എക്കാലത്തെയും മികച്ച റീട്ടെയില്‍ വില്‍പ്പനയുമായി മെഴ്സിഡസ് ബെന്‍സ്

  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 18,123 യൂണിറ്റുകളാണ് വിറ്റഴിച്ചത്
  • ജനുവരി-മാര്‍ച്ച് കാലയളവിലെ വില്‍പ്പനയില്‍ 15ശതമാനം വളര്‍ച്ച
  • ഈ വര്‍ഷം കമ്പനി രാജ്യത്ത് ഒമ്പത് പുതിയ മോഡലുകള്‍ അവതരിപ്പിക്കും

Update: 2024-04-11 09:40 GMT

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ് 2023-24 ല്‍ ഇന്ത്യയില്‍ ഒരു സാമ്പത്തിക വര്‍ഷത്തിലെ എക്കാലത്തെയും ഉയര്‍ന്ന റീട്ടെയില്‍ വില്‍പ്പന രേഖപ്പെടുത്തി. കമ്പനിയുടെ എസ്യുവി ശ്രേണിയുടെ ശക്തമായ ഡിമാന്‍ഡ് ആണ് മികച്ച വില്‍പ്പനക്ക് കാരണമായത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 18,123 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ 16,497 യൂണിറ്റുകളെ അപേക്ഷിച്ച് 10 ശതമാനം വളര്‍ച്ച ഈ രംഗത്തുണ്ടായി.

ഇന്ത്യയിലെ എക്കാലത്തെയും മികച്ച മാസവും എക്കാലത്തെയും ഉയര്‍ന്ന പാദവും എക്കാലത്തെയും മികച്ച സാമ്പത്തിക വര്‍ഷവും കമ്പനി കൈവരിച്ചതായി മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ എംഡിയും സിഇഒയും സന്തോഷ് അയ്യര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയിലെ മെഴ്സിഡസ് ബെന്‍സിന്റെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി മികച്ച ഉപഭോക്തൃ പ്രതികരണം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ വാഹന നിര്‍മ്മാതാക്കള്‍ 5,412 യൂണിറ്റുകള്‍ വിറ്റഴിച്ചു, കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തിലെ 4,697 യൂണിറ്റുകളെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനവ് ആണ് ഇവിടെ ഉണ്ടായത്.

ഈ വര്‍ഷം രാജ്യത്ത് മൂന്ന് പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ (ബിഇവി) ഉള്‍പ്പെടെ ഒമ്പത് പുതിയ മോഡലുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി വാഹന നിര്‍മ്മാതാക്കള്‍ പറഞ്ഞു.

ഈ കലണ്ടര്‍ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ എഎംജി എസ് 63 ഇ-പെര്‍ഫോമന്‍സ് സെഡാനും എഎംജി സി 63 ഇ-പെര്‍ഫോമന്‍സും പുറത്തിറക്കുന്നതോടെ തങ്ങളുടെ എഎംജി പ്രകടന ശ്രേണി ശക്തിപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. ഏപ്രിലില്‍ ന്യൂ ഡല്‍ഹിയിലെയും മുംബൈയിലെയും പ്രധാന ഉപഭോക്തൃ കേന്ദ്രങ്ങളില്‍ രണ്ട് ലക്ഷ്വറി MAR 20X ഔട്ട്ലെറ്റുകള്‍ ഉദ്ഘാടനം ചെയ്യാനും കമ്പനിപദ്ധതിയിടുന്നു.

മൊത്തത്തില്‍, ഈ വര്‍ഷം 10 പുതിയ നഗരങ്ങളില്‍ 20 പുതിയ MAR 20X ആഡംബര വര്‍ക്ക്ഷോപ്പുകള്‍ ആരംഭിക്കും.

Tags:    

Similar News