എടിഎമ്മില്‍ നിന്ന് സ്വര്‍ണവും കിട്ടും, ആദ്യ റിയല്‍ടൈം ഗോള്‍ഡ് എടിഎം ഹൈദരാബാദില്‍

  • കുറഞ്ഞ വിലയിലാണ് സ്വര്‍ണം ലഭ്യമാകുക.
  • അതാത് ദിവസത്തെ സ്വര്‍ണവില അറിയാനും സൗകര്യമുണ്ട്.

Update: 2022-12-06 05:18 GMT

ഹൈദരാബാദ്: കാര്‍ഡിട്ടാല്‍ സ്വര്‍ണം തരുന്ന എടിഎമ്മുകള്‍ അധികം വൈകാതെ തന്നെ രാജ്യത്തെ മുക്കിലും മൂലയിലും സ്ഥാനം പിടിച്ചേക്കും. ഇതിന് മുന്നോടിയെന്ന തരത്തില്‍ ഹൈദാരാബാദിലെ ബേഗം പേട്ടില്‍ ഇന്ത്യയിലെ ആദ്യത്തെ ഗോള്‍ഡ് എടിഎം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ഓപ്പണ്‍ ക്യൂബ്‌സ് ടെക്‌നോളജീസുമായി ചേര്‍ന്ന് ഗോള്‍ഡ്‌സിക്ക എന്ന സ്വകാര്യ കമ്പനിയാണ് എടിഎമ്മില്‍ നിന്നും പണം എടുക്കുന്നത് പോലെ സ്വര്‍ണവും എടുക്കാന്‍ സാധിക്കുന്ന സൗകര്യം ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ റിയല്‍ടൈം ഗോള്‍ഡ് എടിഎം ആണിതെന്നും കമ്പനി അവകാശപ്പെടുന്നു.

ഉപഭോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സ്വര്‍ണം പിന്‍വലിക്കാമെന്നും ജ്വല്ലറിയില്‍ പോകാതെ തന്നെ സ്വര്‍ണം വാങ്ങാനുള്ള അവസരമാണ് ഇത് വഴി ഒരുങ്ങുന്നതെന്നും ഗോള്‍ഡ്‌സിക്ക അധികൃതര്‍ വ്യക്തമാക്കി. വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം ലഭ്യമാകുമെന്നും സ്വര്‍ണനാണയങ്ങളായാകും ലഭിക്കുക എന്നും അധികൃതര്‍ വ്യക്തമാക്കി.

0.5 ഗ്രാം, 1 ഗ്രാം, 2 ഗ്രാം, 5 ഗ്രാം, 10 ഗ്രാം, 20 ഗ്രാം, 50 ഗ്രാം, 100 ഗ്രാം എന്നിങ്ങനെയുള്ള ഓപ്ഷനുകളില്‍ സ്വര്‍ണനാണയം ലഭിക്കും. ഇവ 24 കാരറ്റ് സ്വര്‍ണമാണെന്നും 999 സംശുദ്ധി ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്. വളരെ സുരക്ഷിതമായ പാക്കറ്റില്‍ കവര്‍ ചെയ്താണ് സ്വര്‍ണം ലഭിക്കുക. ഈ എടിഎം വഴി അതാത് ദിവസത്തെ സ്വര്‍ണവില അറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഹൈദരാബാദില്‍ കരിംനഗറിലും എയര്‍പോര്‍ട്ടിലും വാറങ്കലിലുമായി മൂന്ന് എ.ടി.എമ്മുകള്‍ കൂടി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി.

Tags:    

Similar News