ബെസ്റ്റ് വില്ലേജ് ഗോള്‍ഡ് അവാര്‍ഡ് കാന്തല്ലൂരിന്

  • സ്ട്രീറ്റ് ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കിയ പ്രദേശമാണ് ഇവിടം
  • മത്സരത്തിന് എത്തിയത് 767 വില്ലേജുകള്‍
  • ഗോള്‍ഡ് അവാര്‍ഡ് അഞ്ച് ഗ്രാമങ്ങള്‍ക്ക്

Update: 2023-09-27 11:10 GMT

കേന്ദ്ര സര്‍ക്കാരിന്റെ 'ബെസ്റ്റ് ടൂറിസം വില്ലേജ്' ഗോള്‍ഡ് അവാര്‍ഡ് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ടൂറിസം സെക്രട്ടറി വി. വിദ്യാവതി ഐഎഎസില്‍ നിന്ന് കേരള ടൂറിസം ഡയറക്ടര്‍ പി ബി. നൂഹ് ഏറ്റുവാങ്ങുന്നു. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹന്‍ദാസ്, സംസ്ഥാന റൂറല്‍ ടൂറിസം നോഡല്‍ ഓഫീസറും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്ററുമായ കെ. രൂപേഷ് കുമാര്‍ എന്നിവര്‍ സമീപം.

ലോക ടൂറിസം ദിനത്തില്‍ സംസ്ഥാനത്തിന് അഭിമാനാര്‍ഹമായ നേട്ടം. ഇടുക്കി ജില്ലയിലെ കാന്തല്ലൂരിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം. രാജ്യത്തെ ബെസ്റ്റ് വില്ലേജ് ഗോള്‍ഡ് അവാര്‍ഡാണ് ഇടുക്കിയിലേക്കെത്തിയത്. ടൂറിസത്തിലൂടെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മേഖലകളില്‍ നടത്തിയ സുസ്ഥിരവും വികേന്ദ്രീകൃതാസൂത്രണ പ്രവര്‍ത്തനങ്ങളും അവാര്‍ഡ് നേട്ടത്തിന് കാരണമായി. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് ടൂറിസം പദ്ധതി വിജയകരമായി നടപ്പാക്കിയ പ്രദേശം കൂടിയാണ് കാന്തല്ലൂര്‍. ന്യൂഡെല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ വച്ച് കേന്ദ്ര ടൂറിസം സെക്രട്ടറി വിദ്യാവതി ഐ എ എസില്‍ നിന്നും കേരള ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് ഐ എ എസ് , സംസ്ഥാന റൂറല്‍ ടൂറിസം നോഡല്‍ ഓഫീസറും ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷന്‍ കോ ഓര്‍ഡിനേറ്ററുമായ കെ. രൂപേഷ് കുമാര്‍ , കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹന്‍ദാസ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

കഴിഞ്ഞ എട്ട് മാസമായി നടന്ന വിവിധ തലങ്ങളിലെ പരിശോധനകള്‍ക്ക് ഒടുവിലാണ് പുരസ്‌കാരം ലഭിച്ചത്. രാജ്യത്തെ 767 വില്ലേജുകള്‍ മത്സരിച്ചതില്‍ നിന്നും അഞ്ച് ഗ്രാമങ്ങള്‍ക്ക് ഗോള്‍ഡും 10 ഗ്രാമങ്ങള്‍ക്ക് സില്‍വറും 20 ഗ്രാമങ്ങള്‍ക്ക് ബ്രോണ്‍സും ലഭിച്ചു. ഇടുക്കി ജില്ലയിലെ കാന്തല്ലൂരില്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പെപ്പര്‍ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. അത് വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കാന്തല്ലൂരിനെ സ്ട്രീറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. പദ്ധതിയുടെ ഭാഗമായി സ്‌പെഷല്‍ ടൂറിസം ഗ്രാമസഭകള്‍, ടൂറിസം റിസോര്‍സ് മാപ്പിംഗ്, ടൂറിസം ഡയറക്ടറി തയ്യാറാക്കല്‍, വിവിധ പ രിശീലനങ്ങള്‍, ചെറുകിട ഇടത്തരം സംരഭങ്ങള്‍ രൂപീകരണം രജിസ്‌ട്രേഷന്‍ എന്നിവ വിജയകരമായി നടപ്പാക്കി.

ഉത്തരവാദിത്ത ടൂറിസം പ്രോട്ടോക്കോള്‍ അനുസരിച്ച് ടൂറിസം സംരഭങ്ങള്‍ക്കും ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് പഞ്ചായത്ത് തല രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തി. ഗ്രാമീണ ടൂറിസം, കാര്‍ഷിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ രൂപരേഖ തയ്യാറാക്കി പാക്കേജുകള്‍ നടപ്പാക്കി. ടൂര്‍ പാക്കേജുകള്‍ക്ക് ഏകീകൃത നിരക്ക് പ്രഖ്യാപിച്ചു. കൃത്യമായ ഇടവേളകളില്‍ സംരഭക ശില്‍പ്പശാലകളും വിലയിരുത്തല്‍ യോഗങ്ങളും നടന്നു. ഉത്തരവാദിത്ത ടൂറിസം മിഷനും യു എന്‍ വിമനും സംയുക്തമായി നടപ്പാക്കുന്ന സ്ത്രീ സൗഹാര്‍ദ്ദ വിനോദ സഞ്ചാര പദ്ധതി പഞ്ചായത്ത് തലത്തില്‍ നടപ്പാക്കിയ ആദ്യ പഞ്ചായത്തുകളില്‍ ഒന്നുമാണ് കാന്തല്ലൂര്‍.

കേരളത്തിന്റെ സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ടൂറിസം സംരംഭങ്ങള്‍ക്കുള്ള വലിയ അംഗീകാരമാണ് ഈ ബഹുമതിയെന്ന് കേരള ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ലോക ടൂറിസം ദിനത്തില്‍ കേരളത്തിന് ഈ ദേശീയ ബഹുമതി സമ്മാനിക്കുന്നത് കൂടുതല്‍ ഹൃദ്യമാണെന്നും മന്ത്രി പറഞ്ഞു.

സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ വിനോദസഞ്ചാര വികസനത്തില്‍ കേരളം ആഗോള മുന്‍നിരയാണെന്നും ഈ ആദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ വിനോദസഞ്ചാരത്തെ എത്രത്തോളം പ്രോത്സാഹിപ്പിക്കണമെന്നതിന്റെ ഉത്തമോദാഹരണമാണ് കാന്തല്ലൂരെന്നും ടൂറിസം സെക്രട്ടറി െ്രക ബിജു പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കുകയും സംസ്‌കാരത്തെ വിലമതിക്കുകയും നേട്ടങ്ങള്‍ കൈവരുത്തുകയും ചെയ്യുന്ന ടൂറിസം വികസനത്തിന്റെ ആഗോളതലത്തില്‍ പ്രശംസനീയമായ മാതൃക സൃഷ്ടിച്ച കേരളത്തിന്റെ ആര്‍ടി സംരംഭത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര, ദേശീയ പുരസ്‌കാരങ്ങളില്‍ ഏറ്റവും പുതിയതാണ് ഇതെന്ന് ആദരം ഏറ്റുവാങ്ങിയ ശേഷം പി ബി നൂഹ് അനുസ്മരിച്ചു.

Tags:    

Similar News