നികുതിയുടെ കളി; കണ്ണുതള്ളുന്ന ഗെയ്മിംഗ് കമ്പനികള്‍
- ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കമ്പനികള്‍
- ഗെയ്മിംഗ് വ്യവസായം ആകര്‍ഷിച്ചത് രണ്ട് ബില്യണ്‍ ഡോളറിന്റെ എഫ്ഡിഐ
- പിഎംഒയ്ക്കും മന്ത്രാലയങ്ങള്‍ക്കും കത്ത് നല്‍കി കമ്പനികള്‍
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് 28% നികുതി ചുമത്താനുള്ള ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം മേഖലയിലെ വ്യവസായ സ്ഥാപനങ്ങളെയും ഗെയിം ഡെവലപ്പര്‍മാരെയും ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളെയും വലച്ചു. ഈ തീരുമാനം പുനഃപരിശോധിക്കുന്നതിനായി കമ്പനികള്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെയും മറ്റ് മന്ത്രാലയങ്ങളെയും സമീപിച്ചിരിക്കുകയാണ്.
തങ്ങളുടെ ആശങ്കകള്‍ വിശദീകരിക്കുന്ന ഒരു കത്തില്‍, പ്ലാറ്റ്ഫോം ഫീസില്‍ നിലവിലുള്ള 18% നിരക്കില്‍ നിന്ന് നികുതി ഉയര്‍ത്തിയതില്‍ അവര്‍ ആശങ്കയും നിരാശയും രേഖപ്പെടുത്തി.
ഈ നികുതി വര്‍ധന ജിഎസ്ടി പേയ്‌മെന്റുകളില്‍ 55% വര്‍ധനവിന് കാരണമാകുമെന്ന് സൂചിപ്പിച്ചു. കുതിച്ചുചാട്ടം വെല്ലുവിളി നിറഞ്ഞതാണെങ്കിലും, ഈ വര്‍ധന രാഷ്ട്ര നിര്‍മ്മാണത്തിന് സംഭാവന ചെയ്യുമെന്ന് ഈ മേഖല സമ്മതിച്ചു.
ഇന്ത്യയുടെ ഗെയിമിംഗ് വ്യവസായം 2014 മുതല്‍ ഏകദേശം രണ്ട് ബില്യണ്‍ ഡോളറിന്റെ എഫ്ഡിഐ ആകര്‍ഷിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ വ്യവസായത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കണമെന്ന് അവര്‍ സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു.
മൊത്തം നിക്ഷേപ മൂല്യത്തിനും ജിഎസ്ടി ഈടാക്കാനുള്ള നിര്‍ദ്ദേശം വ്യവസായത്തിന്റെ വളര്‍ച്ചയുടെ പാതയെ വിപരീതമാക്കും. അഭൂതപൂര്‍വമായ നികുതി വര്‍ധനയെ നേരിടാന്‍ മൂലധന കരുതല്‍ ശേഖരം ഇല്ലാത്ത എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അത് പ്രതിസന്ധി സൃഷ്ടിക്കും. ബിസിനസുകള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടാം.
നിലവിലെ ശുപാര്‍ശ പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ പ്രേരിപ്പിച്ചുകൊണ്ട്, അത്തരം ഒരു നികുതി ലെവിയുടെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ വിശദീകരിക്കുന്ന എട്ട് പോയിന്റുകള്‍ വ്യവസായം എടുത്തുപറയുന്ന കത്ത് അയച്ചു.
കൂടാതെ, ഈ തീരുമാനം നിയമവിരുദ്ധമായ ഓഫ്ഷോര്‍ ചൂതാട്ട നടത്തിപ്പുകാരെ പ്രോത്സാഹിപ്പിക്കുകയും ഇന്ത്യന്‍ ഉപയോക്താക്കളെ അവരിലേക്ക് നയിക്കുകയും ചെയ്യാം. ഇത് ഇന്ത്യയിലെ വ്യവസായത്തിന് ഗുണകരമാകില്ല-കത്തില്‍ പറയുന്നു.
ജിഎസ്ടി ഭാരത്തില്‍ വന്‍ വര്‍ധനവുണ്ടായതിനാല്‍ പുതിയ നികുതി ഡിജിറ്റല്‍ ഇന്ത്യ ഇനിഷ്യേറ്റീവിനും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനും തടസമാകുമെന്നും കരിഞ്ചന്ത പ്രവര്‍ത്തനങ്ങളും ക്രിമിനല്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.
ഈ മാറ്റം വിദേശ ചൂതാട്ട സൈറ്റുകള്‍ക്ക് പ്രയോജനം ചെയ്‌തേക്കാം. ഇത് ഗവണ്‍മെന്റിന് കാര്യമായ നികുതി നഷ്ടത്തിലേക്ക് നയിക്കുകയും ഇന്ത്യന്‍ ഗെയിമര്‍മാരെ ഓഫ്ഷോര്‍ ചൂതാട്ട വെബ്സൈറ്റുകളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും.
ഈ മാറ്റം വിദേശ നിക്ഷേപത്തെ തടയുമെന്ന ആശങ്കയും വ്യവസായ മേഖലയിലുണ്ട്. ഓണ്‍ലൈന്‍ ഗെയിമിംഗ് ഇടനിലക്കാരെ അതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ തീരുമാനത്തിന് തുടക്കത്തില്‍ നല്ല സ്വീകാര്യത ലഭിച്ചിരുന്നു. ഇത് ഗണ്യമായ എഫ്ഡിഐ വരവിനുള്ള സാധ്യതയെയും സൂചിപ്പിക്കുന്നു.