റിലയന്‍സിന്റെ എഫ്എംസിജി ബ്രാന്‍ഡ് ഉത്തരേന്ത്യയില്‍ വിപുലീകരിക്കുന്നു

  • ഉത്തരേന്ത്യയിലെ എഫ്എംസിജി വിഭാഗത്തില്‍ കമ്പനി കടുത്ത മത്സരം നേരിടും
  • ജനങ്ങള്‍ തേടുന്ന മികച്ചതും താങ്ങാനാവുന്ന വിലയിലും ലഭ്യമാകുന്ന ഉല്‍പ്പന്നങ്ങള്‍ നല്‍കുക ലക്ഷ്യം
  • ഈ വര്‍ഷം റിലയന്‍സിന്റെ എഫ്എംസിജി മുന്നേറ്റം കാണാനാകുമെന്ന് വിദഗ്ധര്‍

Update: 2023-06-22 10:26 GMT

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 'ഇന്‍ഡിപെന്‍ഡന്‍സ്' എന്ന എഫ്എംസിജി വിഭാഗംഅതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യയില്‍ ഉടനീളം വ്യാപിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ ആരംഭിച്ചതിന് ശേഷം ഈ രംഗത്ത് ഒരു കുതിച്ചുചാട്ടമാണ് അവര്‍ നടത്തിയത്.

ഭക്ഷ്യ എണ്ണകള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പാക്കേജുചെയ്ത ഭക്ഷണങ്ങള്‍, മറ്റ് അവശ്യ നിത്യോപയോഗ സാധനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ബ്രാന്‍ഡ്, അദാനി വില്‍മറിന്റെ ഫോര്‍ച്യൂണ്‍, മാരികോയുടെ സഫോള, പതഞ്ജലി ഫുഡ്സിന്റെ ന്യൂട്രേല എന്നിവയുമായാണ് മത്സരിക്കുന്നത്.

ഇന്ത്യന്‍ ജനസംഖ്യയിലെ വലിയൊരു വിഭാഗം മികച്ചതും ഉയര്‍ന്ന നിലവാരമുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ താങ്ങാനാവുന്ന വിലയില്‍ വാഗ്ദാനം ചെയ്യുന്ന ഒരു മികച്ച ബ്രാന്‍ഡാണ് തേടുന്നത്. ജനങ്ങളുടെ ഈ ആവശ്യത്തിന് ഒരു പരിഹാരം കാണാനാണ് 'ഇന്‍ഡിപെന്‍ഡന്‍സ്' ലക്ഷ്യമിടുന്നത്,' കമ്പനി പറഞ്ഞു.

വിപുലീകരണത്തോടെ പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്‍സിആര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇന്‍ഡിപെന്‍ഡന്‍സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലയന്‍സ് റീട്ടെയില്‍ ഐപിഒയ്ക്ക് മുന്നോടിയായി ഇന്‍ഡിപെന്‍ഡന്‍സിന്റെ വ്യാപനം നടപ്പാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. എഫ്എംസിജി രംഗത്ത് കമ്പനി കൂടുതല്‍ വളര്‍ച്ച നേടിയാല്‍ കമ്പനിക്ക് നേട്ടങ്ങള്‍ പലതാണ്.

കഴിഞ്ഞ വര്‍ഷം, പേഴ്സണല്‍ കെയര്‍, ഹോംകെയര്‍ രംഗത്തേക്കും കമ്പനി കടന്നിരുന്നു. ഇതിന്റെ ഭാഗമായി എച്ച്യുഎല്‍, ഐടിസി തുടങ്ങിയ കമ്പനികളെയും അവര്‍ ഏറ്റെടുത്തു.

സോപ്പുകള്‍, ഡിഷ് വാഷ് ബാറുകള്‍, ഡിറ്റര്‍ജന്റ്‌സ് എന്നിവയുടെ വില ഈ വിഭാഗങ്ങളിലുള്ള വിപണിയിലെ പ്രമുഖ സ്ഥാപനങ്ങളേക്കാള്‍ ഇന്‍ഡിപെന്‍ഡന്‍സില്‍ 30-35ശതമാനം വരെ കുറവാണെന്ന് നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിലെ അനലിസ്റ്റുകള്‍ പറയുന്നു. ഫുഡ്സ് സെഗ്മെന്റിലും ഇതേ തന്ത്രം നടപ്പില്‍ വരുത്താന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

പ്രാരംഭ ഘട്ടത്തില്‍ കുത്തനെയുള്ള കിഴിവിലൂടെ വിപണിയെയും ഉപഭോക്താവിനെയും ആകര്‍ഷിക്കുന്ന ഒരു പതിവ് കമ്പനികള്‍ക്കുണ്ടെന്നും അനലിസ്റ്റുകള്‍ കൂട്ടിച്ചേര്‍ത്തു.

റിലയന്‍സ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ റിലയന്‍സ് റീട്ടെയിലിന് കീഴിലാണ് വരുന്നത്. ഇത് സ്റ്റോക്കിന്റെ അടുത്ത വലിയ പ്രേരക ശക്തിയായിരിക്കും. 2023-ല്‍ റിലയന്‍സിന്റെ എഫ്എംസിജി മുന്നേറ്റത്തില്‍ നമുക്ക് ദൃശ്യമായ മുന്നേറ്റം കാണാനാകുമെന്നാണ് പൊതുവേയുള്ള കണക്കുകൂട്ടല്‍. ഇതിനുദാഹരണമാണ് കാമ്പ കോളയുടെ റീലോഞ്ച് കമ്പനി പ്രഖ്യാപിച്ചത്.

അവശ്യവസ്തുക്കളുടെ വാങ്ങല്‍ വിപണിയില്‍ എന്നും തിരക്കാണ്. ഇതുതന്നെയാണ് റിലയന്‍സിനെ ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നതും.

Tags:    

Similar News