക്ഷേപകന് നല്‍കുന്നത്. അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളില്‍ നിക്ഷേപം കൂടുതല്‍ ഓഹരികളിലാകും. അതേസമയം സാധാരണ ഹൈബ്രിഡ് ഫണ്ടുകള്‍ ഡെറ്റ് ഇന്‍സ്ട്രുമെന്റുകള്‍ക്കാാണ് നിക്ഷേപം കൂടുതല്‍ നീക്കിവയ്ക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍:റിയല്‍ എസ്റ്റേറ്റ് നിക്ഷേപവും അഞ്ച് വര്‍ഷ കാലയളവില്‍ മികച്ച സമ്പാദ്യം നേടിയെടുക്കാനുള്ള മികച്ച നിക്ഷേപ ഓപ്ഷനാണ്. വളര്‍ച്ചാ സാധ്യതയുള്ള ഉയര്‍ന്ന ഡിമാന്‍ഡുള്ള പ്രദേശങ്ങളിലെ റെസിഡന്‍ഷ്യല്‍ അല്ലെങ്കില്‍ കൊമേഴ്‌സ്യല്‍ വസ്തുക്കളില്‍ നിക്ഷേപം നടത്തിയാല്‍ അത് കൂടുതല്‍ നേട്ടം നല്‍കും. കാരണം ഭൂമിയായി വില്‍ക്കുന്നതിനെക്കാള്‍ മൂലധന വര്‍ധനവും വാടക വരുമാനവും ഇത് നല്‍കും. പക്ഷേ, റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് ഭൂമി വാങ്ങാന്‍ അല്ലെങ്കില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ വലിയൊരു തുക ആദ്യഘട്ടത്തില്‍ നിക്ഷേപിക്കേണ്ടി വന്നേക്കാം. മാത്രവുമല്ല കാലക്രമേണ തുടര്‍ച്ചയായ അറ്റകുറ്റപ്പണി ചെലവുകളും ആവശ്യമാണ്.
കൃത്യമായി നിരീക്ഷിക്കാം
നിക്ഷേപത്തെ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. പ്രതീക്ഷിച്ച പ്രകടനം നിക്ഷേപം നടത്തുന്നുണ്ടോ? അഞ്ച് വര്‍ഷം കഴിയുമ്പോഴുള്ള പണപ്പെരുപ്പത്തെ മറികടക്കാന്‍ ഈ നിക്ഷേപത്തിന് കഴിയുമോ? എന്നതെല്ലാം ഉറപ്പാക്കേണ്ടതുണ്ട്. നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ എന്തങ്കിലും മാറ്റം വരുത്തണമെങ്കില്‍ അത് കൃത്യമായി ചെയ്യാം.
നിക്ഷേപത്തിനു മുമ്പ് പരിഗണിക്കേണ്ട കാര്യങ്ങള്‍
നിക്ഷേപകന്റെ സാമ്പത്തിക സ്ഥിതി, പ്രായം, ലക്ഷ്യങ്ങള്‍, മുന്‍കാല നിക്ഷേപ അനുഭവം എന്നിവയെ അടിസ്ഥാനമാക്കിയാവണം നിക്ഷേപം ക്രമീകരിക്കേണ്ടത്. അതിനൊപ്പം എത്രമാത്രം റിസ്‌ക് എടുക്കാനാകും എന്നതും പരിശോധിക്കണം. ഉചിതമായ റിസ്‌ക്-റിട്ടേണ്‍ മനസിലാക്കി വേണം നിക്ഷേപങ്ങള്‍ ക്രമീകരിക്കാന്‍. അപകടസാധ്യത ലഘൂകരിക്കുന്നതിന് വിവിധ ആസ്തികളിലായി നിക്ഷേപം വ്യാപിപ്പിക്കേണ്ടത് പ്രധാനമാണ്. കാരണം പോര്‍ട്ട്‌ഫോളിയോ വൈവിധ്യമാര്‍ന്നതാണെങ്കില്‍ വിപണിയിലെ ചാഞ്ചാട്ടം സന്തുലിതമാക്കാനും ദീര്‍ഘകാല വരുമാനം വര്‍ദ്ധിപ്പിക്കാനും കഴിയും.
അതിനൊപ്പം ദീര്‍ഘകാല നിക്ഷേപ ലക്ഷ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ ആവശ്യമുള്ളപ്പോള്‍ നിക്ഷേപത്തില്‍ നിന്നും പിന്‍വലിക്കാന്‍ അനുവദിക്കുന്ന ലിക്വിഡിറ്റിയുണ്ടെന്നും ഉറപ്പാക്കാം. മറ്റൊന്ന് നികുതി ബാധ്യതയാണ്. വ്യത്യസ്ത നിക്ഷേപ മാര്‍ഗങ്ങളുടെ നികുതി ബാധ്യതകള്‍ മനസിലാക്കി വേണം നിക്ഷേപം നടത്താന്‍.
ബാധ്യത നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവര വിതരണത്തിനുമായി തയ്യാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് മൈഫിൻപോയിൻ്റിനോ ലേഖകനോ ഉത്തരവാദിത്തമുണ്ടായിരിക്കില്ല.