കോഴിക്കോട്ടുനിന്ന് ലക്ഷദ്വീപിലേക്ക് വിമാന സർവീസ് മെയ് 1 മുതൽ
- ആദ്യമായാണ് ലക്ഷദ്വീപിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ്
കോഴിക്കോട് നിന്ന് ലക്ഷദ്വീപിലേക്ക് മെയ് ഒന്നു മുതൽ പുതിയ വിമാന സർവീസ് ആരംഭിക്കുന്നു. ഇൻഡിഗോ എയർലൈൻസ് ആണ് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള വിമാന സർവീസ് നടത്തുന്നത്. എല്ലാ ദിവസവും സർവീസ് ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു. ആദ്യമായാണ് ലക്ഷദ്വീപിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ് വരുന്നത്. കൊച്ചി വഴിയാണ് വിമാനം അഗത്തിയിലെത്തുന്നത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. 78 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന റീജിയണൽ എയർ വിമാനങ്ങൾ (എടിആർ) ആണ് സർവീസ് നടത്തുന്നത്.
കരിപ്പൂരിൽനിന്ന് രാവിലെ 10.20നു പുറപ്പെടുന്ന വിമാനം 10.55ന് കൊച്ചിയിൽ എത്തും. അവിടെനിന്ന് 11.25നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് അഗത്തിയിൽ എത്തും.
അഗത്തിയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം സർവീസ് ഉച്ചയ്ക്ക് 12.10 നു പുറപ്പെട്ട് 1.25ന് കൊച്ചിയിൽ എത്തിയ ശേഷം 1.45നു പുറപ്പെട്ട് 2.30നു കോഴിക്കോട്ട് എത്തുകയും ചെയ്യും. .
5000 മുതൽ 6000 രൂപ വരെയാണ് കോഴിക്കോട്-അഗത്തി വിമാന ടിക്കറ്റ് നിരക്ക്. ഇൻഡിഗോ വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും യാത്രാ ഏജൻസികളിലൂടെയും ടിക്കറ്റ് ബുക്കിങ് ലഭ്യമാക്കാം.
നിലവിൽ ബെംഗളൂരുവിൽ നിന്ന് നേരിട്ട് അഗത്തിയിലേക്ക് ഇൻഡിഗോ സർവീസ് നടത്തുന്നുണ്ട്. പുതിയ വിമാന സർവീസ് ആരംഭിക്കുന്നതോടെ കോഴിക്കോട്ടു നിന്നും അഗത്തിയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാകും.