ഉത്തേജക പദ്ധതി പാളി, ചൈനയില്‍ പ്രോപ്പര്‍ട്ടി മേഖലയിലെ മാന്ദ്യം കൂടുതല്‍ വഷളായി

  • വീടുകളുടെ വിലയില്‍ വന്‍ ഇടിവ്
  • പുതിയ സര്‍ക്കാര്‍ നടപടികള്‍ മേഖലക്ക് സഹായകരമായില്ല
  • പുതുതായി വന്‍ സാമ്പത്തിക പാക്കേജ് ചൈന പ്രഖ്യാപിച്ചേക്കും

Update: 2023-11-16 05:31 GMT

ചൈനയില്‍ പ്രോപ്പര്‍ട്ടി മേഖലയിലെ മാന്ദ്യം കൂടുതല്‍ വഷളാകുന്നു. ഒക്ടോബര്‍ മാസത്തില്‍ വീടുകളുടെ വില എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യം പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് പുനരുജ്ജീവിപ്പിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.

സബ്സിഡിയുള്ള വീടുകള്‍ ഒഴികെ 70 നഗരങ്ങളിലെ പുതിയ വീടുകളുടെ വില കഴിഞ്ഞ മാസം സെപ്റ്റംബറില്‍ നിന്ന് 0.38% കുറഞ്ഞതായി നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ കാണിക്കുന്നു. ഇത് 2015 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്.

ഈ ആഴ്ചയിലെ ഔദ്യോഗിക കണക്കുകള്‍ വില്‍പ്പനയിലും പ്രോപ്പര്‍ട്ടി നിക്ഷേപത്തിലും ഇടിവ് തന്നെയാണ് കാണിക്കുന്നത്. ഇത് ഭവന മേഖലയിലെ മാന്ദ്യമാണ് സൂചിപ്പിക്കുന്നത്.

ഓഗസ്റ്റ് മുതല്‍ പ്രധാന നഗരങ്ങളില്‍ ആരംഭിച്ച പുതിയ ഉത്തേജക നടപടികള്‍ ചൈനയുടെ സാമ്പത്തിക വീണ്ടെടുക്കലിനെ സഹായിച്ചില്ല എന്നാണ് ഇത് കാണിക്കുന്നത്.

കോവിഡിനുശേഷമുള്ള നിയന്ത്രണങ്ങള്‍ ചൈനയില്‍ ഒഴിവാക്കിയിട്ട് അധികകാലമായില്ല. തുടര്‍ന്ന് ഭവന വിപണിയില്‍ ഒരു നേരിയ തിരിച്ചുവരവ് ഉണ്ടായിരുന്നതായി ചൈന ഇന്‍ഡക്‌സ് ഹോള്‍ഡിംഗ്‌സിലെ അസോസിയേറ്റ് റിസര്‍ച്ച് ഡയറക്ടര്‍ ചെന്‍ വെന്‍ജിംഗ് പറയുന്നു.

വരുമാനത്തിലെ ഇടിവും അനിശ്ചിതത്വമുള്ള പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് വീക്ഷണവും ഉപഭോക്താക്കളെ  പിന്തിരിപ്പിക്കുകയാണെന്നും വെന്‍ജിംഗ് കൂട്ടിച്ചേര്‍ത്തു.

സെക്കന്‍ഡറി വിപണിയില്‍ വിലകള്‍ 0.58% ഇടിഞ്ഞു. ഇത് 2014 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള ഏറ്റവും പുതിയ നീക്കത്തില്‍, നഗര ഗ്രാമ നവീകരണത്തിനും താങ്ങാനാവുന്ന ഭവന പദ്ധതികള്‍ക്കും കുറഞ്ഞത് ഒരു ലക്ഷം കോടി യുവാനിന്റെ ധനസഹായം നല്‍കാന്‍ ബെയ്ജിംഗ് പദ്ധതിയിടുന്നതായും വാര്‍ത്തയുണ്ട്.

പുതിയ പദ്ധതിയുടെ വിശദാംശങ്ങള്‍ അവ്യക്തമായി തുടരുമ്പോള്‍, ചില സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് മുന്‍കാല ശ്രമങ്ങളെ അപേക്ഷിച്ച് ഇത് ഫലപ്രദമല്ലെന്നാണ്. കാരണം ചില മെട്രോപൊളിറ്റന്‍ പ്രദേശങ്ങളിലാണ് പുതിയ പരിപാടികള്‍ കൂടുതലും നടക്കുന്നത്. മാന്ദ്യം ഏറ്റവും രൂക്ഷമായത് അതിനുപുറത്താണ്.

ചൈനയുടെ പ്രോപ്പര്‍ട്ടി പ്രതിസന്ധി മിക്കവാറും എല്ലാ വലിയ ഡെവലപ്പര്‍മാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മൂന്ന് വര്‍ഷം മുമ്പ് ഒരു ക്രെഡിറ്റ് പ്രതിസന്ധി ഉടലെടുത്തത് മുതല്‍ കടങ്ങള്‍ തിരിച്ചടയ്ക്കാനും പദ്ധതികള്‍ പൂര്‍ത്തിയാക്കാനും പാടുപെടുകയാണ്.

Tags:    

Similar News