H1 FY24: രണ്ട് ഘട്ടങ്ങളിലായി സോവറിൻ ഗോൾഡ് ബോണ്ടുകള്‍ പുറത്തിറക്കും
- സീരീസ് I-നുള്ള സബ്‍സ്ക്രിപ്‍ഷന്‍ ജൂണ്‍ 19ന് തുടങ്ങും
- ഓണ്‍ലൈന്‍ വഴിയെത്തുന്ന നിക്ഷേപകര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവ്
- വ്യക്തികള്‍ക്കുള്ള പരമാവധി സബ്‍സ്ക്രിപ്ഷന്‍ പരിധി 4 കിലോ
നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ രണ്ട് ഘട്ടങ്ങളിലായി സോവറിൻ ഗോൾഡ് ബോണ്ടുകള്‍ (എസ്‍ജിബി) പുറത്തിറക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.2023-24 സീരീസ് I-നുള്ള സബ്‍സ്ക്രിപ്‍ഷന്‍ കാലയളവ് ജൂൺ 19-23 ആണ്, സീരീസ് II-ന്റെ സബ്‍സ്ക്രിപ്ഷന്‍ സെപ്റ്റംബർ 11ന് ആരംഭിച്ച് 15ന് അവസാനിക്കുമെന്നും ധനമന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.
എസ്‍ജിബി-കൾ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (ചെറുകിട ധനകാര്യ ബാങ്കുകൾ, പേയ്‌മെന്റ് ബാങ്കുകൾ, റീജിയണൽ റൂറൽ ബാങ്കുകൾ ഒഴികെ), സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്സിഐഎല്‍), ക്ലിയറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (സിസിഐഎല്‍), നിയുക്ത തപാൽ ഓഫീസുകൾ, അംഗീകൃത ഓഹരി വിപണികള്‍ എന്നിവ വഴിയാണ് വില്‍ക്കുക.
സബ്‌സ്‌ക്രിപ്‌ഷൻ കാലയളവിന് മുമ്പുള്ള ആഴ്‌ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളില്‍ വ്യാപാരം അവസാനിക്കുമ്പോള്‍, 999 പരിശുദ്ധിയുള്ള സ്വർണ്ണത്തിനുള്ള വിലകളുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് എസ്‍ജിബി-യുടെ വില ഇന്ത്യൻ രൂപയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ലിമിറ്റഡ് (ഐജിബിഎ) പ്രസിദ്ധീകരിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് സ്വര്‍ണവില കണക്കിലെടുക്കുക.
എസ്‍ജിബിക്കായി ഓൺലൈനിൽ അപേക്ഷിക്കുകയും ഡിജിറ്റല്‍ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക് ഗ്രാമിന് 50 രൂപ കിഴിവ് നൽകാനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമായുള്ള കൂടിയാലോചനകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. സബ്‌സ്‌ക്രിപ്‌ഷന്റെ പരമാവധി പരിധി വ്യക്തികൾക്ക് 4 കിലോയാണ്. ഒരൊറ്റ എന്‍റിറ്റി എന്ന നിലയില്‍ ഹിന്ദു അവിഭക്ത കുടുംബത്തിനും (എച്ച്‍യുഎഫ്) 4 കിലോയാണ് പരിധി. ട്രസ്റ്റുകളുടെയും സമാന സ്ഥാപനങ്ങളുടെയും പരമാവധി സബ്‍സ്ക്രിപ്ഷന്‍ പരിധി 20 കിലോയാണ്.
യഥാര്‍ത്ഥ സ്വര്‍ണം വാങ്ങുന്നതിന് സമാനമായ കെവൈസി മാനദണ്ഡങ്ങൾ നിക്ഷേപകര്‍ പാലിക്കേണ്ടതായി വരും. ഈ ബോണ്ടുകൾ വായ്പകള്‍ക്ക് ഈടായി ഉപയോഗിക്കാവുന്നതാണ്. 2015 നവംബറിലാണ് സര്‍ക്കാര്‍ സോവറിൻ ഗോൾഡ് ബോണ്ട് സ്കീം ആരംഭിച്ചത്. ഫിസിക്കൽ സ്വർണ്ണത്തിനുള്ള ആവശ്യകത കുറയ്ക്കുകയും, സ്വർണ്ണം വാങ്ങാനായി ഉപയോഗിക്കുന്ന ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗത്തെ സാമ്പത്തിക സമ്പാദ്യത്തിലേക്ക് മാറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബോണ്ടുകള്‍ പുറത്തിറക്കുന്നത്.