കേരളത്തിന്‍റെ പാലങ്ങള്‍ ഇനി തിളങ്ങുന്ന ഹൈടെക്; ഉദ്ഘാടനം ഇന്ന് ഫറോക്കില്‍
- ഫറോക്ക് പഴയപാലം ദീപാലംകൃതമാക്കിയത് പിഡബ്ല്യൂഡി
- ഉദ്ഘാടനം വൈകിട്ട് 7 മണിക്ക്
- രാത്രിയായാല്‍ വിവിധ വര്‍ണങ്ങളില്‍ പാലം തിളങ്ങും
സംസ്ഥാനത്തെ ചരിത്രപ്രാധാന്യമുള്ള പാലങ്ങളെ ദീപാലംകൃതമാക്കാനും ഹൈടെക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള സംസ്ഥാന സർക്കാരിന്‍റെ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി ഹൈടെക് സൗകര്യങ്ങളോടെ ദീപാലംകൃതമാക്കിയ ഫറോക്ക് പാലത്തിലാണ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നടത്തുന്നത്. പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഇരുവകുപ്പുകളുടെയും ചുമതല വഹിക്കുന്ന മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്യുന്നത്.
പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗമാണ് പാലത്തില്‍ വൈദ്യുത ദീപാലങ്കാരം ഒരുക്കിയത്. വീഡിയോ വാള്‍, കഫെറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, ഗാര്‍ഡന്‍ മ്യൂസിക്, കുട്ടികളുടെ പാര്‍ക്ക്, സൗജന്യ വൈഫൈ, വി ആര്‍ ഹെഡ്‌സെറ്റ് മൊഡ്യൂള്‍, ടോയ് ലെറ്റ് ബ്ലോക്ക് , നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്‌നല്‍ തുടങ്ങിയ സംവിധാനങ്ങളും സെല്‍ഫി പോയിന്‍റും ഫറോക്ക് പാലം നവീകരണത്തിന്‍റെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്.
1.65 കോടി രൂപയാണ് പാലത്തെ ദീപാലംകൃതമാക്കാന്‍ ചെലവിട്ടത്. വൈകിട്ട് 7 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി പാലത്തിന് സമീപമുള്ള മിനി സ്‍റ്റേജില്‍ സംഗീത പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.
രാത്രിയായാല്‍ വിവിധ വര്‍ണങ്ങളില്‍ തിളങ്ങുന്ന തരത്തില്‍ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട പാലങ്ങളെ മാറ്റിയെടുക്കാനാണ് പദ്ധതി. സംസ്ഥാനത്തെ ടൂറിസം വികസനത്തില്‍ ഇതും മുതല്‍ക്കൂട്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.