ബുദ്ധമത തീര്‍ത്ഥാടനം: പുതിയ വിമാന സര്‍വീസുമായി നേപ്പാള്‍
- ലുംബിനി, കപിലവസ്തു എന്നിവിടങ്ങളിലേക്ക് തീര്‍ത്ഥാടകര്‍ക്ക് അതിവേഗം എത്താനാകും
- കാഠ്മണ്ഡുവിനെ യാത്രകളുടെ പ്രധാനകേന്ദ്രമാക്കാന്‍ നേപ്പാള്‍ ലക്ഷ്യമിടുന്നു
നേപ്പാള്‍ എയര്‍ലൈന്‍സ് ഭൈരഹവായിലെ ഗൗതം ബുദ്ധ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കും ഹോങ്കോങ്ങിലേക്കും പ്രതിവാര ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കുന്നു. ബുദ്ധമത തീര്‍ത്ഥാടന സര്‍ക്യൂട്ടായ ലുംബിനി, കപിലവസ്തു, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കുള്ള പ്രധാന യാത്രാ കവാടമായാണ് ഭൈരഹവായെ കരുതുന്നത്. കാഠ്മണ്ഡുവിലെ പശുപതിനാഥിലേക്കുള്ള തീര്‍ത്ഥാടനത്തിനായി ഹിന്ദു തീര്‍ത്ഥാടകരും നേപ്പാളിലേക്ക് എത്തുന്നുണ്ട്. കാഠ്മണ്ഡുവിനെ ടൂറിസത്തിന്റെ പ്രധാനകേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ സര്‍വീസുകള്‍.
ഇതിനുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനകം ആരംഭിച്ചതായി നേപ്പാള്‍ എയര്‍ലൈന്‍സ് വക്താവ് രമേഷ് പൗഡല്‍ പറഞ്ഞു. തുടക്കത്തില്‍, എല്ലാ ചൊവ്വാഴ്ചയും കാഠ്മണ്ഡു വഴി ഭൈരഹവാ ഹോങ്കോംഗ്, ഭൈരഹവാ-ഡല്‍ഹി വിമാനങ്ങള്‍ ഉണ്ടാകും. ആവശ്യാനുസരണം വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്‌ലൈറ്റ് രാവിലെ 8.15 ന് ഭൈരഹവായില്‍ നിന്ന് പറന്നുയര്‍ന്ന് ഒന്‍പതിന് കാഠ്മണ്ഡുവിലെത്തും. തുടര്‍ന്ന് യാത്രക്കാര്‍ യഥാക്രമം ഹോങ്കോങ്ങിലേക്കും ഡല്‍ഹിയിലേക്കും എയര്‍ലൈനിന്റെ രണ്ട് പ്രത്യേക വിമാനങ്ങളില്‍ പറക്കും.
യാത്രക്കാര്‍ക്ക് ഭൈരഹവായില്‍ ചെക്ക് ഇന്‍ ചെയ്യാം. അവിടെ അവര്‍ക്ക് അന്തിമ ലക്ഷ്യസ്ഥാനത്തേക്കുള്ള ബോര്‍ഡിംഗ് പാസ് നല്‍കും. അവരുടെ ലഗേജുകളും അവിടെ നിന്നുതന്നെ പരിശോധിച്ച് കയറ്റാനുള്ള സൗകര്യവും ഇവിടെയുണ്ട്.
2022 മെയ് 16 നാണ് ഗൗതം ബുദ്ധ അന്താരാഷ്ട്ര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.