എക്കാലത്തെയും ഉയര്‍ന്ന പാസഞ്ചര്‍ വാഹന വില്‍പ്പനയുമായി ഇന്ത്യ
- പാസഞ്ചര്‍ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പന 2024 സാമ്പത്തികവര്‍ഷം 3,948,143 യൂണിറ്റുകളിലെത്തി
- 2023 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 8.45 ശതമാനം വളര്‍ച്ച
- 2024 മാര്‍ച്ചില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന ആറു ശതമാനം കുറഞ്ഞിരുന്നു
പാസഞ്ചര്‍ വാഹനങ്ങളുടെ (പിവി) റീട്ടെയില്‍ വില്‍പ്പന സാമ്പത്തികവര്‍ഷം 2024-ല്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. മൊത്തം 3,948,143 യൂണിറ്റുകളാണ് വിറ്റഴിച്ചത്. സാമ്പത്തികവര്‍ഷം 2023-ല്‍ ഇത് 3,640,399 യൂണിറ്റുകളായിരുന്നുവെന്നുവെന്നും ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷനുകളുടെ (ഫാഡ) ഫെഡറേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 8.45 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയിലുണ്ടായത്.
മെച്ചപ്പെട്ട വാഹന ലഭ്യത, ആകര്‍ഷകമായ മോഡലുകള്‍, പുതിയ മോഡലുകളുടെ ലോഞ്ച് എന്നിവയാണ് വില്‍പ്പന വര്‍ധിക്കാന്‍ കാരണം. മെച്ചപ്പെട്ട വിതരണം, തന്ത്രപരമായ വിപണന ശ്രമങ്ങള്‍, റോഡ് ഇന്‍ഫ്രാസ്ട്രക്ചറിലെ വിപുലീകരണം എന്നിവയും വില്‍പ്പനയെ മുന്നോട്ടുനയിച്ചതായി അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ആദ്യമായി എസ്യുവികള്‍ക്ക് ഇപ്പോള്‍ 50 ശതമാനം വിപണി വിഹിതമുണ്ടെന്ന് ഫാഡ പറഞ്ഞു.
എന്നിരുന്നാലും, മാര്‍ച്ചില്‍, 2023 മാര്‍ച്ചിനെ അപേക്ഷിച്ച് പിവി വില്‍പ്പന 6 ശതമാനം കുറഞ്ഞിരുന്നു. സാമ്പത്തിക ആശങ്കകളും തിരഞ്ഞെടുപ്പ് കാലാവസ്ഥയും ഇതിനെ കൂടുതല്‍ സ്വാധീനിച്ചു. കഴിഞ്ഞ വര്‍ഷം 343,527 യൂണിറ്റുകളെ അപേക്ഷിച്ച് മൊത്തം 322,345 പിവികള്‍ മാത്രമാണ് ഈ മാസം വിറ്റത്. വില്‍പ്പനയില്‍ 2.35 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
മൊത്തത്തില്‍, 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ഓട്ടോ റീട്ടെയില്‍ വില്‍പ്പന 10.29 ശതമാനം വര്‍ധിച്ചു. പിവികള്‍, വാണിജ്യ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ട്രാക്ടറുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 24,530,334 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 22,241,361 യൂണിറ്റായിരുന്നു. 48.83 ശതമാനം വര്‍ധിച്ച മുച്ചക്ര വാഹനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന വര്‍ധിച്ചത്. തൊട്ടുപിന്നില്‍ ഇരുചക്രവാഹനങ്ങളും (9.3 ശതമാനം) ഉണ്ടായിരുന്നു.
ശക്തമായ വിപണി വികാരവും ഉയര്‍ന്ന നിലവാരമുള്ള വില്‍പ്പനാനന്തര സേവനത്തിന്റെ സംയോജനവും വിലകുറഞ്ഞ കംപ്രസ്ഡ് പ്രകൃതിവാതക ഇന്ധന ഓപ്ഷനുകളും പുതിയ ഇലക്ട്രിക് മോഡലുകളും അവതരിപ്പിച്ചതാണ് ത്രീ-വീലര്‍ വില്‍പ്പനയ്ക്ക് ആക്കം കൂട്ടിയതെന്ന് ഫാഡ പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറയുന്നു. ഇരുചക്രവാഹനങ്ങള്‍ക്ക്, മെച്ചപ്പെട്ട മോഡല്‍ ലഭ്യത, പുതിയ ഉല്‍പ്പന്ന ആമുഖം, പോസിറ്റീവ് മാര്‍ക്കറ്റ് വികാരം എന്നിവ മികച്ച വില്‍പ്പനക്ക് കാരണമായി. പ്രത്യേക പദ്ധതികളും കോവിഡ് -19 പാന്‍ഡെമിക്കിന് ശേഷം ഗ്രാമീണ വിപണിയുടെ വീണ്ടെടുപ്പും വില്‍പ്പന വര്‍ധിപ്പിക്കുന്നതില്‍ കാരണമായി.
വാണിജ്യ വാഹനങ്ങളുടെ ചില്ലറ വില്‍പ്പനയില്‍ 4.82 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ 2,062,409 യൂണിറ്റുകളെ അപേക്ഷിച്ച് മാര്‍ച്ചില്‍ മൊത്തം വാഹന വില്‍പ്പന 3.14 ശതമാനം ഉയര്‍ന്ന് 2,127,177 യൂണിറ്റിലെത്തി. മുച്ചക്ര വാഹനങ്ങളും ഇരുചക്രവാഹനങ്ങളും യഥാക്രമം 17.13 ശതമാനവും 5.44 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.
എന്നിരുന്നാലും, മറ്റെല്ലാ വിഭാഗങ്ങളായ പിവികള്‍, വാണിജ്യ വാഹനങ്ങള്‍ (സിവികള്‍), ട്രാക്ടറുകള്‍ എന്നിവയുടെ വില്‍പ്പന മാര്‍ച്ച മാസത്തില്‍ കുറഞ്ഞു. സിവി വില്‍പ്പന 5.87 ശതമാനവും ട്രാക്ടര്‍ വില്‍പ്പന 3.33 ശതമാനവും കുറഞ്ഞു.
എന്നാല്‍ മാര്‍ച്ച് മാസം ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് അനുകൂലമായിരുന്നു.
മാര്‍ച്ച് 31-ന് ഫെയിം-II സബ്സിഡി കാലഹരണപ്പെട്ടത് ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ ശ്രദ്ധേയമായ വര്‍ദ്ധനവിന് കാരണമായി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം നഗര ഉപഭോക്താക്കള്‍ക്കിടയിലെ ഉപഭോക്തൃ വികാരം കുറയുന്നത് കാരണം ഇന്ത്യയിലെ വാഹന വില്‍പ്പനയെ ബാധിച്ചേക്കാം. അതേസമയം ദീര്‍ഘകാലാടിസ്ഥാനത്തില്‍, വിപണി ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു.