പ്രാദേശിക ടൂറിസം; കോടമ്പിള്ളി ചിറ നിര്‍മാണം പുരോഗമിക്കുന്നു

  • 50 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്

Update: 2023-11-09 06:45 GMT

ടൂറിസം സാധ്യതകള്‍ വിപുലപ്പെടുത്തി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത്  കൊമ്പനാട് സ്ഥിതിചെയ്യുന്ന കോടമ്പിള്ളി ചിറയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കും. ഇതിന് 50 ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പും വേങ്ങൂര്‍ ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ഇവിടെ ടൂറിസം പദ്ധതി ഒരുക്കുന്നത്.  കുട്ടികളുടെ പാര്‍ക്ക്, ബോട്ടിംഗ്, കോഫി ഷോപ്പ്, ശുചിമുറികള്‍ തുടങ്ങിയവയാണ് കോടംമ്പിള്ളി ചിറ ടൂറിസം പദ്ധതിയുടെ ഭാഗമായി ക്രമീകരിക്കുന്നത്.

പ്രദേശത്തെ പ്രധാന ടൂറിസം കേന്ദ്രമാണ് പാണിയേലി പോര്. നിരവധി സഞ്ചാരികളാണ് ഇവിടെ വന്നുപോകുന്നത്.  ഈ വിനോദസഞ്ചാരികളെ  കോടമ്പിള്ളി ചിറയിലേക്ക്  കൂടി ആകര്‍ഷിക്കും വിധമാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇതുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കഴിഞ്ഞദിവസം ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രേം ഭാസിന്റെയും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശില്‍പ സുധീഷിന്റെയും നേതൃത്വത്തില്‍ നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തുകയുണ്ടായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ചാക്കപ്പന്‍, പഞ്ചായത്ത് അംഗം റ്റി.ബിജു, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News