വ്യോമയാനചരിത്രത്തിലെ ഏറ്റവും വലിയ കരാറുമായി ഇന്‍ഡിഗോ
- ഒറ്റക്കരാറില്‍ 500 വിമാനങ്ങള്‍ക്ക്് ഇന്‍ഡിഗോയുടെ ഓര്‍ഡര്‍
- നിലവില്‍ കമ്പനിക്ക് മുന്നൂറിലധികം വിമാനങ്ങള്‍
- ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍സാണ് ഇന്‍ഡിഗോ
വ്യോമയാനരംഗത്ത് ഇന്ത്യന്‍ കമ്പനികള്‍ ചരിത്രം കുറിച്ചുകൊണ്ട് മുന്നേറുന്നു. ഈ വര്‍ഷമാദ്യം എയര്‍ബസ്, ബോയിംഗ് എന്നിവയുമായി എയര്‍ ഇന്ത്യ 470 വിമാനങ്ങളുടെ വന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഇപ്പോള്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് താരമായിരിക്കുന്നത് കുറഞ്ഞ നിരക്കിലുള്ള കാരിയറായ ഇന്‍ഡിഗോ ആണ്. ഒറ്റക്കരാറില്‍ അവര്‍ എയര്‍ബസിന് 500 എ320 ഫാമിലി എയര്‍ക്രാഫ്റ്റുകള്‍ക്കാണ് ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
എയര്‍ലൈന്‍ പറയുന്നതനുസരിച്ച്, എയര്‍ബസുമായി ചേര്‍ന്ന് ഏതൊരു കമ്പനിയും ഇതുവരെ ഏര്‍പ്പെടുന്ന ഏറ്റവും വലിയ വിമാന കരാറാണിത്. ഈ ഓര്‍ഡറിലൂടെ ഇന്‍ഡിഗോ ലോകത്തിലെ ഏറ്റവും വലിയ എ320 ഫാമിലി ഉപഭോക്താവായി മാറുകയാണ്.
ഏറ്റവും വലിയ കരാറായതുകൊണ്ടുതന്നെ ആഗോളതലത്തില്‍ ഇന്‍ഡിഗോ എന്ന വ്യോമയാന കമ്പനി ശ്രദ്ധാകേന്ദ്രമാകുകയാണ്. വിമാനങ്ങളുടെ എന്‍ജിന്‍ തെരഞ്ഞെടുപ്പും മറ്റ് അനുബന്ധ കാര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും കമ്പനി എയര്‍ലൈന്‍ അറിയിച്ചു.
ജൂണ്‍ 19-ന് പാരീസ് എയര്‍ ഷോ 2023-ല്‍ എയര്‍ലൈനിന്റെയും എയര്‍ബസിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്.
മുന്‍പ് ഓര്‍ഡര്‍ ചെയ്തിരുന്ന 480 വിമാനങ്ങളുടെ കരാറുമായി ചേര്‍ന്നു നോക്കിയാല്‍ ഇന്‍ഡിഗോയുടെ ഓര്‍ഡര്‍ ബുക്കില്‍ ഉള്ള വിമാനങ്ങളുടെ എണ്ണം ആയിരത്തോളം ആവുകയാണെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.
2030 നും 2035 നും ഇടയില്‍ ഇന്‍ഡിഗോയ്ക്ക് കൂടുതല്‍ സ്ഥിരമായ ഡെലിവറികള്‍ ഈ ഓര്‍ഡര്‍ നല്‍കും, കമ്പനി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇന്‍ഡിഗോയില്‍ മുന്നൂറിലധികം വിമാനങ്ങളാണ് ഇപ്പോഴുള്ളത്.
കരാര്‍തുക എത്രയെന്ന് ഇന്‍ഡിഗോ വ്യക്തമാക്കിയിട്ടില്ലെങ്കിലും കണക്കുകള്‍ പ്രകാരം ഇത് 50 ബില്യണ്‍ ഡോളറാണ്. എന്നാല്‍ വന്‍ ഓര്‍ഡറുകള്‍ നല്‍കുന്ന കമ്പനികള്‍കള്‍ക്ക് വിമാനനിര്‍മാണ കമ്പനികള്‍ കാര്യമായ വിലക്കിഴിവ് നല്‍കാറുണ്ട്. അതിനാല്‍ യഥാര്‍ത്ഥ തുക ഇതിലും കുറവായിരിക്കും.
മുന്‍പ് കമ്പനി ഓര്‍ഡര്‍ ചെയ്തിരുന്ന വിമാനങ്ങളുടെ ഡെലിവറി ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ പൂര്‍ത്തിയാക്കും.
ഇപ്പോള്‍ നല്‍കിയ ഇന്‍ഡിഗോ നല്‍കിയ ഈ ഓര്‍ഡര്‍ എയര്‍ബസുമായുമായുള്ള ബന്ധത്തില്‍ പുതിയ തലം സൃഷ്ടിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
2006 ല്‍ ഇന്‍ഡിഗോ ആരംഭിച്ചതുമുതല്‍ എയര്‍ബസിനൊപ്പം 1330 വിമാനങ്ങള്‍ക്കാണ് അവര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. ഇത് ഒരു നിസാര കാര്യമല്ല. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമയാന കമ്പനി ഇന്‍ഡിഗോ ആണ്.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എതിരാളി എയര്‍ലൈന്‍ എയര്‍ ഇന്ത്യ ഫെബ്രുവരിയില്‍ എയര്‍ബസില്‍ നിന്ന് 250 വിമാനങ്ങളും യുഎസ് ആസ്ഥാനമായുള്ള ബോയിംഗില്‍ നിന്ന് 220 വിമാനങ്ങളും വാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. കരാര്‍തുക എയര്‍ലൈന്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇത് ഏകദേശം 80 ബില്യണ്‍ ഡോളറാണെന്ന് വിലയിരുത്തപ്പെടുന്നു.
ഇതോടൊപ്പം തന്നെ വ്യോമയാന മേഖലയിലെ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവും വര്‍ധിക്കുകയാണ്. നിലവില്‍ ഇപ്പോഴുള്ള തുക 1800കോടി വരുമെന്നാണ് വിലയിരുത്തുന്നത്. ഇത് 5500-6000 കോടിയായി ഉയരുമെന്നാണ് വിലയിരുത്തല്‍.
ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍സ് ഇന്‍ഡിഗോയുടേതാണ്. 2023 ഏപ്രിലിലെ കണക്കനുസരിച്ച് 57.5ശതമാനം ആഭ്യന്തര വിപണി വിഹിതമുള്ള, യാത്രക്കാരുടെ എണ്ണത്തിലും ഫ്‌ളീറ്റിലും മുന്നിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈനാണ് ഇന്‍ഡിഗോ.