അടിക്കടിയുള്ള പലിശ വര്‍ധന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് താങ്ങാനാവുമോ ?

  • അടിസ്ഥാന പലിശ നിരക്ക് 6.25 ശതമാനമായി ഉയരുന്നതോടെ ഭവന വായ്പകള്‍ക്കുള്‍പ്പടെയുള്ള പലിശ ഭാരം വര്‍ധിക്കും.

Update: 2022-12-07 07:04 GMT

മുംബൈ: ആര്‍ബിഐ ധനനയ സമിതി പലിശ നിരക്ക് ഉയര്‍ത്തിയതോടെ രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ്, നിര്‍മ്മാണ മേഖലകള്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി രൂക്ഷമായേക്കും. ഇന്നത്തെ പണനയ അവലോകന മീറ്റിംഗില്‍ പലിശ നിരക്ക് 35 ബേസിസ് പോയിന്റ് ഉയര്‍ത്താനാണ് ആര്‍ബിഐ തീരുമാനം. അടിസ്ഥാന പലിശ നിരക്ക് 6.25 ശതമാനമായി ഉയരുന്നതോടെ ഭവന വായ്പകള്‍ക്കുള്‍പ്പടെയുള്ള പലിശ ഭാരം വര്‍ധിക്കും. ഡിസംബര്‍ അഞ്ചിന് ആരംഭിച്ച പണനയ അവലോകന യോഗത്തിന്റെ അവസാന ദിനത്തിലാണ് പലിശ നിരക്കുയര്‍ത്തല്‍ ആര്‍ബിഐ പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് തവണയും പലിശ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വീതമായിരുന്നു ഉയര്‍ത്തിയത്.

ഇതിന് മുന്‍പുള്ള അഞ്ച് മാസത്തിനിടെയുള്ള രണ്ട് ശതമാനത്തിനടുത്താണ് ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് ബാങ്കുകള്‍ ഭവന വായ്പയടക്കമുള്ളവയുടെ പലിശ നിരക്കിലും ഇതേ തോതിലോ കൂടിയ അളവിലോ വര്‍ധന വരുത്തിയിട്ടുണ്ട്. ഇതു മൂലം വീടു വാങ്ങുന്നവര്‍ക്ക് ചെലവേറുക സ്വാഭാവികം. ഫലത്തില്‍ കൂടുതല്‍ ആളുകള്‍ വീട്/ ഫ്ളാറ്റ് വാങ്ങുന്നതില്‍ നിന്നും പിന്നോക്കം പോകുകയാണ്. ഇതാകട്ടെ കഴിഞ്ഞ കുറച്ച് കാലമായി പ്രതിസന്ധിയിലായിരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വലിയ തിരിച്ചടിയാകുകയും ചെയ്യുന്നു.

ഇക്കഴിഞ്ഞ മെയ് മാസം മുതല്‍ തുടര്‍ച്ചയായുണ്ടായ നിരക്ക് വര്‍ധന കഴിഞ്ഞ രണ്ടു വര്‍ഷമായി ശക്തമായ വളര്‍ച്ച നില നില്‍ക്കുന്ന റിയല്‍ എസ്റ്റേറ്റ് മേഖലെയെയും സാരമായി ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു. മെയ്, ജൂണ്‍ മാസങ്ങളില്‍ വരുത്തിയ വര്‍ധനവിന് ശേഷം വായ്പ ദാതാക്കള്‍ ഭവന വായ്പ നിരക്കുകള്‍ വന്‍ തോതില്‍ ഉയര്‍ത്തിയരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഭവന വായ്പ പലിശ നിരക്കുകള്‍ താഴ്ന്ന വരുകയായിരുന്നു. ഒരു ഘട്ടത്തില്‍ 6.5 ശതമാനത്തിന് വരെ മുഖ്യധാരാ ബാങ്കുകള്‍ ഭവന വായ്പകള്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ അത് ചുരുങ്ങിയത് 8.5 ശതമാനത്തിലേക്ക് കയറിയിട്ടുണ്ട്. ഇന്നത്തെ പലിശ നിരക്ക് വര്‍ധന വന്നതോടെ വായ്പാ നിരക്കുകയും ഇനിയും ഉയരും.

റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പ്രതിസന്ധി ഇക്കാലത്ത് പാരമ്യതയിലായിരുന്നുവെങ്കിലും പലിശ നിരക്ക് കുറഞ്ഞിരുന്നതിനാല്‍ വില്‍പനയെ അത്ര ബാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പലിശ നിരക്ക് കുതിച്ചുയരുന്നത് ഈ മേഖലയുടെ തിരിച്ച് വരവിന് കടുത്ത ആഘാതമാണ് സൃഷ്ടിക്കുക. നിലവിലുള്ള വില്‍പന തോത് നില നിര്‍ത്താന്‍ കൂടുതല്‍ ഓഫറുകളും മറ്റും നല്‍കേണ്ട സാഹചര്യം ഉണ്ടാകും. റിയല്‍ എസ്റ്റേറ്റ് രംഗം തിരിച്ചു വരുന്ന സാഹചര്യമായിരുന്നുവെങ്കിലും, നാലാം തവണയും നിരക്കുയര്‍ത്തിയത്, വീട് വാങ്ങുന്നവരെ ഹ്രസ്വകാലത്തേക്കു ബാധിക്കും. ഫെസ്റ്റിവെല്‍ സീസണോട് അനുബന്ധിച്ചു സംസ്ഥാന സര്‍ക്കാരുകള്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ അല്പം ഇളവ് നല്‍കുമെന്നാണ് റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ളവര്‍ കരുതുന്നത്.

Tags:    

Similar News