ലോകോത്തര ബ്രാന്‍ഡുകളോട് മുട്ടാനുറച്ച് എന്‍ഫീല്‍ഡ്; ന്യൂജെന്‍ ബുള്ളറ്റ് ലോഞ്ച് ഓഗസ്റ്റ് 30ന്

  • ജെ സീരീസ് പ്ലാറ്റ്‌ഫോമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ന്യുജെന്‍ വേര്‍ഷന് രൂപം നല്‍കിയിരിക്കുന്നത്
  • ന്യുജെന്‍ ബുള്ളറ്റ് നിലവിലെ ബുള്ളറ്റ് 350-യുടെ ഡിസൈന്‍ തന്നെ നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്
  • ഫൈവ് സ്പീഡ് ഗിയര്‍ബോക്‌സാണുള്ളത്

Update: 2023-07-21 06:49 GMT

സമീപകാലത്ത് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ച് ഇന്ത്യന്‍ വാഹനവിപണിയില്‍ രണ്ട് ലോകോത്തര ബ്രാന്‍ഡുകള്‍ ടൂവീലറുകള്‍ ലോഞ്ച് ചെയ്തിരുന്നു. ഹാര്‍ലി ഡേവിഡ്‌സണും, ട്രയംഫുമായിരുന്നു ഈ രണ്ട് ബ്രാന്‍ഡുകള്‍.

ഹാര്‍ലി ഇന്ത്യന്‍ കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പുമായും, ട്രയംഫ് ബജാജുമായും ചേര്‍ന്നാണ് ടൂവീലറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

ഇത് എന്‍ഫീല്‍ഡിന്റെ വിപണിയിലെ സ്വാധീനം കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ രണ്ട് ബ്രാന്‍ഡുകളുടെയും നീക്കം മുന്‍കൂട്ടി അറിഞ്ഞുതന്നെയാണ് എന്‍ഫീല്‍ഡും രംഗത്തുവന്നിരിക്കുന്നത്. ഓഗസ്റ്റ് 30ന് ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് അവരുടെ എക്കാലത്തെയും പ്രിയ മോഡലായ ബുള്ളറ്റ് 350യുടെ ന്യുജെന്‍ വേര്‍ഷന്‍ വിപണിയിലെത്തിക്കാന്‍ പോവുകയാണ്.

ജെ സീരീസ് പ്ലാറ്റ്‌ഫോമില്‍ (J-platform ) നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബുള്ളറ്റ് 350യുടെ ന്യുജെന്‍ വേര്‍ഷന് രൂപം നല്‍കിയിരിക്കുന്നത്.

ക്ലാസിക് 350, ഹണ്ടര്‍ 350, മീറ്റിയോര്‍ 350 മോട്ടോര്‍ ബൈക്കുകള്‍ ജെ സീരീസ് പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്. ന്യുജെന്‍ ബുള്ളറ്റില്‍ 349 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍ ഓയില്‍ കൂള്‍ഡ്, ലോങ് സ്‌ട്രോക്ക് എന്‍ജിനാണുള്ളത്.ഇത് ഏകദേശം 19.9 ബിഎച്ച്പി പവറും 27 ചാ ടോര്‍ക്കും ഡെലിവര്‍ ചെയ്യും. ഫൈവ് സ്പീഡ് ഗിയര്‍ബോക്‌സാണുള്ളത്.

സമാനമായ എന്‍ജിനാണ് ക്ലാസിക് 350, മീറ്റിയോര്‍ 350, ഹണ്ടര്‍ 350 എന്നിവയ്ക്കുള്ളത്.

വിലയുടെ കാര്യമെടുത്താല്‍ നിലവിലെ ബുള്ളറ്റിനെക്കാള്‍ ന്യുജെന്‍ ബുള്ളറ്റ് 350 മോഡലിന് വില കൂടാനാണു സാധ്യത. ഹണ്ടറിന്റെ എക്‌സ്‌ഷോറൂം വില 1.50 ലക്ഷം രൂപ മുതല്‍ 1.75 ലക്ഷം രൂപ വരെയാണ്. 1.93 ലക്ഷം രൂപ മുതല്‍ 2.25 ലക്ഷം രൂപ വരെയാണു ക്ലാസിക് 350-യുടെ എക്‌സ്‌ഷോറൂം വില.

ഡിസൈനിന്റെ കാര്യത്തില്‍ ന്യുജെന്‍ ബുള്ളറ്റ് നിലവിലെ ബുള്ളറ്റ് 350-യുടെ ഡിസൈന്‍ തന്നെ നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

വൃത്താകൃതിയിലുള്ള ഹാലജന്‍ ഹെഡ്‌ലൈറ്റ്, ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഇന്ധന ടാങ്ക്, നീളമേറിയ ഫ്രണ്ട്, റിയര്‍ ഫെന്‍ഡറുകള്‍, സിംഗിള്‍ പീസ് സീറ്റ് എന്നിവയായിരിക്കും ന്യുജെന്‍ എന്‍ഫീല്‍ഡിനും ഉണ്ടാവുക.

Tags:    

Similar News