ഏഷ്യൻ മൗണ്ടെയ്ൻ ബൈക്ക് സൈക്ലിംഗ് 26 മുതല്‍ പൊന്‍മുടിയില്‍
- ആദ്യമായാണ് ഇന്ത്യ ഈ ചാംപ്യന്‍ഷിപ്പിന് വേദിയൊരുക്കുന്നത്
- ഇന്ത്യന്‍ ടീം ഒരു മാസത്തോളമായി പൊന്‍മുടിയില്‍ പരിശീലനത്തില്‍
ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ 26 മുതൽ പൊന്‍മുടിയില്‍. 30 രാജ്യങ്ങളിൽ നിന്നായി 300 മത്സരാർത്ഥികള്‍ പങ്കെടുക്കുന്ന ചാംപ്യന്‍ഷിപ്പ് 29ന് സമാപിക്കും. ആദ്യമായാണ് ഇന്ത്യ ഈ ചാംപ്യന്‍ഷിപ്പിന് വേദിയൊരുക്കുന്നത്. പൊന്‍മുടിയിലെ മെര്‍ക്കിന്‍സ്‍റ്റണ്‍ എസ്‍റ്റേറ്റിലാണ് പ്രധാനമായും മത്സരങ്ങള്‍ നടക്കുന്നത്. 25-ന് ഹോട്ടല്‍ ഹൈസിന്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും.
മൂന്നുമാസം മുന്‍പാണ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിനായി പൊന്മുടിയില്‍ ട്രാക്ക് ഒരുക്കി തുടങ്ങിയത്. കുത്തനേയുള്ള മലകളില്‍ തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലൂടെയാണ് ട്രാക്കി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പരിശീലകന്‍ ചന്ദ്രന്‍ ചെട്ട്യാര്‍, ഇന്ത്യന്‍ പരിശീലകന്‍ കിഷോര്‍ എന്നിവരാണ് ട്രാക്ക് തയാറാക്കുന്നതിന് നേതൃത്വം നല്‍കിയത്. നാലുകിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ട്രാക്ക് വൃത്താകൃതിയിലാണ്.
30 പേരടങ്ങുന്ന ഇന്ത്യന്‍ ടീം ഒരു മാസത്തോളമായി ചാംപ്യന്‍ഷിപ്പിനായി പൊന്‍മുടിയില്‍ പരിശീലനം നടത്തുന്നുണ്ട്. കിരണ്‍, പൂനം എന്നിവരാണ് ഇന്ത്യന്‍ സംഘത്തെ പരിശീലിപ്പിക്കുന്നത്. നിലവില്‍ ഏഷ്യന്‍ റാങ്കിംഗില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ.