ഇന്ത്യയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി ബ്രിട്ടീഷ് എയര്‍വേയ്സ്

  • ബ്രിട്ടീഷ് എയര്‍വേയ്സ് പ്രതിവാര ഫ്‌ളൈറ്റുകള്‍ 56 ആയി വര്‍ധിപ്പിച്ചു
  • കോവിഡ് കാലത്തിനുമുമ്പ് ഇത് 49 ആയിരുന്നു
  • പേരധാനമായും അഞ്ച് നഗരങ്ങളിലേക്ക് മാത്രമാണ് സര്‍വീസുകള്‍

Update: 2023-06-30 10:20 GMT

ബ്രിട്ടീഷ് എയര്‍വേയ്സ് ഇന്ത്യയില്‍ കൂടുതല്‍ സന്തുലിതമായ വളര്‍ച്ചയാണ് കാണുന്നതെന്നും പാന്‍ഡെമിക്കിന് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പ്രതിവാര ഫ്‌ളൈറ്റുകള്‍ 56 ആയി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും എയര്‍ലൈന്‍ മേധാവി സീന്‍ ഡോയല്‍ പറഞ്ഞു.

ലണ്ടനില്‍ ഒരു മീഡിയ റൗണ്ട് ടേബിളില്‍ സംസാരിച്ച ചെയര്‍മാനും സിഇഒയുമായ ഡോയല്‍, ഇന്ത്യയില്‍ വിമാന യാത്രാ ആവശ്യകതയില്‍ വലിയ വളര്‍ച്ചയുണ്ടെന്നും എയര്‍ലൈന്‍ വിപുലീകരണത്തിനായി നോക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

നിലവില്‍, ബ്രിട്ടീഷ് എയര്‍ലൈനിന് അഞ്ച് ഇന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന 56 പ്രതിവാര സര്‍വീസുകളാണ് ഉള്ളത്. ഡെല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കാണ് ബ്രിട്ടീഷ് എയര്‍വേയ്സ് സര്‍വീസ് നടത്തുന്നത്.

കൊറോണ പകര്‍ച്ചവ്യാധിക്കാലത്തിനു മുമ്പ് എയര്‍ലൈന് ആഴ്ചയില്‍ 49 ഫ്‌ളൈറ്റുകളാണ് ഇന്ത്യയിലേക്ക് ഉണ്ടായിരുന്നത്. ഇപ്പോള്‍ അതിനും മുകളിലെത്തിയത് യാത്രക്കാരുടെ വര്‍ധനവിനെ കാണിക്കുന്നു. കൂടാതെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മഹാമാരിക്കാലത്തിനു മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെടുകയും ചെയ്തു.

ബ്രിട്ടീഷ് എയര്‍വേയ്സ് റൂട്ടുകള്‍ നവീകരിക്കുകയും എല്ലാറ്റിലും പുനര്‍വിചിന്തനം നടത്തുകയും ചെയ്യുന്നതായി സീന്‍ ഡോയല്‍ പറഞ്ഞു. പാന്‍ഡെമിക്കിന് ശേഷമുള്ള എയര്‍ലൈനിന്റെ അജണ്ടകളില്‍ ഇന്ത്യക്ക് അതീവ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

1924-ല്‍ ഇന്ത്യയിലേക്ക് പറക്കാന്‍ തുടങ്ങിയ ബ്രിട്ടീഷ് എയര്‍വേയ്സിന് രാജ്യത്ത് 2,000-ത്തിലധികം ജീവനക്കാരുണ്ടെന്ന് എയര്‍ലൈനിന്റെ ചീഫ് കസ്റ്റമര്‍ ഓഫീസര്‍ കാലം ലാമിംഗ് പറഞ്ഞു.

ഇന്ത്യയില്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും അതിന്റെ വിപുലീകരണ കാലഘട്ടത്തിലാണ്. കൂടുതല്‍ ആഭ്യന്തര സര്‍വീസുകളും നടത്തുന്നുണ്ട്. അതിവേഗം ലക്ഷ്യസ്ഥാനത്തെത്തുന്നതിനായി ഇപ്പോള്‍ വിമാനങ്ങളില്‍ തിരക്കേറുന്നു. അത് വരും വര്‍ഷങ്ങളിലും തുടരും. അതിനാല്‍ ഇന്ത്യയിലെ വ്യോമയാന മേഖല വന്‍ കുതിപ്പിലാണ്. ഈ അവസരം ഉപയോഗപ്പെടുത്താനാണ് ബ്രിട്ടീഷ് എയര്‍വേയ്സ് തയ്യാറെടുക്കുന്നത്.

Tags:    

Similar News