ഇന്ത്യയുടെ ജി20 അധ്യക്ഷ സ്ഥാനം ആഭ്യന്തര ടൂറിസത്തിന് കരുത്താകും: തോമസ് കുക്ക് സിഎംഡി
- കൊറോണയ്ക്ക് ശേഷം ആഭ്യന്തര ടൂറിസത്തിന് സാധ്യത കൂടി
- അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ച അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്ക് അരങ്ങൊരുക്കുന്നു
- ദീര്‍ഘദൂര യാത്രകളില്‍ ഈ പാദത്തില്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു
ഇന്ത്യയുടെ ആഭ്യന്തര ടൂറിസം വളർച്ച ശക്തമായി തുടരുമെന്നും ജി20 അധ്യക്ഷ സ്ഥാനത്തിന്‍റെ ഫലമായി ഉണ്ടാകുന്ന ഇൻബൗണ്ട് യാത്രകൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവയിലൂടെ കൂടുതൽ ഊർജം ടൂറിസം മേഖലയ്ക്ക് ഉണ്ടാകുമെന്ന് തോമസ് കുക്ക് (ഇന്ത്യ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മാധവൻ മേനോൻ പറഞ്ഞു.
മറുവശത്ത്, യൂറോപ്പിലും യുഎസിലും വേനൽക്കാലം ആരംഭിക്കുന്നതോടെ ഇന്ത്യയിൽ നിന്നുള്ള ദീർഘദൂര യാത്രകളും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പിടിഐയോട് പറഞ്ഞു.“ആഭ്യന്തര വിനോദസഞ്ചാരം ശക്തമായി തന്നെ നിലനില്‍ക്കും, ആഭ്യന്തര ടൂറിസത്തില്‍ കൂടുതൽ കൂടുതൽ പ്രവർത്തനങ്ങൾ നമ്മള്‍ കാണാൻ പോകുന്നു എന്നതാണ് യാഥാർത്ഥ്യം,” അദ്ദേഹം വ്യക്തമാക്കി.
മഹാമാരിക്ക് ശേഷം മാറിയ ഉപഭോക്തൃ സ്വഭാവവും, സമ്പദ്‌വ്യവസ്ഥയിലുള്ള ശക്തമായ ആത്മവിശ്വാസവും ആഭ്യന്തര ടൂറിസത്തിന്റെ കുതിച്ചുചാട്ടത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. " ആളുകൾ നേരത്തെ ഒരു അന്താരാഷ്‌ട്ര യാത്രയും ഒരുപക്ഷേ മറ്റൊരു ആഭ്യന്തര യാത്രയും ആസൂത്രണം ചെയ്യുമായിരുന്നു. ഇന്ന് അത് പൂർണ്ണമായും മാറിയിരിക്കുന്നു. ഇപ്പോൾ ഒന്നിലധികം ആഭ്യന്തര യാത്രകളെക്കുറിച്ചാണ് സംസാരിക്കുന്നത്".
അടിസ്ഥാന സൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള വികസനം, രാജ്യത്തുടനീളം കൂടുതൽ വിമാനത്താവളങ്ങളും ഹോട്ടലുകളും നിർമ്മിക്കപ്പെടുന്നത് എന്നിവയെല്ലാം വളർച്ചയെ നയിക്കുന്നു. ഇന്ത്യയുടെ വിനോദസഞ്ചാരത്തെ നയിക്കുന്ന മറ്റൊരു ഘടകം, രാജ്യം ഒരു സാമ്പത്തിക ശക്തിയായി ഉയർന്നുവരുന്നതും പ്രധാനപ്പെട്ട ആഗോള പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതുമാണെന്നും അദ്ദേഹം വിശദീകരിച്ചു.
സർക്കാർ കോൺഫറൻസുകളിലും എക്സിബിഷനുകളിലും പങ്കെടുക്കാൻ ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രയാണ് ധാരാളം പ്രവർത്തനങ്ങള്‍ പ്രതീക്ഷിക്കുന്ന മറ്റൊരു പ്രധാന വിഭാഗം, അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ സമ്മേളനങ്ങള്‍ക്കായി ദേശീയ തലസ്ഥാനത്തെ പ്രഗതി മൈതാനവം മുംബൈയിലെ ജിയോ വേൾഡ് സെന്‍ററും പോലുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഇന്ന് രാജ്യത്തുണ്ടെന്ന് മേനോന്‍ ചൂണ്ടിക്കാണിച്ചു.
മൂന്നര മണിക്കൂറില്‍ എത്താവുന്ന ദുബായ്, അബുദാബി, മൗറീഷ്യസ്, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ധാരാളം ഹ്രസ്വകാല യാത്രകൾ ഇന്ത്യയില്‍ നിന്ന് നടക്കുന്നുണ്ട്. യൂറോപ്പിൽ ജനുവരി മുതൽ മാർച്ച് വരെയുള്ള ശൈത്യകാലം ആയതിനാലും വിസ ലഭിക്കാൻ എളുപ്പമായിരുന്നില്ല എന്നതിനാലും ദീർഘദൂര യാത്രകളില്‍ നടപ്പു പാദത്തില്‍ ഒരു കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു.
"ആദ്യ പാദത്തിൽ ഞങ്ങൾ സാക്ഷ്യം വഹിച്ചത് ജപ്പാനിലേക്കും കൊറിയയിലേക്കുമുള്ള യാത്രകളാണ്. മുമ്പ് ശരാശരി 200 യാത്രക്കാരെ ഞങ്ങൾ എല്ലാ വർഷവും ജപ്പാനിലേക്ക് അയച്ചിരുന്നു. ഈ വർഷം ജപ്പാനിലേക്ക് ഒരു മാസത്തിനിടെ 1,300 ഓളം യാത്രക്കാർ യാത്ര ചെയ്യുന്നത് ഞങ്ങള്‍ കാണുന്നു. യാത്രകളിലെ പ്രവണതകള്‍ മാറുന്നതിന്‍റെ സൂചനയാണിതെന്ന് അദ്ദേഹം പറഞ്ഞു.