ദീര്‍ഘദൂര യാത്രകള്‍ക്ക് പദ്ധതി; വൈഡ് ബോഡി വിമാനങ്ങള്‍ സ്വന്തമാക്കി ഇന്‍ഡിഗോ
- ആഭ്യന്തര വിപണിയിലെ മുന്നേറ്റം വിദേശ വിപണികളിലും തുടരാന്‍ ഇന്‍ഡിഗോ
- ബിസിനസ്സ് യാത്രികരെ ആകര്‍ഷിക്കുന്നതിനായി റൂം സീറ്റുകളും ഹോട്ട് ഫുഡ് അടക്കമുള്ള ലോയല്‍റ്റി പ്രോഗ്രാമുകളുമായി കമ്പനി
- 2028 മുതലുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിലവിലെ ദീര്‍ഘദൂര വിഭാഗത്തിലേക്കുള്ള വിപുലീകരണം
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 30 എയര്‍ബസ് വൈഡ് ബോഡി വിമാനങ്ങള്‍ വാങ്ങുന്നു. ഇതിന്റെ ഭാഗമായി എ350-900 വിമാനങ്ങള്‍ക്ക് കമ്പനി ഓര്‍ഡര്‍ നല്‍കി. ഹ്രസ്വദൂര വിമാനക്കമ്പനിയില്‍ നിന്ന് ദീര്‍ഘദൂര യാത്രയില്‍ ആധിപത്യം പുലര്‍ത്തുന്ന കമ്പനിയായി മാറാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. 70 വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതി കമ്പനിക്കുണ്ട്. ഇവയുടെ വിതരണം 2027 മുതല്‍ ആരംഭിക്കും. 12 ബില്യണ്‍ ഡോളറിന്റെതാണ് ഓര്‍ഡര്‍.
' ഇന്നത്തെ ചരിത്ര നിമിഷം ഇന്‍ഡിഗോയുടെ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നു. ഒപ്പം എയര്‍ലൈനിന്റെയും ഇന്ത്യന്‍ വ്യോമയാനത്തിന്റെയും ഭാവി രൂപപ്പെടുത്തുകയും ചെയ്യും. 30 എയര്‍ബസ് എ 350-900 വിമാനങ്ങള്‍ വാങ്ങുന്നതോടെ ഇന്‍ഡിഗോയെ ആഗോള ഏവിയേഷന്‍ കമ്പനികളില്‍ ഒന്നായി മാറുന്നതിനുള്ള അടുത്ത ഘട്ടം ആരംഭിക്കാന്‍ അനുവദിക്കും, ''ഇന്‍ഡിഗോയുടെ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ എല്‍ബേഴ്‌സ് പറഞ്ഞു.
എ350-900 വിമാനത്തിന് 16-17 മണിക്കൂര്‍ പറക്കാന്‍ കഴിയും. ഇതിലൂടെ വടക്കേ അമേരിക്കന്‍ റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ എയര്‍ലൈന് സാധിക്കും. ഇന്‍ഡിഗോയുടെ ആദ്യത്തെ വൈഡ് ബോഡി ഓര്‍ഡര്‍ എയര്‍ ഇന്ത്യയുമായി നേരിട്ടുള്ള മത്സരത്തിലേക്ക് എയര്‍ലൈനെ എത്തിക്കുന്നു
വൈഡ് ബോഡി എയര്‍ക്രാഫ്റ്റില്‍ ബിസിനസ് ക്ലാസുണ്ടാകുമോ എന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല.