സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞ് പതഞ്ജലി; കേന്ദ്രസര്‍ക്കാര്‍ എന്തിന് കണ്ണടച്ചെന്ന് സുപ്രീം കോടതി

  • തികച്ചും ധിക്കാരമെന്ന് സുപ്രീം കോടതി
  • ആധുനിക വൈദ്യ ശാസ്ത്രത്തിനെതിരെ നിന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ എന്ത് കൊണ്ട് നടപടിയെടുത്തില്ലെന്ന് ചാദ്യം
  • കോടതി അലക്ഷ്യം പല തവണ ആവര്‍ത്തിച്ചതായി കണ്ടെത്തല്‍

Update: 2024-04-02 09:36 GMT

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോഴും കേന്ദ്ര സര്‍ക്കാര്‍ എന്തിന് കണ്ണടച്ചെന്ന് സുപ്രീം കോടതി. ആധുനിക വൈദ്യശാസ്ത്രത്തെയും മെഡിക്കല്‍ പ്രാക്ടീഷണര്‍മാരേയും അവഹേളിക്കുന്നതുള്‍പ്പെടെ തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പതഞ്ജലി ആയുര്‍വേദ സഹസ്ഥാപകന്‍ ബാബാ രാം ദേവിനും മാനേജിംഗ് ഡയറക്ടര്‍ ബാലകൃഷ്ണയ്ക്കുമെതിരെ സുപ്രീം കോടിതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ഇരുവരും സത്യവാങ്മൂലത്തില്‍ അറിയിച്ച ഖേദം ആത്മാര്‍ത്ഥമല്ലെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് വ്യാജ വിവരങ്ങള്‍ സത്യവാങ്മൂലത്തിലുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഒരിടത്ത് നീരുപാധികം മാപ്പെന്ന് രേഖപ്പെടുത്തിയപ്പോള്‍ മറ്റൊരിടത്ത് കോടതി ആവശ്യപ്പെടുന്ന മാപ്പെന്നാണ് നല്‍കിയിരിക്കുന്നത്. ഇരുവരും മാപ്പ് പറഞ്ഞുകൊണ്ടുള്ള സത്യവാങ്മൂലവും ഫയല്‍ ചെയ്തിരുന്നു. ആചാര്യ ബാലകൃഷ്ണന്റെ സത്യവാങ്മൂലം കോടതിക്ക് ലഭിച്ചുവെങ്കിലും താമസിച്ച് ഫയല്‍ ചെയ്തതിനാല്‍ ബാബ രാംദേവിന്റെ സത്യവാങ്മൂലം ലഭിച്ചില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴും കോടതി അലക്ഷ്യ നടപടികള്‍ പതഞ്ജലിയുടെ ഭാഗത്തു നിന്നുമുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് അടുത്ത തവണ പരിഗണിക്കുമ്പോഴും ബാബാ രാംദേവിനോടും ബാലകൃഷ്ണയോടും നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതിന് തൊട്ടടുത്ത ദിവസം പതഞ്ജലി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. പതഞ്ജലിയുടെ മാധ്യമ വിഭാഗമാണ് വാര്‍ത്താമ്മേളനത്തിന് ഉത്തരവാദികളെന്നാണ് ഇവരുടെ വിശദീകരണം. ഇത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ഹിമ കോലി, എ അമാനുള്ള എന്നിവരടങ്ങുന്നതാണ് ബെഞ്ച്.


Tags:    

Similar News