ആഗോള വിനോദ സഞ്ചാരം കോവിഡിനു മുമ്പുള്ള നിലയിലേക്ക്
- വിനോദസഞ്ചാരത്തിന്റെ വീണ്ടെടുപ്പ് നടത്തിയത് പശ്ചിമേഷ്യ
- യൂറോപ്പില്‍ കോഡിനുമുമ്പുള്ള സ്ഥിതിയിലേക്ക് എത്താന്‍ ആറുശതമാനം വളര്‍ച്ച കൂടിമാത്രം
- ഏഷ്യയിലെ വളര്‍ച്ച ബാക്കിപ്രദേശങ്ങളെ അപേക്ഷിച്ച് പിന്നില്‍
ആഗോള വിനോദ സഞ്ചാരം ഈ വര്‍ഷം കോവിഡിനു മുമ്പുള്ള നിലയിലെത്തുമെന്ന് യുഎന്‍ ടൂറിസം ഏജന്‍സി. ലോകത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പ്രദേശമാണ് യൂറോപ്പ്. ഇവിടെ വിനോദസഞ്ചാരം 2019ലെ കണക്കുകളുടെ 94 ശതമാനത്തിലെത്തിയിട്ടുണ്ട്.
ഏഷ്യയിലും ടൂറിസം രംഗത്ത് വന്‍ കുതിപ്പുണ്ടാകുമെന്ന് ഏജന്‍സി പറയുന്നു. ഈവര്‍ഷം വിനോദസഞ്ചാരം പാന്‍ഡെമിക്കിന് മുമ്പുള്ള നിലവാരത്തേക്കാള്‍ കൂടുതലെത്തും. യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
പ്രാരംഭ കണക്കുകള്‍ 2019 ലെ നിലവാരത്തേക്കാള്‍ 2.0 ശതമാനം വളര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് ഏജന്‍സി പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ കാണിക്കുന്നത് 1.3 ബില്യണ്‍ വിനോദസഞ്ചാരികള്‍ വിദേശയാത്ര നടത്തി എന്നാണ്. ഇത് 2022 ലെ കണക്കുകളെ അപേക്ഷിച്ച് 44 ശതമാനം കൂടുതലാണ്.
ആഫ്രിക്കയിലേക്കുള്ള സന്ദര്‍ശകര്‍ കോവിഡിനുമുമ്പുള്ള സ്ഥിതിയുടെ 96 ശതമാനമാണ്. ലോകത്തെവിടെയും ടൂറിസം ശക്തമായ തിരിച്ചുവരവാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഏഷ്യയില്‍ ശക്തമായ വീണ്ടെടുക്കല്‍ ഉണ്ടാകുന്നുവെങ്കിലും 2019നെ അപേക്ഷിച്ച് 88ശതമാനം യാത്രകളാണ് ഈ മേഖലയിലുണ്ടായത്. ഏറ്റവും വലിയ ഉയര്‍ച്ച പശ്ചിമേഷ്യയിലാണ്. പാന്‍ഡെമിക്കിന് മുമ്പുള്ള നിലകളെ മറികടക്കുന്ന ഏകപ്രദേശം ഇതാണ്.
നവംബര്‍ അവസാനം വരെ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, നെതര്‍ലാന്‍ഡ്സ്, സ്‌പെയിന്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ രഹിത യാത്ര ബെയ്ജിംഗ് വാഗ്ദാനം ചെയ്തതോടെ ചൈനീസ് ടൂറിസം ഈ വര്‍ഷം കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും ഏഷ്യയിലെ വീണ്ടെടുക്കലിന്റെ വേഗത നിലവിലുള്ള സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ അപകടസാധ്യതകളുടെ പരിണാമത്തിനും വിധേയമായി തുടരുന്നതായി ഏജന്‍സി പറഞ്ഞു.