മലബാറില്‍ ദശാവതാര ക്ഷേത്രങ്ങളെ കോര്‍ത്തിണക്കി തീര്‍ത്ഥാടന ടൂറിസം
- ഒന്‍പത് ക്ഷേത്രങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
- വൃശ്ചികമാസത്തില്‍ ദശാവതാര തീര്‍ത്ഥാടനയാത്ര നടത്തും
- തീര്‍ത്ഥാടകര്‍കര്‍ക്ക് യാത്രാ സൗകര്യം ഏര്‍പ്പെടുത്തും
കോഴിക്കോട്: ദശാവതാര ക്ഷേത്രങ്ങളെ കോര്‍ത്തിണക്കി മലബാറില്‍ പില്‍ഗ്രിം ടൂറിസം ഡസ്റ്റിനേഷന്‍ ഒരുങ്ങുന്നു. കോഴിക്കോട് ജില്ലയിലെ കാക്കൂര്‍, നന്മണ്ട, ചേളന്നൂര്‍ പഞ്ചായത്തുകളിലായി പൊന്‍കുന്ന് മലയുടെ താഴ് വരയില്‍ സ്ഥിതി ചെയ്യുന്ന ഒമ്പത് ദശാവതാര ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ തീര്‍ത്ഥാടന മേഖല വരുന്നത്. മലബാറിലെ വിനോദസഞ്ചാര മേഖലയില്‍ പുതിയ കാല്‍വെയ്പ്പാകുന്ന പദ്ധതിയുടെ സോഷ്യല്‍ മീഡിയ ലോഞ്ചിംഗ് ചടങ്ങിന്റെ ഉദ്ഘാടനം ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ദശാവതാര ക്ഷേത്ര ശൃംഖലയെ തീര്‍ത്ഥാടന ടൂറിസവുമായിബന്ധപ്പെടുത്തണമെന്നും ഇക്കാര്യം ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദശാവതാര ക്ഷേത്രങ്ങളെക്കുറിച്ചുള്ള ബ്രോഷറിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ ദശാവതാര ഏകോപന സമിതി പ്രസിഡന്റ് റിട്ട. മേജര്‍ ഉദയവിഹാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം മുരളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്രകാശനം വനം വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രനും യുട്യൂബ് ചാനല്‍ പ്രകാശനം ഗോപാലന്‍ കുട്ടി മാസ്റ്ററും നിര്‍വഹിച്ചു.
കാക്കൂര്‍ ഗ്രാമ പഞ്ചായത്തിലെ പെരുമീന്‍ പുറം മത്സ്യാവതാര ക്ഷേത്രം, ആമമംഗലം കൂര്‍മ്മാവതാര ക്ഷേത്രം, തൃക്കോയില്‍ നരസിംഹാവതാര ക്ഷേത്രം, രാമല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം, കാവില്‍ ബലരാമ സ്വാമി ക്ഷേത്രം, തീര്‍ത്ഥങ്കര വാമന ക്ഷേത്രം, ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം, നന്മണ്ട പഞ്ചായത്തിലെ വരാഹ ക്ഷേത്രം, ചേളന്നൂര്‍ പഞ്ചായത്തിലെ പരശുരാമ ക്ഷേത്രം എന്നിങ്ങനെ ഒമ്പത് ക്ഷേത്രങ്ങള്‍ കോര്‍ത്തിണക്കിയുള്ളതാണ് ദശാവതാര ക്ഷേത്ര തീര്‍ത്ഥാടനയാത്ര. മണ്ണൂ മൂടിപ്പോയ കല്‍ക്കി ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
കര്‍ക്കിടക മാസത്തില്‍ നടക്കുന്ന നാലമ്പലം തീര്‍ത്ഥാടന യാത്ര പോലെ വൃശ്ചിക മാസത്തില്‍ ദശാവതാര തീര്‍ഥാടന യാത്രയും ഈ വര്‍ഷം മുതല്‍ തുടങ്ങും.ദശാവതാര ക്ഷേത്ര ഏകോപന സമിതിയായിരിക്കും മേല്‍നോട്ടം വഹിക്കുക. ക്ഷേത്ര ദര്‍ശനത്തിനായി എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം, ക്ഷേത്രങ്ങള്‍ ദര്‍ശിക്കാനായി കോണ്‍വോയ് അടിസ്ഥാനത്തില്‍ ജീപ്പ് യാത്ര സൗകര്യം എന്നിവ ഏകോപന സമിതി ഒരുക്കും.
ഇത്രയും ചുരുങ്ങിയ ചുറ്റളവില്‍ ദശാവതാര ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇടം രാജ്യത്ത് വേറെയില്ല. അതു കൊണ്ടു തന്നെ ദശാവതാര തീര്‍ത്ഥാടന യാത്രക്ക് ഏറെ പ്രധാന്യം കൈവരും. വിദൂര സ്ഥലങ്ങളില്‍ നിന്നും ദര്‍ശനത്തിനായി തീര്‍ത്ഥാടകരെത്തും എന്നാണ് പ്രതീക്ഷ. തീര്‍ത്ഥാടകര്‍ വര്‍ധിക്കുന്ന മുറയ്ക്ക് എല്ലാ മാസവും യാത്ര ഒരുക്കുന്ന കാര്യവും പരിഗണനയിലാണ്.