വന്‍ വളര്‍ച്ചാ സാധ്യതയുമായി മെഡിക്കല്‍ ടൂറിസം മേഖല
- പത്ത് വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ ടൂറിസം മേഖല 43,500 മില്യണ്‍ ഡോളര്‍ നേടും
- ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ ഉയര്‍ന്ന സ്വകാര്യ നിക്ഷേപങ്ങള്‍ എത്തുന്നു
- മെഡിക്കല്‍ ടൂറിസം ഇന്ത്യയുടേയും തായലന്‍ഡിന്റെയും മികച്ച വരുമാന മാര്‍ഗങ്ങളില്‍ ഒന്ന്
കഴിഞ്ഞ ദശകത്തില്‍ ഇന്ത്യ മെഡിക്കല്‍ ടൂറിസം വഴി ഇന്ത്യ നേടിയത് 7,400 മില്യണ്‍ ഡോളര്‍ ആണ്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇത് 43,500 മില്യണ്‍ ഡോളറായി ഉയരുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ബിംസ്റ്റെക് ഹെല്‍ത്ത് ഫോറത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലെ ആരോഗ്യമേഖലയില്‍ നിരവധി സ്വകാര്യ നിക്ഷേപങ്ങള്‍ നടന്നിട്ടുണ്ടെന്ന് അവര്‍ പറയുന്നു.
മാനസികാരോഗ്യം, സാര്‍വത്രിക ആരോഗ്യ പരിരക്ഷ, ടെലിമെഡിസിന്‍, വിവരങ്ങള്‍ പങ്കിടല്‍, സഹകരണ അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബിംസ്റ്റെക് ഹെല്‍ത്ത് ഫോറം പ്രതിനിധികള്‍ ചര്‍ച്ച നടത്തി.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ബിംസ്റ്റെക് രാജ്യങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നവരാണ്. അതിനാല്‍ വാണിജ്യ, പൊതുജനാരോഗ്യ മേഖലകളും സര്‍ക്കാരും തമ്മിലുള്ള ഏകോപനം പരിസ്ഥിതിയെ പരിഗണിച്ചുവേണം നടത്തേണ്ടത് എന്ന അഭിപ്രായവും ഉയര്‍ന്നു.
ബിംസ്റ്റെക് രാജ്യങ്ങളില്‍ ഇന്ത്യയുടേയും തായലന്‍ഡിന്റെയും മികച്ച വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് മെഡിക്കല്‍ ടൂറിസം. ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മ്യാന്‍മാര്‍, നേപ്പാള്‍, ശ്രീലങ്ക, തായ്ലന്‍ഡ് എന്നീരാജ്യങ്ങളാണ് ബിംസ്റ്റെക് കൂട്ടായ്മയില്‍ ഉള്ളത്. 1997ലാണ് ഈ പ്രാദേശിക സംഘടന രൂപം കൊണ്ടത്.
കൊല്‍ക്കത്തയില്‍ നടന്ന യോഗത്തില്‍ സ്വസ്ഥ സതി സൗകര്യങ്ങള്‍ (പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റിന്റെ ആരോഗ്യ സംരക്ഷണ പദ്ധതി) സ്വീകരിക്കാനും മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ പുരോഗമനപരമായ പദ്ധതി കൊണ്ടുവരാനും തായ് സര്‍ക്കാരുമായി ഒരു പങ്കാളിത്തം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിംസ്‌റ്റെക് മേഖലയില്‍ 1.68 ബില്യണിലധികം ജനങ്ങള്‍ അധിവസിക്കുന്നു. മേഖലയുടെ ജിഡിപി 2.88 ട്രില്യണ്‍ ഡോളറുമാണ്. അതിനാല്‍ ആഗോള ബിസിനസ് മേഖലയ്ക്ക് ഒഴിച്ചുകൂടാനാവാത്ത പ്രദേശം കൂടിയാണ് ഇവിടം.ഇതില്‍ ഇന്ത്യ ഒഴികെ ബാക്കി എല്ലാം താരതമ്യേന ചെറു രാജ്യങ്ങളാണ്. ആവശ്യങ്ങളുടെ വൈവിധ്യപം ഇവിടെയുണ്ട്. അതിനാല്‍ ബിംസ്‌റ്റെക് രാജ്യങ്ങളുടെ സഹകരണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
ഈ കൂട്ടായ്മയില്‍ എല്ലാം തന്നെ വളര്‍ന്നുവരുന്ന രാജ്യങ്ങളും വിപണികളുമാണ്. ബംഗ്ലാദേശിന് സാമ്പത്തിക വളര്‍ച്ചയില്‍ മികച്ച ട്രാക്ക് റെക്കാഡുതന്നെയുണ്ട്. രാജ്യത്തിനു പുറത്തേക്കുള്ള കയറ്റുമതിയും വിദേശത്തുനിന്നും അയച്ചുകിട്ടുന്ന പണവും ബംഗ്ലാദേശിന്റെ വളര്‍ച്ചയിലെ ഘടകങ്ങളായിരുന്നു. എന്നാല്‍ കോവിഡ്കാലത്ത് എല്ലാ കണക്കുകളും പിഴച്ചിരുന്നു.
ഇപ്പോള്‍ വീണ്ടും അവര്‍ മികച്ച നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ശ്രീലങ്കയാകട്ടെ കടക്കെണിയില്‍നിന്നും മോചിതമായി വരുന്നതേയുള്ളു. നിരവധി സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ദിവസം കൊളംബോ പിന്‍വലിച്ചിരുന്നു.ഇത് ഒരു പുതിയ തുടക്കത്തിന്റെ ലക്ഷണമായിരുന്നു.
തായ്‌ലന്‍ഡിന്റെ പ്രധാനവരുമാനം ടൂറിസമാണ്. ഭൂട്ടാനും നേപ്പാളും ഈ രംഗത്ത് മികച്ച നിലയിത്തന്നെയാണ്. അതിനാല്‍ ബിംസ്റ്റെക് മേഖല ഒരു ടൂറിസത്തിന് പ്രാധാന്യമുള്ള ഒരു പ്രദേശമായി കാണാം. ഇതിന്റെ വകഭേദമാണ് മെഡിക്കല്‍ ടൂറിസവും.