'പാറ്റ' ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്

  • സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള സംസ്ഥാനത്തിന്റെ നൂതനമായ സംരംഭങ്ങള്‍ക്കാണ് അംഗീകാരം.
  • 'മേക്കപ് ഫോര്‍ ലോസ്റ്റ് ടൈം, പാക്ക് അപ് ഫോര്‍ കേരള' എന്ന കാംപെയിന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Update: 2023-10-05 14:10 GMT

തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയിലെ മാര്‍ക്കറ്റിംഗ് കാംപെയിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേന്‍ (പിഎടിഎ-പാറ്റ) ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന് സമ്മാനിച്ചു. സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള സംസ്ഥാനത്തിന്റെ നൂതനമായ സംരംഭങ്ങള്‍ക്കാണ് അംഗീകാരം. മാര്‍ക്കറ്റിംഗ് കാംപെയിന്‍ (സ്റ്റേറ്റ് ആന്‍ഡ് സിറ്റി-ഗ്ലോബല്‍) വിഭാഗത്തിലാണ് പുരസ്‌കാരം.

ഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഇന്റര്‍നാഷണല്‍ എക്സിബിഷന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ഐഇസിസി) നടന്ന പാറ്റ ട്രാവല്‍ മാര്‍ട്ട് 2023ല്‍ കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) എസ് പ്രേം കൃഷ്ണന് പാറ്റ ചെയര്‍മാന്‍ പീറ്റര്‍ സെമോണ്‍ അവാര്‍ഡ് സമ്മാനിച്ചു.

1984 ലാണ് പാറ്റ സ്ഥാപിതമായത്. ഏഷ്യ-പസഫിക് മേഖലയിലെ വിനോദ സഞ്ചാര വ്യവസായ മേഖലയിലെ മികച്ച സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് പാറ്റ ഗ്രാന്‍ഡ് ആന്‍ഡ് ഗോള്‍ഡ് അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്.

കോവിഡിനു ശേഷം വിനോദ സഞ്ചാര മേഖലയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനായി 'മേക്കപ് ഫോര്‍ ലോസ്റ്റ് ടൈം, പാക്ക് അപ് ഫോര്‍ കേരള' എന്ന കാംപെയിന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അച്ചടി മാധ്യമങ്ങള്‍, റേഡിയോ, ഒഒഎച്ച്, ദൃശ്യ മാധ്യമങ്ങള്‍, ഡിജിറ്റല്‍ മാധ്യമങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍ എന്നിങ്ങനെ വിവിധ മാധ്യമങ്ങളിലൂടെയായിരുന്നു പ്രചരണം.

കോവിഡിനു ശേഷം സഞ്ചാരികളെ ആകര്‍ഷിക്കാനായി നിരന്തര ശ്രമങ്ങള്‍ നടത്തിയ കേരളത്തിന് അഭിമാനകരമായ നേട്ടമാണിതെന്ന് കേരള ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു.

Tags:    

Similar News