തിരുവനന്തപുരത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നാളെ മുതല്‍
- വര്‍ക്കലയില്‍ തുറന്നുകൊടുക്കുന്നത് സംസ്ഥാനത്തെ എഴാം ഫ്ലോട്ടിംഗ് ബ്രിഡ്‍ജ്
- ഫ്ലോട്ടിംഗ് ബ്രിഡ്‍ജ് പ്രവര്‍ത്തിക്കുന്നത് സുരക്ഷ പൂര്‍ണമായും ഉറപ്പാക്കി
- സന്ദര്‍ശന സമയം രാവിലെ 11 മുതല്‍
തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നാളെ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. വര്‍ക്കല ബീച്ചില്‍ നാളെ നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ 9 തീരദേശ ജില്ലകളിലും ഫ്ലോട്ടിംഗ് ബ്രിഡ്‍ജുകള്‍ സജ്ജമാക്കാനുള്ള ടൂറിസം വകുപ്പിന്‍റെ പദ്ധതിയുടെ ഭാഗമായാണ് വര്‍ക്കലയിലും ഫ്ലോട്ടിംഗ് ബ്രിഡ്‍ജ് എത്തുന്നത്. പകൽ 11 മണി മുതൽ വൈകിട്ട് ആറു വരെയാണ് സന്ദർശന സമയം.
7 ജില്ലകളിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജുകള്‍ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ പുതുവര്‍ഷത്തിന്‍റെ തുടക്കത്തില്‍ തന്നെ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ടൂറിസം മേഖലയില്‍ നവീനവും വൈവിധ്യവുമായ നിരവധി ഉദ്യമങ്ങള്‍ നടപ്പാക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്‍ജും, ഫ്ലോട്ടിംഗ് ബ്രിഡ്ജുകളുമെല്ലാം ഇതിന്‍റെ ഭാഗമായാണ് അവതരിപ്പിക്കപ്പെട്ടത്.
കടലിലേക്ക് നേരിട്ടിറങ്ങാന്‍ മടിയുള്ളവരെയും കടലിനു മുകളിലൂടെ അല്‍പ്പദൂരം സാഹസിക യാത്ര ആഗ്രഹിക്കുന്നവരെയുമാണ് ഫ്ലോട്ടിംഗ് ബ്രിഡ്‍ജുകളിലൂടെ ലക്ഷ്യമിടുന്നത്. തിരകളുടെ ഗതിക്കൊപ്പം നീങ്ങുന്ന തരത്തില്‍ പരസ്പരം ബന്ധിതമായ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് ഇവ തയാറാക്കുന്നത്. 100 മീറ്ററോളം ദൂരം കടലലകളുടെ താളമറിഞ്ഞ് കടലിനു മുകളിലൂടെ നടക്കാനാകും.
കോഴിക്കോട് ബേപ്പൂര്‍, കണ്ണൂര്‍ മുഴപ്പിലങ്ങാട്, കാസര്‍കോട് ബേക്കല്‍, മലപ്പുറം താനൂർ തൂവല്‍ തീരം, തൃശൂർ ചാവക്കാട്, എറണാകുളം കുഴുപ്പിള്ളി എന്നീ ബീച്ചുകളിലാണ് നിലവില്‍ ഫ്ലോട്ടിംഗ് ബ്രിഡ്‍ജുകള്‍ പ്രവര്‍ത്തിക്കുന്നത്.
പൂര്‍ണമായ സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കി, കൃത്യമായ മേല്‍നോട്ടത്തിന്‍റെ അടിസ്ഥാനത്തിലാണ് ഫ്ലോട്ടിംഗ് ബ്രിഡ്‍ജുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ഫ്ലോട്ടിംഗ് ബ്രിഡ്‍ജുകളുടെ നടത്തിപ്പ്.
ഇരുവശങ്ങളിലും സുരക്ഷാ വലയങ്ങളോടു കൂടിയാണ് ഇത്തരം പാലങ്ങള്‍ നിർമ്മിക്കുന്നത്. സഞ്ചാരികള്‍ ലൈഫ് ജാക്കറ്റ് ധരിച്ചാണ് പാലത്തിലേക്ക് കയറേണ്ടത്. അപകടകമായ ഏതൊരു സാഹചര്യത്തെയും നേരിടാനായി പരിശീലനം ലഭിച്ച ലൈഫ് ഗാർഡുമാരുടെ സേവനം എല്ലായിടത്തും ഉറപ്പാക്കിയിട്ടുണ്ട്. ചെറിയ കുട്ടികള്‍, ഭിന്നശേഷിക്കാര്‍, അവശതയുള്ള വയോധികര്‍, ലഹരി ഉപയോഗിച്ചവര്‍, ഗർഭിണികൾ, ഹൃദയസംബന്ധമായ അസുഖമുള്ളവർ എന്നിവരെ ഫ്ലോട്ടിംഗ് ബ്രിഡ്‍ജില്‍ കയറുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. 120 രൂപയാണ് പ്രവേശന ഫീസ് ഈടാക്കുന്നത്.