ഹാട്രിക് നേട്ടവുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍

  • ലോക്കല്‍ സോഴ്‌സിംഗ്-ക്രാഫ്റ്റ് ആന്‍ഡ് ഫുഡ് വിഭാഗത്തിലാണ് കേരളം പുരസ്‌കാരം നേടിയത്.

Update: 2023-11-03 16:05 GMT


ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ പുരസ്‌കാരം കേരള ടൂറിസത്തിന്. പ്രാദേശിക കരകൗശല -ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വിപണനം ഉറപ്പാക്കിയതും വനിതകളുടെ ചെറുകിട-ഇടത്തരം സംരംഭങ്ങളെ വിനോദസഞ്ചാര മേഖലയുമായി ബന്ധിപ്പിച്ചതും പരിഗണിച്ചാണ് പുരസ്‌കാരം. ഈ വര്‍ഷം സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന മൂന്നാമത്തെ പുരസ്‌കാര നേട്ടമാണിത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഈ പുരസ്‌കാരത്തിന് കേരളം അര്‍ഹമാകുന്നത്.

ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്‌പോണ്‍സിബിള്‍ ടൂറിസം പാര്‍ട്ണര്‍ഷിപ്പും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസവും(ഐസിആര്‍ടി) സംയുക്തമായായാണ് പുരസ്‌കാരം നല്‍കുന്നത്. ലോക്കല്‍ സോഴ്‌സിംഗ്-ക്രാഫ്റ്റ് ആന്‍ഡ് ഫുഡ് വിഭാഗത്തിലാണ് കേരളം പുരസ്‌കാരം നേടിയത്.

കേരളത്തിന്റെ തനതു വിഭവങ്ങള്‍ സഞ്ചാരികളെ പരിചയപ്പെടുത്തുന്നതിനും രുചികരവും വൃത്തിയുള്ളതുമായ ഭക്ഷണം സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉറപ്പു വരുത്തുന്നതിനുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആരംഭിച്ച പദ്ധതിയാണ് എക്്സ്പീരിയന്‍സ് എത്‌നിക്ക് ക്യുസീന്‍ പ്രോജക്റ്റ്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് കേരള ടൂറിസത്തിന് ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് ലഭിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത് ഗ്രാമത്തില്‍ നടപ്പിലാക്കിയ വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയ്ക്കും പുരസ്‌കാരം ലഭിച്ചിരുന്നു.

ഉത്തരവാദിത്ത ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള ആഗോള അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി പി എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിന്റെ തനതുല്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്ന കേരളീയം ആഘോഷപൂര്‍വം നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ പുരസ്‌കാരം നേടാനായത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് ടൂറിസം മേഖലയില്‍ വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പരിശീലനം, മാര്‍ക്കറ്റിംഗ്, മറ്റ് പിന്തുണാ സംവിധാനങ്ങള്‍ തുടങ്ങിയവ ഉറപ്പുനല്‍കുന്നതിനാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ 25,000 കുടുംബങ്ങള്‍ക്ക് ആര്‍ടി മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രയോജനം ലഭിക്കുന്നുണ്ട്.

Tags:    

Similar News