150 കോടിക്ക് ബംഗളുരു കഫേ കോഫി ഡേ ആസ്ഥാനം ഏറ്റെടുത്ത് സ്ട്രാറ്റ

  • സിസിഡി ആസ്ഥാനത്തിന് 11 നിലകളിലായി ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്
  • ഏറ്റവും വലിയ കോഫി ശൃംഖലയായ സിസിഡി ഇന്ന് സാമ്പത്തിക പ്രശ്നം നേരിടുകയാണ്
  • കഴിഞ്ഞ ജൂലൈയില്‍, 94 കോടി രൂപക്ക് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കേസ് കൊടുത്തിരുന്നു

Update: 2024-02-06 10:25 GMT

മുംബൈ: വാണിജ്യ റിയല്‍ എസ്റ്റേറ്റ് നിക്ഷേപ പ്ലാറ്റ്ഫോമായ സ്ട്രാറ്റ ബെംഗളൂരുവിലെ കഫേ കോഫി ഡേ സ്‌ക്വയര്‍ ഏറ്റെടുത്തു. തിങ്കളാഴ്ച ബെംഗളൂരുവിലെ ടോണി വിട്ടല്‍ മല്യ റോഡില്‍ സ്ഥിതി ചെയ്യുന്ന 11 നിലകളുള്ള കഫേ കോഫി ഡേ സ്‌ക്വയര്‍ 150 കോടി രൂപയ്ക്കാണ് ഏറ്റെടുത്തത്.

സിസിഡി ആസ്ഥാനത്തിന് 11 നിലകളിലായി ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. ഓരോ നിലയും ഏകദേശം 9,000 ചതുരശ്ര അടിയാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള മാളുകള്‍, പ്രീമിയം റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, റെസ്റ്റോറന്റുകള്‍, ഗതാഗത കേന്ദ്രങ്ങള്‍, എടിഎമ്മുകള്‍ എന്നിവയും അതിലേറെയും ഈ പ്രോപ്പര്‍ട്ടിക്ക് ചുറ്റും ഉള്ളതായി സ്ട്രാറ്റ പ്രസ്താവനയില്‍ പറഞ്ഞു.

ഏറ്റവും വലിയ കോഫി ശൃംഖലയായ സിസിഡി ഇന്ന് സാമ്പത്തിക പ്രശ്നം നേരിടുകയാണ്. ഇത് സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയെ 2019 ജൂലൈയില്‍ ആത്മഹത്യയിലേക്ക് നയിച്ചു. ബാങ്കുകളില്‍ നിന്നും യുഎസ് ഫണ്ട് മേജര്‍ കെകെആര്‍ പോലുള്ള ബാഹ്യ നിക്ഷേപകരില്‍ നിന്നും 7,200 കോടി രൂപയിലധികം കടബാധ്യതയിലേക്ക് കമ്പനി എത്തിച്ചേര്‍ന്നു.

കഴിഞ്ഞ ജൂലൈയില്‍, 94 കോടി രൂപ കുടിശ്ശികയായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കമ്പനിയെ ഇന്‍സോള്‍വന്‍സി കോടതിയായ NCLT ലേക്ക് കൊണ്ടുപോയി. എന്നാല്‍ കോടതിക്ക് പുറത്ത് കുടിശ്ശിക തീര്‍പ്പാക്കിയ ശേഷം കമ്പനി പാപ്പരത്വ നടപടികളില്‍ നിന്ന് പുറത്തായി. ഉയര്‍ന്ന കടബാധ്യതയില്‍ നിന്ന് കമ്പനി ഇപ്പോഴും കരകയറിയിട്ടില്ല.

സിസിഡി മാതൃസ്ഥാപനമായ കോഫി ഡേ എന്റര്‍പ്രൈസസിന്റെ 2023 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, CCSന് 154 നഗരങ്ങളിലായി 469 കഫേകളും 268 സിസിഡി വാല്യു എക്‌സ്പ്രസ് കിയോസ്‌കുകളും ഉണ്ടായിരുന്നു.

ബ്രാന്‍ഡിന് കീഴിലുള്ള കോര്‍പ്പറേറ്റ് ജോലിസ്ഥലങ്ങളിലും ഹോട്ടലുകളിലും കോഫി വിതരണം ചെയ്യുന്ന 48,788 വെന്‍ഡിംഗ് മെഷീനുകള്‍ ഇത് പ്രവര്‍ത്തിപ്പിച്ചു. 2023 സാമ്പത്തിക വര്‍ഷത്തില്‍, അതിന്റെ ഏകീകൃത അറ്റ പ്രവര്‍ത്തന വരുമാനം 869 കോടി രൂപയായിരുന്നു. കൂടാതെ 67.77 കോടി രൂപയുടെ നഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗാര്‍ഡന്‍ സിറ്റിയിലെ സ്ട്രാറ്റയുടെ ഏഴാമത്തെ ആസ്തിയാണ് CCD പ്രോപ്പര്‍ട്ടി. ഈ ഇടപാടോടെ അതിന്റെ കര്‍ണാടകയിലെ ആസ്തി മൂല്യം 410 കോടി രൂപയിലധികമാണ്. ദേശീയതലത്തില്‍, സ്ട്രാറ്റയ്ക്ക് അതിന്റെ പോര്‍ട്ട്ഫോളിയോയ്ക്ക് കീഴില്‍ 3.7 ദശലക്ഷം ചതുരശ്ര അടിയില്‍ 34 ആസ്തികളുണ്ട്. നവി മുംബൈ, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രീമിയം ഓഫീസ് സ്ഥലങ്ങള്‍ അതിന്റെ ചില പ്രധാന പ്രോപ്പര്‍ട്ടികളില്‍ ഉള്‍പ്പെടുന്നു.

സിസിഡി സ്‌ക്വയര്‍ ഒരു ഗ്രേഡ്-വണ്‍ വാണിജ്യ സ്വത്താണെന്നും നഗരത്തിലെ ശ്രദ്ധേയമായ സ്വത്തുക്കളിലൊന്നാണെന്നും സ്ട്രാറ്റയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ സുദര്‍ശന്‍ ലോധ പറഞ്ഞു.

കൊട്ടക് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ്, ഗൃഹാസ് പ്രോപ്ടെക്, എലവേഷന്‍ ക്യാപിറ്റല്‍, മെയ്ഫീല്‍ഡ് ഇന്ത്യ തുടങ്ങിയ മാര്‍ക്വീ നിക്ഷേപകരാണ് സ്ട്രാറ്റയ്ക്ക് ധനസഹായം നല്‍കുന്നത്.

Tags:    

Similar News