നിങ്ങളുടെ കുട്ടിക്ക് പിപിഎഫ് അക്കൗണ്ട് തുറക്കുന്നോ? എങ്കില്‍ ഇതൊന്നു നോക്കൂ

  • പബ്ലിക് പ്രോവിഡ് ഫണ്ട് ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപ ഓപ്ഷനാണ്
  • റിസ്‌ക് ഫ്രീ നിക്ഷേപങ്ങള്‍ക്കൊപ്പമാണ് പിപിഎഫിന്റെ സ്ഥാനം
  • സര്‍ക്കാര്‍ പിന്തുണയോടെയുള്ള പദ്ധതിയായതിനാല്‍ റിട്ടേണ്‍ ഉറപ്പാണ്‌

Update: 2024-03-20 06:10 GMT

പബ്ലിക് പ്രോവിഡന്റ് ഫണ്ട് പദ്ധതി നിക്ഷേപത്തിനുമേല്‍ റിസ്‌ക് എടുക്കാനാഗ്രഹിക്കാത്തവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണ്. പദ്ധതിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു വേണ്ടി മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാം. ആ അക്കൗണ്ടിലേക്ക് മാതാപിതാക്കള്‍ക്ക് രണ്ട് പേര്‍ക്കും നിക്ഷേപം നടത്താമോ എന്നുള്ളത് പലര്‍ക്കും സംശയമാണ്.

ഒരു അക്കൗണ്ട്

ഒരു കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ടെ തുറക്കാന്‍ സാധിക്കൂവെന്ന് 2019 ലെ പിപിഎഫ് സ്‌കീം സംബന്ധിച്ച നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാതാപിതാക്കളില്‍ ഒരാള്‍ക്കോ അല്ലെങ്കില്‍ രണ്ടുപേര്‍ക്കോ നിക്ഷേപം നടത്താമെന്നും ഇത് പറയുന്നു.

എത്ര തുക നിക്ഷേപിക്കാം

മാതാപിതാക്കള്‍ക്കും പിപിഎഫ് അക്കൗണ്ടുണ്ട്, മക്കളുടെ പേരിലും പിപിഎഫ് അക്കൗണ്ടുണ്ടെങ്കില്‍ രണ്ട് അക്കൗണ്ടുകളിലുമായി നിക്ഷേപം നടത്താം. പക്ഷേ, രണ്ട് അക്കൗണ്ടുകളിലുമായുള്ള നിക്ഷേപം 1.5 ലക്ഷം രൂപയില്‍ കവിയരുത്. രണ്ടു പേരും മക്കളുടെ അക്കൗണ്ടിലേക്ക് നിക്ഷേപം നടത്തുന്നുണ്ടെങ്കില്‍ ആ നിക്ഷേപവും 1.5 ലക്ഷം രൂപയില്‍ കൂടരുത്.

പലിശ നിരക്ക്

മാതാപിതാക്കള്‍ക്ക് അവര്‍ മക്കളുടെ പിപിഎഫ് അക്കൗണ്ടിലേക്ക് നല്‍കുന്ന നിക്ഷേപത്തെ മക്കള്‍ക്കു നല്‍കുന്ന സമ്മാനമായി പരിഗണിക്കാം. മാതാപിതാക്കളാണ് മക്കളുടെ അക്കൗണ്ടിലേക്ക് നിക്ഷേപം നടത്തുന്നതെങ്കിലും നിക്ഷേപത്തിന് ലഭിക്കുന്ന പലിശ മക്കളുടെ അക്കൗണ്ടിലെ ക്രെഡിറ്റാകൂ. നിലവില്‍ പിപിഎഫ് അക്കൗണ്ടിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. കേന്ദ്ര സര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് മൂന്ന് മാസം കൂടുമ്പോള്‍ പുതുക്കുമ്പോള്‍ പിപിഎഫ് പലിശ നിരക്കിലും മാറ്റം വരാം.

നിക്ഷേപ കാലാവധി

പിപിഎഫ് അക്കൗണ്ടിലെ നിക്ഷേപ കാലാവധി 15 വര്‍ഷമാണ്. വേണമെങ്കില്‍ ഇത് അഞ്ച് വര്‍ഷത്തേക്കു കൂടി നീട്ടിയെടുക്കാം. ഇന്ത്യയില്‍ സ്ഥിരതാമസക്കാരായവര്‍ക്കാണ് പദ്ധതിയില്‍ അംഗമാകാനുള്ള അവസരം.

എവിടെ അക്കൗണ്ട് തുറക്കും

പോസ്‌റ്റോഫീസ്, ബാങ്കുകള്‍ തുടങ്ങിയിടത്ത് പിപിഎഫ് അക്കൗണ്ട് തുറക്കാം. അക്കൗണ്ടില്‍ ഒറ്റത്തവണയായോ തവണകളായോ നിക്ഷേപം നടത്താം. കുറഞ്ഞ നിക്ഷേപം 500 രൂപയാണ്.

Tags:    

Similar News