3 ഫ്ലോട്ടിംഗ് ബ്രിഡ്ജുകള്‍ കൂടി ഉടനെത്തും; കേരളത്തില്‍ ഇപ്പോഴുള്ളത് 6 എണ്ണം
- ആറാമത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് എറണാകുളം കുഴുപ്പളിയില് പ്രവര്‍ത്തനം തുടങ്ങി
- സുരക്ഷാ പൂര്ണ്മായും ഉറപ്പാക്കിയാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കേരളത്തിലെ 3 ജില്ലകളില്‍ കൂടി ഫ്ലോട്ടിംഗ് ബ്രിഡ്ജുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. സംസ്ഥാനത്തെ 9 തീരദേശ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ബീച്ചുകളില്‍ ഫ്ലോട്ടിംഗ് ബ്രിഡ്ജുകള്‍ ആരംഭിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 6 ജില്ലകളിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഈ വര്‍ഷം തന്നെ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ടൂറിസം മേഖലയില്‍ നവീനവും വൈവിധ്യവുമായ നിരവധി ഉദ്യമങ്ങള്‍ നടപ്പാക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്. വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജും, ഫ്ലോട്ടിംഗ് ബ്രിഡ്ജുകളുമെല്ലാം ഇതിന്റെ ഭാഗമായാണ് അവതരിപ്പിക്കപ്പെട്ടത്. കടലിലേക്ക് നേരിട്ടിറങ്ങാന്‍ മടിയുള്ളവരെയും കടലിനു മുകളിലൂടെ അല്‍പ്പദൂരം സാഹസിക യാത്ര ആഗ്രഹിക്കുന്നവരെയുമാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജുകളിലൂടെ ലക്ഷ്യമിടുന്നത്. തിരകളുടെ ഗതിക്കൊപ്പം നീങ്ങുന്ന തരത്തില്‍ പരസ്പരം ബന്ധിതമായ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് ഇവ തയാറാക്കുന്നത്. 100 മീറ്ററോളം ദൂരം കടലലകളുടെ താളമറിഞ്ഞ് കടലിനു മുകളിലൂടെ നടക്കാനാകും.
കോഴിക്കോട് ബേപ്പൂര്‍, കണ്ണൂര്‍ മുഴപ്പിലങ്ങാട്, കാസര്‍കോട് ബേക്കല്‍, മലപ്പുറം താനൂർ തൂവല്‍ തീരം, തൃശൂർ ചാവക്കാട് എന്നിവിടങ്ങൾക്കു ശേഷം ഈ മാസം ആദ്യം എറണാകുളത്ത് കുഴുപ്പിള്ളി ബീച്ചലും ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചിരുന്നു. തിരുവനന്തപുരം ആഴിമല ബീച്ചിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിക്കുക.
സുരക്ഷ പൂര്‍ണമായും ഉറപ്പാക്കും
തൃശൂര്‍ ജില്ലയിലെ ചാവക്കാട്ടെ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്റെ ഒരു ബ്ലോക്ക് കനത്ത വേലിയേറ്റത്തില്‍ വേര്‍പ്പെട്ടുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ വേലിയേറ്റ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സഞ്ചാരികളെ നിയന്ത്രിച്ച് ബ്ലോക്ക് അഴിച്ചു മാറ്റുന്നതിനിടയിലെ ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടതെന്നും വ്യാജവാര്‍ത്തകള്‍ സംസ്ഥാനത്തെ ടൂറിസം മേഖലയെ സഹായിക്കുന്നതല്ലെന്നുമാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചത്. സഞ്ചാരികള്ക്കാര്ക്കും പരുക്കേറ്റതായി വാര്‍ത്തകളിലില്ല.
പൂര്‍ണമായ സുരക്ഷ പരിശോധനകള്‍ പൂര്‍ത്തിയാക്കി, കൃത്യമായ മേല്‍നോട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറയുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലാണ് നിലവിൽ ടൂറിസം വകുപ്പ് ഈ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജുകളുടെ നടത്തിപ്പ്.
ഇരുവശങ്ങളിലും സുരക്ഷാ വലയങ്ങളോടു കൂടിയാണ് ഇത്തരം പാലങ്ങള്‍ നിർമ്മിക്കുന്നത്. സഞ്ചാരികള്‍ ലൈഫ് ജാക്കറ്റ് ധരിച്ചാണ് പാലത്തിലേക്ക് കയറേണ്ടത്. അപകടകമായ ഏതൊരു സാഹചര്യത്തെയും നേരിടാനായി പരിശീലനം ലഭിച്ച ലൈഫ് ഗാർഡുമാരുടെ സേവനം എല്ലായിടത്തും ഉറപ്പാക്കിയിട്ടുണ്ട്. ചെറിയ കുട്ടികള്‍, ഭിന്നശേഷിക്കാര്‍, അവശതയുള്ള വയോധികര്‍, ലഹരി ഉപയോഗിച്ചവര്‍, ഗർഭിണികൾ, ഹൃദയസംബന്ധമായ അസുഖമുള്ളവർ എന്നിവരെ ഫ്ലോട്ടിംഗ് ബ്രിഡ്ജില്‍ കയറുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. 120 രൂപയാണ് പ്രവേശന ഫീസ് ഈടാക്കുന്നത്.