ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന് നാളെ തുടക്കം

  • ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനം.
  • സെപ്റ്റംബര്‍ 30 ന് എക്‌സ്‌പോയില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രവേശിക്കാം.

Update: 2023-09-26 05:45 GMT

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവല്‍ എക്‌സ്‌പോ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ (ജിടിഎം-2023) ആദ്യ പതിപ്പിന് നാളെ തുടക്കം. വൈകിട്ട് അഞ്ചിന് കോവളം റാവിസ് ലീലയില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.  വൈകിട്ട് 6.30ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ജിടിഎമ്മിന്റെ സെമിനാര്‍ സെഷന്‍ ഉദ്ഘാടനം ചെയ്യും. 'പ്രകൃതിയും സംസ്‌കാരവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക' എന്ന പ്രമേയത്തിലാണ് വിവിധ സെമിനാര്‍ സെഷനുകള്‍.

സെപ്റ്റംബര്‍ 28 ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കുന്ന ട്രാവല്‍ ട്രേഡ് എക്‌സിബിഷന്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ 30 ന് എക്‌സ്‌പോയില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രവേശിക്കാം.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം സംഘടനകള്‍, എയര്‍ലൈനുകള്‍, ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ടെക് ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ട്രാവല്‍-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തര്‍ദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനവും ഉണ്ടായിരിക്കും. ആയുര്‍വേദം, യോഗ-വെല്‍നസ്, റിസോര്‍ട്ടുകള്‍, റിട്രീറ്റുകള്‍, ആശുപത്രികള്‍, വെഡ്ഡിംഗ് ടൂറിസം, കോര്‍പ്പറേറ്റ് കോണ്‍ക്ലേവുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ് വില്ലകള്‍ തുടങ്ങിയ പവലിയനുകളും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. ജിടിഎമ്മില്‍ പങ്കെടുക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ജഡായുപ്പാറ, അഷ്ടമുടിക്കായല്‍, വര്‍ക്കല, പൂവാര്‍, കോവളം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനായി 30 ന് പ്രത്യേക ടൂര്‍ സംഘടിപ്പിക്കും. തിരുവനന്തപുരം നഗരം കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ആയിരത്തിലധികം ട്രേഡ് വിസിറ്റേഴ്‌സും 600-ലധികം ആഭ്യന്തര, അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും 100-ലധികം കോര്‍പ്പറേറ്റ് ബയേഴ്‌സും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പങ്കാളികള്‍ക്ക് പുതിയ ടൂറിസം ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും മേഖലയിലെ പ്രമുഖരുമായുള്ള ആശയവിനിമയത്തിനും ബ്രാന്‍ഡ് അവബോധം വര്‍ധിപ്പിക്കുന്നതിനും ജിടിഎം വഴിയൊരുക്കുമെന്നും ജിടിഎം സിഇഒ സിജി നായര്‍ പറഞ്ഞു.

സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം (എസ്‌കെഎച്ച്എഫ്), ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ടിസിസിഐ), തവാസ് വെഞ്ചേഴ്‌സ്, മെട്രോ മീഡിയ എന്നിവ ചേര്‍ന്നാണ് ജിടിഎം 2023 സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gtmt.in. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Tags:    

Similar News