ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് 16 ന്
- കേരളത്തിലെ നിക്ഷേപ സാധ്യതകള്‍' എന്ന വിഷയത്തില്‍ പ്രൊജക്ട് അവതരണവും 'ടൂറിസം നിക്ഷേപം; മുന്നോട്ടുള്ള വഴികള്‍' എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച നടക്കും.
സംസ്ഥാനത്തെ ആദ്യ ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് നവംബര്‍ 16 ന് തിരുവനന്തപുരത്ത് നടക്കും. എല്ലാ സീസണിലും സന്ദര്‍ശിക്കാനാകുന്ന സ്ഥലമായി കേരളത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുന്നതിനോടൊപ്പം ഇവിടുത്തെ പ്രശസ്ത ടൂറിസം കേന്ദ്രങ്ങള്‍, നവീന ടൂറിസം ഉത്പന്നങ്ങള്‍ എന്നിവ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടൂറിസം ഇന്‍വസ്റ്റേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, കെ.രാജന്‍, ചീഫ് സെക്രട്ടറി ഡോ. വി.വേണു, ടൂറിസം സെക്രട്ടറി കെ.ബിജു, പ്ലാനിംഗ് ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് കുളങ്ങര, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം 'കേരളത്തിലെ നിക്ഷേപ സാധ്യതകള്‍' എന്ന വിഷയത്തില്‍ പ്രൊജക്ട് അവതരണവും 'ടൂറിസം നിക്ഷേപം; മുന്നോട്ടുള്ള വഴികള്‍' എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും നടക്കും. രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള ടൂറിസം വ്യവസായത്തിലെ നിക്ഷേപകരാണ് മീറ്റില്‍ പങ്കെടുക്കുന്നത്. കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കുന്ന മേഖലകള്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ക്ക് പുറമെ സെമിനാറുകള്‍, പരിശീലന കളരികള്‍, നിക്ഷേപസാധ്യത അവതരണം, വട്ടമേശ ചര്‍ച്ചകള്‍ എന്നിവയുമുണ്ടാകും.