വിദേശികൾക്ക് ഇന്ത്യയോട് പ്രീയമേറുന്നു; ഈ വർഷം വന്നത് 72 ലക്ഷം സഞ്ചാരികൾ

  • ടൂറിസം വ്യവസായം പുത്തന്‍ പ്രതീക്ഷകളില്‍
  • വിദേശസന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
  • കോവിഡിനുമുമ്പുള്ള നിലയിലേക്ക് രാജ്യം ക്രമേണ എത്തുന്നു

Update: 2023-12-19 08:48 GMT

ഇന്ത്യ വിദേശ വിനോദ സഞ്ചാരികള്‍ക്ക് വീണ്ടും പ്രിയ ഇടമായി മാറുന്നതായി കണക്കുകള്‍. കോവിഡിനുശേഷം ഇടിഞ്ഞ വിനോദ സഞ്ചാര വ്യവസായം വീണ്ടും ഉഷാറാകുകയാണ്. ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 7.24 ദശലക്ഷം സഞ്ചാരികളാണ് രാജ്യത്തെത്തിയത്.

2022 ലെ ഇതേ കാലയളവില്‍ ഇത് 6.44 ദശലക്ഷം മാത്രമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 55.6% വര്‍ധനവാണ് ഇതെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം അറിയിച്ചു.

എന്നാല്‍ വിദേശ ടൂറിസ്റ്റുകളുടെ വരവ് ഇപ്പോഴും കോവിഡിനുമുന്‍പുള്ള നിലയിലേക്ക് എത്തിയിട്ടില്ല. 2018ലും 2019ലും രാജ്യം സന്ദര്‍ശിച്ചത് യഥാക്രമം 10.56 ദശലക്ഷവും 10.93 ദശലക്ഷവും വിനോദ സഞ്ചാരികളായിരുന്നു.

ഇത് 2020-ല്‍ 2.74 ദശലക്ഷമായും 2021-ല്‍ 1.52 ദശലക്ഷമായും കുറയുകയായിരുന്നു. കോവിഡും ലോക്ക്ഡൗണുമാണ് ടൂറിസം രംഗത്ത് തിരിച്ചടിയായത്.

കുത്തനെയുള്ള വർദ്ധനവ് 

ക്രമേണ കോവിഡ് തരംഗം അവസാനിച്ചതോടെ 2022ല്‍ വിദേശികളുടെ വരവില്‍ കുത്തനെ വര്‍ധനവുണ്ടായി. 2022ല്‍ 6.44 ദശലക്ഷം വിദേശ വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തിയതായി കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷന്‍ റെഡ്ഡി ലോക്‌സഭയില്‍ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.

രാജ്യത്തുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി സ്വദേശ് ദര്‍ശന്‍ 2 പദ്ധതിക്ക് കീഴില്‍ 5,294.11 കോടി രൂപയും പ്രശാദ് പദ്ധതി പ്രകാരം 1,629.17 കോടി രൂപയും അനുവദിച്ചതായി റെഡ്ഡി പറഞ്ഞു.

വിവിധ സ്ഥലങ്ങളിലെ ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ഏജന്‍സികള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന ടൂറിസം മന്ത്രാലയത്തിന്റെ പ്രധാന പദ്ധതിയാണ് സ്വദേശ് ദര്‍ശന്‍ 2.

മതപരമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലുടനീളമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിലും തിരിച്ചറിയുന്നതിലും പ്രസാദ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സമ്പൂര്‍ണ്ണ മതപരമായ ടൂറിസം അനുഭവം പ്രദാനം ചെയ്യുന്നതിനായി തീര്‍ഥാടന കേന്ദ്രങ്ങളെ മുന്‍ഗണനാക്രമത്തിലും ആസൂത്രിതമായും സുസ്ഥിരമായും സംയോജിപ്പിക്കാന്‍ ഇത് ലക്ഷ്യമിടുന്നു. ആഭ്യന്തര ടൂറിസത്തിന്റെ വളര്‍ച്ച തീര്‍ത്ഥാടന ടൂറിസത്തെ ആശ്രയിച്ചിരിക്കുന്നു.

Tags:    

Similar News