ഗോ ഫസ്റ്റ് എയര്‍ലൈന്‍സില്‍ നിന്നും ഏജന്റുമാര്‍ക്കു ലഭിക്കാനുള്ളത് കോടികള്‍
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വിസുകള്‍ നിര്‍ത്തിവച്ച ഗോ ഫസ്റ്റ് വിമാനക്കമ്പനി ഏജന്റുമാര്‍ക്കും ബുക്ക് ചെയ്ത യാത്രക്കാര്‍ക്കും നല്‍കാനുള്ളത് കോടികള്‍. 2005 നവംബറില്‍ വിമാന സര്‍വിസ് തുടങ്ങിയ കമ്പനി ഇക്കഴിഞ്ഞ മെയ് മൂന്നിനാണ് സര്‍വിസ് നിര്‍ത്തിവച്ചത്. 2017ല്‍ 294.88 കോടി രൂപ ലാഭം നേടിയ കമ്പനി പിന്നീട് കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വന്‍ നഷ്ടത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു.
സ്വന്തമായി 59 വിമാനങ്ങള്‍
59 വിമാനങ്ങള്‍ സ്വന്തമായുള്ള കമ്പനി നിരവധി വിമാനങ്ങള്‍ ലീസിനെടുക്കുകയും ചെയ്തിരുന്നു. നിലവില്‍ ഇതില്‍ 30 വിമാനങ്ങള്‍ വരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ വെറുതെ കിടക്കുകയാണ്. ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ക്കു പുറമെ അബൂദബി, ബാങ്കോക്ക്, ദമ്മാം, ദുബൈ, കുവൈത്ത്, മസ്‌കത്ത് തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും സര്‍വിസ് നടത്തിയിരുന്നു.
പ്രതിസന്ധിയുണ്ടാക്കിയത് പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി
അമേരിക്കന്‍ എഞ്ചിന്‍ നിര്‍മാണ കമ്പനിയായ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നി എഞ്ചിന്‍ സര്‍വിസ് നിര്‍ത്തിയതാണ് ഗോ ഫസ്റ്റിനു വിനയായത്. ഇത് പകുതിയിലധികം വിമാനങ്ങള്‍ നിലത്തിറക്കാന്‍ എയര്‍ലൈനിനെ നിര്‍ബന്ധിതമാക്കിയതായി കമ്പനി സി.ഇ.ഒ കൗശിക് ഖോന വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് എഞ്ചിന്‍ നിര്‍മാതാക്കള്‍ക്കെതിരേ വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ യു.എസ് ഫെഡറല്‍ കോടതിയില്‍ പരാതി ഫയല്‍ ചെയ്തു. അതേസമയം സര്‍വിസ് ചാര്‍ജ് കുടിശ്ശിക ആയതിനാലാണ് യു.എസ് കമ്പനി എഞ്ചിന്‍ സര്‍വിസ് ചെയ്യാത്തതെന്ന് പറയപ്പെടുന്നു.
ഏജന്റുമാര്‍ക്ക് ലഭിക്കാനുള്ളത് രണ്ടു കോടി രൂപ വരെ
ആയിരക്കണക്കിനു യാത്രക്കാര്‍ ഏജന്‍സികള്‍ വഴിയും നേരിട്ടും പണമടച്ച് ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക് ചെയ്തിരിക്കെയാണ് മെയ് മൂന്നിന് പെട്ടെന്ന് കമ്പനി സര്‍വിസ് നിര്‍ത്തിയതായി അറിയിച്ചത്. ഇവര്‍ക്ക് തുക തിരിച്ചുകിട്ടിയിട്ടില്ല. ഇങ്ങനെ ആയിരത്തോളം ഏജന്റുമാര്‍ക്ക് 40 ലക്ഷം രൂപ മുതല്‍ രണ്ടു കോടി രൂപ വരെ ലഭിക്കാനുണ്ടെന്ന് ഇഫ്ത (ഇന്‍ഡസ് ഫെഡറേഷന്‍ ഓഫ് ട്രാവല്‍ ആന്‍ഡ് ടൂര്‍ ഏജന്റ്‌സ്) ജന. സെക്രട്ടറി ജലീല്‍ മംഗരത്തൊടി പറയുന്നു. ഇതു കൂടാതെ നിരവധി യാത്രക്കാര്‍ക്ക് നേരിട്ടും തുക നല്‍കാനുണ്ട്. കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച കമ്പനി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഏജന്റുമാര്‍ക്കാണ് കൂടുതല്‍ തുക നല്‍കാനുള്ളത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കും കോടികള്‍ നല്‍കാനുണ്ടെന്നാണ് വിവരം. ഈ തുക തിരിച്ചുനല്‍കിയാലേ വിമാനം വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാനാകൂ.
പാപ്പരായി പ്രഖ്യാപിക്കുമോ?
കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാന്‍ ട്രൈബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ് ഗോ ഫസ്റ്റെന്നും ഇതോടെ പണം തിരിച്ചുനല്‍കുന്നതില്‍ നിന്ന് രക്ഷപ്പെടാനാണ് ശ്രമമെന്നും ആരോപണമുണ്ട്. നേരത്തെ കിങ് ഫിഷര്‍, ജെറ്റ് എയര്‍വെയ്‌സ് എന്നിവയും സര്‍വിസ് റദ്ദാക്കി പാപ്പര്‍ നടപടികളിലേക്കു കടന്നിരുന്നു. എന്നാല്‍ ജെറ്റ് എയര്‍വെയ്‌സ് 40 ശതമാനം തുക തിരിച്ചുകൊടുത്തിരുന്നു.
അതേസമയം നിലവില്‍ ഈമാസം 10 വരെയുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കിയതായാണ് ഗോ ഫസ്റ്റ് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. ഉടന്‍ ബുക്കിങ് പുനരാരംഭിക്കുമെന്നും കമ്പനി പറയുന്നു. വിമാനം റദ്ദാക്കിയതിനെത്തുടര്‍ന്ന് യാത്രാതടസം നേരിട്ടവര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും മടക്കിനല്‍കുമെന്നും എയര്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
വെട്ടിലായത് ട്രാവല്‍ ഏജന്‍സികള്‍
അതേസമയം ടിക്കറ്റെടുത്ത ട്രാവല്‍ ഏജന്‍സികള്‍ക്കെതിരേ ഉപഭോക്തൃ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ തയാറെടുക്കുകയാണ് യാത്ര മുടങ്ങിയവര്‍. ബുക്ക് ചെയ്ത് അടച്ച തുക വിമാനക്കമ്പനി റീഫണ്ട് ചെയ്യില്ല എന്നതാണു കാരണം. പകരം ഈ തുകയ്ക്ക് പിന്നീട് യാത്ര അനുവദിക്കാമെന്നാണ് കമ്പനിയുടെ നിലപാട്. എന്നാല്‍ കമ്പനി സര്‍വിസ് പുനരാരംഭിക്കുമോയെന്നതില്‍ വ്യക്തതയില്ല.
ചില ട്രാവല്‍ ഏജന്‍സികള്‍ ഗോ ഫസ്റ്റിന്റെ ടിക്കറ്റ് തുകയ്ക്ക് അധികം വരുന്ന തുക മാത്രം വാങ്ങി മറ്റു വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് സീറ്റ് തരപ്പെടുത്തി കൊടുത്തിരുന്നു. ഇങ്ങനെ ചെയ്ത ട്രാവല്‍ ഏജന്‍സികളും ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. കണ്ണൂരില്‍ നിന്ന് ആഴ്ചയില്‍ 27 സര്‍വിസുകളാണ് ഗോ ഫസ്റ്റ് നടത്തിയിരുന്നത്. ആറു മാസത്തേക്കുള്ള യാത്രയ്ക്കു വരെ ആളുകള്‍ മുന്‍കൂറായി ബുക് ചെയ്തിരുന്നു.