9 മാസം കൊണ്ട് കേരളം സന്ദര്‍ശിച്ചത് 159.69 ലക്ഷം ആഭ്യന്തര സഞ്ചാരികള്‍

  • ഈ വര്‍ഷം സെപ്റ്റംബര്‍ വരെ വിദേശസഞ്ചാരികളുടെ വരവിലും കേരളം വര്‍ധന രേഖപ്പെടുത്തി.

Update: 2023-11-14 05:43 GMT

ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ കേരളം സന്ദര്‍ശിച്ച ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോഡ്. 2022 മായി താരതമ്യം ചെയ്താല്‍ ഈ വര്‍ഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 19.34 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. ഇക്കൊല്ലം ആദ്യ ഒമ്പത് മാസത്തില്‍ 159.69 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ് സംസ്ഥാനം സന്ദര്‍ശിച്ചതെന്നും ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാ്‌സ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 133.81 ലക്ഷമായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 25.88 ലക്ഷം സന്ദര്‍ശകരാണ് ഇക്കൊല്ലം വര്‍ധിച്ചത്. കോവിഡിനു മുമ്പത്തെ കണക്കുകളില്‍ നിന്ന് 21.12 ശതമാനത്തിന്റെ വളര്‍ച്ചയും രേഖപ്പെടുത്തി.

ആഭ്യന്തര സഞ്ചാരികള്‍ ഏറ്റവുമധികമെത്തിയത് എറണാകുളം ജില്ലയിലാണ്.എറണാകുളത്ത് 33,18,391 സഞ്ചാരികളെത്തി. രണ്ടാമത് ഇടുക്കിയാണ് 26,61,934 സഞ്ചാരികളാണ് ഇവിടെയെത്തിയത്. തിരുവനന്തപുരത്ത് 25,61,787 സഞ്ചാരികള്‍, തൃശൂര്‍ 18,22,020 സഞ്ചാരികള്‍, വയനാട് 12,87,166 സഞ്ചാരികള്‍ എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍.

ഈ വര്‍ഷം സെപ്റ്റംബര്‍ വരെ വിദേശസഞ്ചാരികളുടെ വരവിലും കേരളം വര്‍ധന രേഖപ്പെടുത്തി. ഇക്കാലയളവില്‍ 4,47,327 വിദേശ സഞ്ചാരികളാണ് സംസ്ഥാനം സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം 2,06,852 വിദേശ സഞ്ചാരികളാണെത്തിയത്. വിദേശ സഞ്ചാരികളുടെ കാര്യത്തില്‍ 116.25 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്.

വിദേശ സഞ്ചാരികളുടെ വരവില്‍ കേരളം കോവിഡിനു മുമ്പത്തെ സ്ഥിതിയിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണ്. വിദേശസഞ്ചാരികളുടെ വരവിലും എറണാകുളമാണ് മുന്നില്‍. എറണാകുളത്ത് എത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 2,04,549 ആണ്. തിരുവനന്തപുരം 98,179, ഇടുക്കി 68,798, ആലപ്പുഴ 19,685, കോട്ടയം 15,112 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ നില. ടൂറിസം ഡയറക്ടര്‍ എസ്.പ്രേംകൃഷ്ണന്‍, കെടിഐഎല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ്, കെടിഐഎല്‍ എം.ഡി ഡോ. മനോജ് കുമാര്‍ കെ. എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News