ലോക ടൂറിസത്തിന്റെ അമരത്തേക്ക് അയോധ്യ; 5 കോടി സഞ്ചാരികൾ എത്തും
- മെഡിക്കല്‍ ടൂറിസം മേഖലയിലും ഇന്ത്യ മുന്നേറും
- അയോധ്യയിലെ ക്ഷേത്രം ഇന്ത്യയുടെ വിനോദസഞ്ചാര സാധ്യതകള്‍ തുറക്കാന്‍ സഹായിക്കുമെന്ന് ഫോബ്‌സ് മാസിക
- ഹോട്ടല്‍ മേഖലയിലെ അതികായര്‍ അയോധ്യയില്‍ ഇതിനോടകം കരാറുകള്‍ തയ്യാറാക്കി കഴിഞ്ഞു
അയോധ്യ പുരാണവും രാജ്യത്തിന്റെ രാഷ്ട്രീയ പ്രാധാന്യവും കടന്ന് ഇപ്പോള്‍ ടൂറിസം ഭൂപടത്തില്‍ കൂടി സ്ഥാനം നേടിക്കഴിഞ്ഞു. രാമക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠയോടെ പ്രതിവര്‍ഷം 50 ദശലക്ഷം വിനോദ സഞ്ചാരകളെ ആകര്‍ഷിക്കുമെന്നാണ് കണക്കാക്കുന്നത്. സുവര്‍ണ്ണ ക്ഷേത്രം, തിരുപ്പതി ക്ഷേത്രം, എന്നീ ആത്മീയ ടൂറിസം കേന്ദ്രങ്ങളേക്കാള്‍ അയോധ്യ മുന്നിലെത്തിക്കും. വിമാനത്താവളങ്ങള്‍ പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വന്‍തോതില്‍ ചെലവഴിക്കുന്നത് ഉത്തര്‍പ്രദേശിന്റെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും.
ഒരു പുതിയ വിമാനത്താവളം, നവീകരിച്ച റെയില്‍വേ സ്റ്റേഷന്‍, ടൗണ്‍ഷിപ്പ്, മെച്ചപ്പെട്ട റോഡുകള്‍, നവീകരിച്ചതും പുതിയതായി നിര്‍മ്മിച്ച ഹോട്ടലുകളും മറ്റുമായി ഏതാണ്ട് 10 ബില്യണ്‍ ഡോളറിന്റെ (85,000 കോടി രൂപ) സാമ്പത്തിക പ്രവര്‍ത്തനങ്ങളാണ് അയോധ്യയില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് വരുമാനത്തില്‍ ഗണ്യമായ മുന്നേറ്റം ഉറപ്പാക്കും. സഞ്ചാരികളുടെ ഒഴുക്കാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസ് ചൂണ്ടിക്കാട്ടുന്നത്.
സിക്കുകാരുടെ ആരാധനാ കേന്ദ്രമായ അമൃതസറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ പ്രതിവര്‍ഷം 30-35 ദശലക്ഷം പേര്‍ സന്ദര്‍ശനത്തിനെത്തുന്നുണ്ട്. തിരുപ്പതി ക്ഷേത്രത്തില്‍ 25 മുതല്‍ 30 ദശലക്ഷം പേരെത്തുന്നു.
അന്താരാഷ്ട്ര തലത്തിലെ കണക്കുകള്‍ പരിശോധിച്ചാലും അയോധ്യക്ക് തന്നെയാണ് മുന്‍തൂക്കം. ക്രിസ്തൃന്‍ പൗരോഹ്യത്തിന്റെ ആസ്ഥാനമായ വത്തിക്കാനില്‍ പ്രതിവര്‍ഷം 9 ദശലക്ഷം വിനോദ സഞ്ചാരികള്‍ എത്തുന്നു. സൗദി അറേബ്യയിലെ മക്കയില്‍ 20 ദശലക്ഷം പേരാണ് സ്പിരിച്വല്‍ ടൂറിസത്തിന്റെ ഭാഗമായി എത്തുന്നത്.
ജെഫറീസ് പറയുന്നതനുസരിച്ച്, 'ഇന്ത്യയിലെ വിനോദസഞ്ചാരത്തിന്റെ ഏറ്റവും വലിയ വിഭാഗമാണ് മതപരമായ ടൂറിസം. നിലവിലെ അടിസ്ഥാന സൗകര്യങ്ങളുടെ തടസ്സങ്ങള്‍ക്കിടയിലും നിരവധി പ്രശസ്തമായ മതകേന്ദ്രങ്ങള്‍ 10-30 ദശലക്ഷം വാര്‍ഷിക വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. അതിനാല്‍, മെച്ചപ്പെട്ട കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളുമുള്ള ആയോധ്യ പുതിയ മത ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ന്നു വരുന്നത് സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കും.
2019 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്ത ഉത്പാദനത്തിലേക്ക് (ജിഡിപി) 194 ബല്യണ്‍ ഡോളറാണ് ടൂറിസം സംഭാവന നല്‍കത്. കൊവിഡിന് മുന്‍പുള്ള സാമ്പത്തിക വര്‍ഷമായിരുന്നു ഇത്. എന്നാല്‍ 2033 ല്‍ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് എട്ട് ശതമാനം വളര്‍ന്ന് 443 ബില്യണ്‍ ഡോളര്‍ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'ടൂറിസം അയോധ്യയിലേക്കുള്ള സാമ്പത്തികവും മതപരവുമായ കുടിയേറ്റം വര്‍ധിപ്പിക്കുമെന്നും ഹോട്ടലുകള്‍, എയര്‍ലൈനുകള്‍, ഹോസ്പിറ്റാലിറ്റി, എഫ്എംസിജി, യാത്രാ അനുബന്ധങ്ങള്‍, സിമന്റ് മുതലായവ ഉള്‍പ്പെടെ ഒന്നിലധികം മേഖലകള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു,'' ബ്രോക്കറേജ് പറഞ്ഞു.
അയോധ്യയിലെ പുതിയ വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ഒരു ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണിത്. 2025-ഓടെ ആറ് ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള കൂടുതല്‍ ആഭ്യന്തര ടെര്‍മിനലുകളും അന്താരാഷ്ട്ര ടെര്‍മിനലും പ്രതീക്ഷിക്കുന്നുണ്ട്.
ഒപ്പം പ്രതിദിനം 60,000 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ശേഷി ഇരട്ടിയാക്കി റെയില്‍വേ സ്റ്റേഷന്‍ നവീകരിച്ചു. 1,200 ഏക്കര്‍ ഗ്രീന്‍ഫീല്‍ഡ് ടൗണ്‍ഷിപ്പ് ആസൂത്രണം ചെയ്യുകയും റോഡ് കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്തു വരികയാണ്.