അയോധ്യയിലേക്ക് കുത്തൊഴുക്ക്; വീര്‍പ്പുമുട്ടി ഹോട്ടല്‍ വിപണി
- അടിസ്ഥാനസൗകര്യങ്ങള്‍ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു
- നിലവില്‍ ബ്രാന്‍ഡ് ചെയ്യാത്ത ഹോട്ടലുകളുടെ ആധിപത്യമാണ് വിപണിയില്‍
- ഈവര്‍ഷം അയോധ്യയിലെ ടൂറിസത്തിന് 10ശതമാനം വര്‍ധനവുണ്ടാകും
അയോധ്യയിലേക്കുള്ള സഞ്ചാരികളുടെ കുത്തൊഴുക്കിനെത്തുടര്‍ന്ന് നഗരത്തിലെ ഹോട്ടല്‍ ശൃംഖലകള്‍ ചര്‍ച്ചാവിഷയമാകുന്നു. അയോധ്യയിലെ ഹോട്ടല്‍ വിപണിയില്‍ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഇന്‍ഫ്രാസ്ട്രക്ചര്‍ വളര്‍ച്ച ഇനിയും കൈവരിക്കാനായിട്ടില്ല.
ഇപ്പോഴും വളര്‍ന്നുവരുന്ന ഹോട്ടല്‍ വിപണിയാണ് അയോധ്യയിലേത്. നിലവില്‍ ബ്രാന്‍ഡ് ചെയ്യാത്ത ഹോട്ടലുകള്‍ വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നു. മൂന്ന് ബ്രാന്‍ഡഡ് ഹോട്ടലുകള്‍ മാത്രമാണ് അടുത്തിടെ തുറന്നത്. ആഭ്യന്തര, അന്തര്‍ദേശീയ സഞ്ചാരികളെ ആകര്‍ഷിക്കുന്ന അയോധ്യയില്‍ നിലവിലെ ഹോട്ടലുകള്‍ പരിമിതമാണ്. നഗരത്തില്‍ 200-ലധികം ഗുണമേന്മയുള്ള താമസ സൗകര്യങ്ങളാണ് ലഭ്യമായിട്ടുള്ളത്. പക്ഷേ ഇത് അപര്യാപ്തമാണെന്ന് വിലയിരുത്തപ്പെടുന്നതായി ഹോസ്പിറ്റാലിറ്റി കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ എച്ച്വിഎസ് അനറോക്കിന്റെ ദക്ഷിണേഷ്യ പ്രസിഡന്റ് മന്‍ദീപ് സിംഗ് ലാംബ പറഞ്ഞു.
പുതിയ അയോധ്യ വിമാനത്താവളം അതിന്റെ പ്രാരംഭ ഘട്ടത്തില്‍ പ്രതിവര്‍ഷം 10 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സജ്ജമാണെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ഈ എണ്ണം പ്രതിവര്‍ഷം 60 ലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കണക്കുകള്‍ നഗരത്തിലെ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ സാധ്യത ഉയര്‍ത്തിക്കാട്ടുന്നതാണ്. അഞ്ഞൂറ് വീടുകളിലായി രണ്ടായിരത്തി അഞ്ഞൂറ് മുറികള്‍ ഹോംസ്‌റ്റേകളായി മാറിയിട്ടുമുണ്ട്.
നഗരത്തിലെ ഹോട്ടല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം അതിവേഗ പുരോഗതിയിലാണ്. പുതിയ ഹോട്ടലുകളും അതിനായുള്ള സ്ഥലം ഏറ്റെടുപ്പുകളും അതിവേഗം വര്‍ധിക്കുന്നു. എന്നാല്‍ ലോകമെമ്പാടുമുള്ള കൂടുതല്‍ ആളുകള്‍ക്ക് ആതിഥ്യമരുളാന്‍ സമയമെടുക്കും. നഗരം ഇപ്പോഴും ഒരു ചെറിയ പട്ടണത്തില്‍ നിന്ന് വലിയ നിലയിലേക്ക് ഉയരുകയാണ്.
ഓയോയുടെ റിതേഷ് അഗര്‍വാള്‍ ഈ വര്‍ഷം അയോധ്യയുടെ ടൂറിസത്തില്‍ 10 മടങ്ങ് വളര്‍ച്ച പ്രതീക്ഷിക്കുന്നു. 'പട്ടണം രൂപാന്തരപ്പെട്ടു, പുതിയ വിമാനത്താവളമുണ്ട്, റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ മികച്ചതാണ്. ലഖ്നൗവില്‍ നിന്ന് രണ്ട് മണിക്കൂര്‍ യാത്ര ചെയ്താല്‍ അയോധ്യ ധാം റെയില്‍വേ സ്റ്റേഷനുണ്ട്, നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചുകൊണ്ടിരിക്കുന്നു. ആഗോള ആത്മീയ വിനോദസഞ്ചാരങ്ങളിലൊന്നായി അയോധ്യ മാറും. അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ എല്ലാ പ്രമുഖ ഹോട്ടല്‍ ശൃംഖലകള്‍ക്കും നഗരത്തില്‍ പ്രോപ്പര്‍ട്ടി ഉണ്ടായിരിക്കും,' അഗര്‍വാള്‍ പറഞ്ഞു. ആഭ്യന്തര വിനോദസഞ്ചാരത്തിന്റെ വലിയൊരു ശതമാനവും തീര്‍ത്ഥാടനങ്ങളും മതപരവും ആത്മീയവുമായി തുടരുന്നു.