കറക്കം കേരളത്തിലേക്ക്; ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1.06 കോടിയെത്തി

  • പ്രതിമാസ സഞ്ചാരികളുടെ എണ്ണം പരിശോധിച്ചാല്‍ ഡിസംബര്‍ മാസമാണ് കൂടുതല്‍ സഞ്ചാരികള്‍ കേരളത്തിലെത്തുന്നത്.

Update: 2023-09-12 06:00 GMT

കേരളത്തിലേക്കു  ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഒഴുക്ക്. കഴിഞ്ഞ ആറ് മാസം കൊണ്ട് കേരളം സന്ദര്‍ശിച്ചത് 1.06  കോടി  ആഭ്യന്തര സഞ്ചാരികള്‍. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസത്തെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മുന്‍ വര്‍ഷത്തെ സമാനകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനമത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ലെ ആദ്യ പകുതിയില്‍ 88.95 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിന്റെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയത്.

1.88 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം കേരളത്തിലെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടം 2023 ലെ ആറ് മാസം കൊണ്ട് കേരളം നേടിയിരിക്കുകയാണ്. 2021 ലെ ആഭ്യന്തര സഞ്ചാരികളേക്കാള്‍ 150.31 ശതമാനം വര്‍ധനവ് 2022 ല്‍ ഉണ്ടായതായാണ് കേരളം ടൂറിസം  ഡിപ്പാർട്മെന്റിന്റെ  കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കൊവിഡ് 19 ന് മുന്‍പുള്ളതിനേക്കാള്‍ മികച്ച പ്രകടനമാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ആഭ്യന്തര വിനോദ സഞ്ചാര മേഖല കാഴ്ച്ച വയ്ക്കുന്നത്.

വിദേശ വിനോദ സഞ്ചാരികള്‍

2022 ല്‍ 3.45 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. 2023 ന്റെ ആദ്യ പകുതിയില്‍ മൂന്ന് ലക്ഷത്തിനടുത്ത് വിദേശികള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. 2021 നേക്കാള്‍ 471.28 ശതമാനം വര്‍ധനയാണ് 2022 ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കോവിഡിനെ തുടർന്ന്  2020, 2021 കാലയളവില്‍ വിദേശ സഞ്ചാരികളുടെ എണ്ണം യഥാക്രമം 71.36 ശതമാനവും  82.25 ശതമാനവും  കുറവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഈ സ്ഥാനത്തു നിന്നാണ് 2022 ല്‍ ഗണ്യമായ കുതിച്ചു ചാട്ടം ഉണ്ടായിരിക്കുന്നത്.

കൊച്ചി കാഴ്ചകള്‍ തേടി

ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസം ആഭ്യന്തര, വിദേശ സഞ്ചാരികള്‍ കൂടുതലെത്തിയത് എറണാകുളം ജില്ലയിലേക്കാണ്. 22 ലക്ഷം പേരാണ് ആറ് മാസം കൊണ്ട് കൊച്ചിയിലെത്തിയത്. 18.01 ലക്ഷം പേരുമായി ഇടുക്കിയാണ് രണ്ടാം സ്ഥാനത്ത്.

2022 ല്‍ 40 ലക്ഷം ആഭ്യന്തര സഞ്ചാരികള്‍ കൊച്ചിയിലെത്തിയപ്പോള്‍ വിദേശ സഞ്ചാരികള്‍ 1.86 ലക്ഷം പേരെത്തി. ഇടുക്കിയില്‍ 26 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ് 2022 ല്‍ എത്തിയത്.

വരുമാനം 35,168. 42 കോടി

പോയവര്‍ഷം  വരുമാനം 35,168.42 കോടി രൂപയാണ് ടൂറിസം മേഖലയുടെ വരുമാനം. 2021 ല്‍ ഇത് 12285 .91 കോടി രൂപായായിരുന്നു. 2022 ലെ നേരിട്ടുള്ള വിദേശ വിനിമയ വരുമാനം 2792.42 കോടി രൂപയാണ്്. ആഭ്യന്തര വിനോദ സഞ്ചാരി വിഭാഗത്തില്‍ 24588.96 കോടി രൂപയാണ് 2022 ലെ വരുമാനം.

Tags:    

Similar News