നിക്ഷേപകര്‍ക്ക് ഇരട്ടിയിലേറെ നേട്ടം നൽകി ആദ്യ സ്വര്‍ണ ബോണ്ട്

  • 2015 നവബറിലാണ് ആര്‍ബിഐ എട്ട് വര്‍ഷ കാലാവധിയില്‍ സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്.
  • നിലവില്‍ ഒരു ഗ്രാം മുതല്‍ നാല് ഗ്രാം വരെയാണ് നിക്ഷേപിക്കാവുന്ന അളവ്.

Update: 2023-11-11 07:14 GMT

ആര്‍ബിഐ ആദ്യമായി പുറത്തിറക്കിയ സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ട് ഈ മാസം 30 ന് കാലാവധി പൂര്‍ത്തിയാക്കുകയാണ്. എസ്ജിബിയുടെ മച്യൂരിറ്റി വില ഇതുവരെ ആര്‍ബിഐ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും നിക്ഷേപകരെ കാത്തിരിക്കുന്നത് മികച്ച റിട്ടേണായിരിക്കുമെന്നാണ് പ്രതീക്ഷ. കാരണം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ സ്വര്‍ണ വിലയില്‍ ഇരട്ടിയിലധികം വര്‍ധനയാണുണ്ടായിരിക്കുന്നത്.

എസ്ജിബിയുടെ ആദ്യ ഇഷ്യുവില്‍ നിക്ഷേപകന്‍ 37 ഗ്രാം സ്വര്‍ണമാണ് വാങ്ങിയതെന്ന് കരുതുക. അന്ന് ഒരു ഗ്രാമിന് 2,684 രൂപയായിരുന്നു വില. അപ്പോള്‍ 37 ഗ്രാം സ്വര്‍ണത്തിന് 99,308 രൂപയോളം വേണ്ടി വന്നിരിക്കും. റിഡംപ്ഷന്‍ സമയത്ത് ഒരു ഗ്രാം സ്വര്‍ണത്തിന് വില 6,130 രൂപയാണെങ്കില്‍ 37 ഗ്രാം സ്വര്‍ണം നിക്ഷേപിച്ചവര്‍ക്ക് 2,26,810 രൂപ ലഭിക്കും.

കൃത്യമായി പറഞ്ഞാല്‍, എസ്ജിബിയില്‍ നിന്ന് നേടിയ പലിശ കണക്കിലെടുക്കാതെ ഒരു വ്യക്തിക്ക് 128 ശതമാനം റിട്ടേണ്‍ ലഭിക്കും. സിഎജിആര്‍ (കോംപൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക്) അനുസരിച്ചാണ 10.88 ശതമാനമാണ്. 2015 ഒക്ടോബര്‍ 30 ന് റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, പ്രാരംഭ നിക്ഷേപ തുകയ്ക്ക് എസ്ജിബി പ്രതിവര്‍ഷം 2.75 ശതമാനം സ്ഥിര പലിശനിരക്ക് വാഗ്ദാനം ചെയ്തിരുന്നു. പലിശ ആറ് മാസം അടിസ്ഥാനമാക്കിയാണ് നല്‍കുന്നത്. നേരത്തെ പറഞ്ഞതുപോലെ 37 ഗ്രാം സ്വര്‍ണം നിക്ഷേപിച്ച നിക്ഷേപകന് 1365 രൂപ ആറ് മാസത്തില്‍ പലിശ ലഭിക്കും. ഒരു വ്യക്തിക്ക് 13.63 ശതമാനം വാര്‍ഷിക റിട്ടേണാണ് പ്രതീക്ഷിക്കുന്നത്. ആറ് മാസം കൂടുമ്പോള്‍ ലഭിക്കുന്ന പലിശ വീണ്ടും നിക്ഷേപിച്ചവരുടെ റിട്ടേണ്‍ വീണ്ടും ഉയരും. നിലവില്‍ എസ്ജിബിക്ക് 2.5 ശതമാനമാണ് വാര്‍ഷിക പലിശ പ്രഖ്യാപിച്ചിരിക്കുന്നത്.

2017-18 സീരീസ് 1 ലെ എസ്ജിബി സ്‌കീം കാലാവധിയ പൂര്‍ത്തിയാകുന്നതിനു മുമ്പുള്ള പിന്‍വലിക്കലിന് ആര്‍ബിഐ വില അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 6,116 രൂപയാണ് വില നിശ്ചയിച്ചത്. ഇത് 2023 ഒക്ടോബര്‍ 30-നവംബര്‍ 3 വരെയുള്ള ദിവസങ്ങളിലെ ശരാശരി ക്ലോസിംഗ് സ്വര്‍ണ്ണ വിലയെ അടിസ്ഥാനമാക്കിയുള്ള വിലയാണ്.

സ്വര്‍ണ ബോണ്ട്

2015 നവബറിലാണ് ആര്‍ബിഐ എട്ട് വര്‍ഷ കാലാവധിയില്‍ സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്. സ്വര്‍ണ ബോണ്ടുകളുടെ റിംഡംപ്ഷന്‍ വില ഇന്ത്യന്‍ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലറി അസോസിയേഷന്‍ പ്രസിദ്ധീകരിച്ച മുന്‍ ആഴ്ച്ചയിലെ (തിങ്കള്‍-വെള്ളി) 999 പരിശുദ്ധിയുള്ള സ്വര്‍ണത്തിന്റെ ശരാശരി ക്ലോസിംഗ് വില വെച്ചാണ് കണക്കാക്കുന്നത്.

ഓരോ സാമ്പത്തിക വര്‍ഷവും ആര്‍ബിഐ സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ട് ഇഷ്യു പ്രഖ്യാപിക്കും. ഓരോ തവണയും ആര്‍ബിഐ നിക്ഷേപിക്കാവുന്ന സ്വര്‍ണത്തിന്റെ കുറഞ്ഞ അളവും കൂടിയ അളവും പുതുക്കി നിശ്ചയിക്കാറുണ്ട്. നിലവില്‍ ഒരു ഗ്രാം മുതല്‍ നാല് ഗ്രാം വരെയാണ് നിക്ഷേപിക്കാവുന്ന അളവ്.എട്ട് വര്‍ഷമാണ് നിക്ഷേപ കാലാവധിയെങ്കിലും അഞ്ച് വര്‍ഷം കഴിയുമ്പോള്‍ പിന്‍വലിക്കാന്‍ സാധിക്കും. എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിനുശേഷമാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ ലഭിക്കുന്ന ആദായം പൂര്‍ണമായും നികുതി രഹിതമാണ്.

Tags:    

Similar News