കുറഞ്ഞ റിസ്‌കില്‍ ഹ്രസ്വ കാലത്തേക്ക് നിക്ഷേപിക്കാന്‍ മഹിള സമ്മാന്‍ സേവിംഗ്‌സ് സ്‌കീം

  • പെണ്‍കുട്ടികള്‍ക്കോ സ്ത്രീകള്‍ക്കോ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും
  • 2 ലക്ഷം രൂപ എന്ന നിക്ഷേപ പരിധി കടക്കുന്നത് വരെ എത്ര അക്കൗണ്ട് വേണമെങ്കിലും ആരംഭിക്കാം
  • കാലാവധിയില്‍ 2,32,044 രൂപ കയ്യില്‍ ലഭിക്കും

Update: 2023-06-19 13:15 GMT

കേന്ദ്ര സര്‍ക്കാര്‍ 2023ലെ ബജറ്റില്‍ രാജ്യത്തെ സ്ത്രീകള്‍ക്കായി അവതരിപ്പിച്ച പദ്ധതിയാണ് മഹിള സമ്മാന്‍ സേവിംഗ്‌സ് സ്‌കീം. പ്രായമോ തൊഴിലോ പരിഗണിക്കാതെ എല്ലാ സ്ത്രീകള്‍ക്കും മഹിള സമ്മാന്‍ സേവിംഗ്‌സ് സ്‌കീമില്‍ നിക്ഷേപിക്കാവുന്നതാണ്. സര്‍ക്കാറിന്റെ ഗ്യാരണ്ടിയുള്ളതിനാല്‍ സുരക്ഷിത നിക്ഷേപമായി ഇതിനെ പരിഗണിക്കാം. കുറഞ്ഞ റിസ്‌കില്‍ ഹ്രസ്വ കാലത്തേക്ക് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയൊരു നിക്ഷേപമാണ് മഹിളാ സമ്മാന്‍ സേവിംഗ്‌സ് സ്‌കീം.

വ്യക്തിഗത അക്കൗണ്ട്

മഹിളാ സമ്മാന്‍ സേവിംഗ്‌സ് സ്‌കീമിന് കീഴില്‍ വ്യക്തിഗത അക്കൗണ്ടാണ് ആരംഭിക്കാന്‍ സാധിക്കുക. പെണ്‍കുട്ടികള്‍ക്കോ സ്ത്രീകള്‍ക്കോ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. പ്രായപരിധിയില്ലാതെ ഏത് സ്ത്രീകള്‍ക്കും അക്കൗണ്ട് ആരംഭിക്കാം. നിശ്ചിത ഫോമില്‍ പോസ്റ്റ് ഓഫീസില്‍ അപേക്ഷിച്ചാല്‍ അക്കൗണ്ട് ലഭിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാവിന് അക്കൗണ്ടെടുക്കാം. 2025 മാര്‍ച്ച് 31ന് മുമ്പ് അക്കൗണ്ടെടുക്കണം.

കുറഞ്ഞ നിക്ഷേപ തുക 1,000 രൂപ

മഹിള സമ്മാന്‍ സേവിംഗ്‌സ് സ്‌കീമിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. ഓരോ അക്കൗണ്ടിനും പരമാവധി 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 2 ലക്ഷം രൂപ എന്ന നിക്ഷേപ പരിധി കടക്കുന്നത് വരെ എത്ര അക്കൗണ്ട് വേണമെങ്കിലും ഒരു വ്യക്തിക്ക് ആരംഭിക്കാം. അക്കൗണ്ട് തുറക്കുന്നത് തമ്മില്‍ മൂന്ന് മാസത്തെ ഇടവേള ആവശ്യമാണ്.

പലിശ

മഹിള സമ്മാന്‍ സേവിംഗ്‌സ് സ്‌കീമിലെ പലിശ കാലാവധിയിലാണ് ലഭിക്കുക. പലിശ ത്രൈമാസത്തില്‍ കോമ്പൗണ്ട് ചെയ്യും. പലിശ കണക്കാക്കാന്‍ സിംപിള്‍ പലിശ ഫോര്‍മുലയാണ് പ്രയോഗിക്കുന്നത്. നിക്ഷേപിച്ച തുക, പലിശ നിരക്ക്, നിക്ഷേപം കൈവശംവച്ചിരിക്കുന്ന കാലയളവ് എന്നിവ ഗുണിച്ചാണ് പലിശ കണക്കാക്കുന്നത്.

2023 മുതല്‍ 2025 വരെയുള്ള 2 വര്‍ഷ കാലത്തേക്കാണ് മഹിളാ സമ്മാന്‍ സേവിംഗ്‌സ് സ്‌കീം പദ്ധതി ആരംഭിച്ചത്. 2 വര്‍ഷ കാലയളവില്‍ 7.50 ശതമാനം പലിശ ലഭിക്കും. നിക്ഷേപ കാലയളവ് മുഴുവനും പലിശ നിരക്ക് മാറ്റമില്ലാതെ തുടരും.

റിട്ടേണ്‍

മഹിള സമ്മാന്‍ സേവിംഗ്‌സ് സ്‌കീമില്‍ പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുന്ന തുക രണ്ട് ലക്ഷമാണ്. 2 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 7.50 ശതമാനം പലിശ നിരക്കില്‍ ആദ്യ പാദത്തില്‍ 3,750 രൂപ പലിശയായി ലഭിക്കും. രണ്ടാം പാദത്തില്‍ 3,820 രൂപ പലിശ നേടാം. ഇതുപ്രകാരം കാലാവധിയില്‍ 2,32,044 രൂപ കയ്യില്‍ ലഭിക്കു

ടി.ഡി.എസ് ഈടാക്കില്ല

മഹിള സമ്മാന്‍ സേവിംഗ്‌സ് സ്‌കീം നിക്ഷേപത്തിന് നികുതി ഇളവുകളൊന്നുമില്ല. നിക്ഷേപത്തിന് സെക്ഷന്‍ 80 സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കില്ല. പലിശ വരുമാനത്തിന് മുകളില്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കില്ല. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് 2023 മേയ് 16ന് പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 194 എ പ്രകാരം സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ വരുമാനം 40,000 രൂപയില്‍ കൂടുതലായാണ് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുക.

നേരത്തെ പിന്‍വലിക്കാം

മഹിള സമ്മാന്‍ സേവിംഗ്‌സ് സ്‌കീം അക്കൗണ്ട് തുറന്ന് ഒരുവര്‍ഷം പൂര്‍ത്തിയായതിന് ശേഷം നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കും. പോസ്റ്റ് ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ടിലുള്ള തുകയുടെ പരമാവധി 40 ശതമാനം വരെ പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമയ്ക്ക് അര്‍ഹതയുണ്ട്. നിക്ഷേപ കാലാവധിയില്‍ ഒരു തവണ മാത്രമെ പിന്‍വലിക്കാന്‍ അനുവദിക്കുകയുള്ളൂ.

Tags:    

Similar News