ജൂണ്‍ മാസം വില്‍പ്പന; ടിവിഎസ്സിന് നേട്ടം, ബജാജിന് ഇടിവ്

Update: 2023-07-03 08:40 GMT

ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് ജൂണ്‍ മാസം നേട്ടത്തിന്റേതായി. എന്നാല്‍ ബജാജ് ഓട്ടോയ്ക്ക് ജൂണ്‍ മാസം വില്‍പ്പന ഇടിവിന്റേതായി തീര്‍ന്നു.

മുന്‍ വര്‍ഷം ജൂണ്‍ മാസത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ ടിവിഎസ്സിന് വില്‍പ്പനയില്‍ മൂന്ന് ശതമാനം വളര്‍ച്ച കൈവരിക്കാനായി. ജൂണില്‍ 3,16,411 യൂണിറ്റുകളാണ് ടിവിഎസ് വിറ്റഴിച്ചത്. 2022 ജൂണില്‍ 3,08,501 യൂണിറ്റുകളായിരുന്നു ടിവിഎസ് വിറ്റത്.

ടിവിഎസ്സിന്റെ ടു-വീലര്‍ വിഭാഗത്തില്‍ 2023 ജൂണില്‍ 3,04,401 യൂണിറ്റുകള്‍ വിറ്റു. 2022 ജൂണില്‍ 2,93,715 യൂണിറ്റുകളാണ് വിറ്റത്. ഈ വിഭാഗത്തില്‍ നാല് ശതമാനം വളര്‍ച്ച കൈവരിച്ചു.

ആഭ്യന്തര തലത്തില്‍ ജൂണ്‍ മാസം ഇരുചക്ര വാഹന വില്‍പ്പന 22 ശതമാനം വര്‍ധനയോടെ 2,35,833 യൂണിറ്റിലെത്തി. മുന്‍വര്‍ഷം ജൂണില്‍ ഇത് 1,93,090 യൂണിറ്റായിരുന്നു.

മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തെ 1,46,075 യൂണിറ്റില്‍ നിന്ന് ഈ ജൂണില്‍ രണ്ട് ശതമാനം വര്‍ധിച്ച് 1,48,208 യൂണിറ്റിലെത്തി.

2023 ജൂണില്‍ സ്‌കൂട്ടര്‍ വില്‍പ്പന 11 ശതമാനം വര്‍ധിച്ച് 1,21,364 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,09,878 യൂണിറ്റായിരുന്നു.

ഫെയിം-II (FAME II) സബ്സിഡി കുറച്ചതിനെത്തുടര്‍ന്ന് വിലയില്‍ പുനഃക്രമീകരണം നടത്തേണ്ടി വന്നതു കാരണം ജൂണ്‍ ആദ്യ രണ്ടാഴ്ച EV ഇരുചക്ര വാഹന വില്‍പ്പനയില്‍ ഇടിവ് നേരിട്ടിരുന്നു.

എന്നിരുന്നാലും, ടിവിഎസ് ഐക്യൂബ് (TVS iQube)-ന്റെ ഓര്‍ഡര്‍ ബുക്കിംഗ് വളരെ മെച്ചപ്പെട്ട രീതിയില്‍ തുടരുന്നു.

2022 ജൂണില്‍ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ 4,667 യൂണിറ്റ് വില്‍പ്പന നടന്നു. 2023 ജൂണില്‍ 14,462 യൂണിറ്റുകളുടെ വില്‍പ്പനയാണു നടന്നത്.

ടിവിഎസ് കമ്പനിയുടെ മൊത്തം കയറ്റുമതി 2022 ജൂണിലെ 1,14,449 യൂണിറ്റുകളില്‍ നിന്ന് 2023 ജൂണില്‍ 79,144 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി.

ഇരുചക്രവാഹന കയറ്റുമതി 2022 ജൂണില്‍ 1,00,625 യൂണിറ്റുകളായിരുന്നു. 2023 ജൂണില്‍ 68,568 യൂണിറ്റുകളായി.

ത്രീ-വീലര്‍ വിഭാഗത്തില്‍ 2023 ജൂണില്‍ വില്‍പ്പന 12,010 യൂണിറ്റായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 14,786 യൂണിറ്റായിരുന്നു.

ബജാജ് ഓട്ടോയുടെ മൊത്തം വാഹന വില്‍പ്പന 2023 ജൂണ്‍ മാസത്തില്‍ രണ്ട് ശതമാനം ഇടിഞ്ഞ് 3,40,981 യൂണിറ്റായി. 2022 ജൂണ്‍ മാസത്തില്‍ 3,47,004 യൂണിറ്റുകളായിരുന്നു വില്‍പന.

ബജാജ് ഓട്ടോയുടെ ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ 315,948 യൂണിറ്റില്‍ നിന്ന് ഏഴ് ശതമാനം ഇടിഞ്ഞ് 293,649 യൂണിറ്റായി.

കയറ്റുമതി 33 ശതമാനം ഇടിഞ്ഞ് 1,27,357 യൂണിറ്റിലുമെത്തി. ഇന്ത്യയിലെ ഓട്ടോമോട്ടീവ് ഭീമനായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ആഭ്യന്തരതലത്തില്‍ ജൂണ്‍ മാസത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 21 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ജൂലൈ മൂന്നിന് അറിയിച്ചു. 2023 ജൂണില്‍ 32,588 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2022 ജൂണില്‍ 26,880 പാസഞ്ചര്‍ വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്.

ആഭ്യന്തരതലത്തില്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ മാസം 32,585 യൂണിറ്റായിരുന്നു. 2022-ല്‍ ഇത് 26,620 യൂണിറ്റായിരുന്നു. ഇതിലൂടെ 32 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഇലക്ട്രിക് ത്രീ വീലര്‍ ഉള്‍പ്പെടെയുള്ള മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന 59 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2023 ജൂണില്‍ 6,377 യൂണിറ്റുകള്‍ വിറ്റഴിച്ചു. മുന്‍ വര്‍ഷം ഇത് 4,008 യൂണിറ്റായിരുന്നു.എസ്‌യുവി വിഭാഗങ്ങളില്‍ നല്ലരീതിയിലുള്ള ഡിമാന്‍ഡ് അനുഭവപ്പെടുന്നുണ്ടെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (ഓട്ടോമോട്ടീവ്) ലിമിറ്റഡിന്റെ പ്രസിഡന്റ് വീജേ നക്ര പറഞ്ഞു.

Tags:    

Similar News