പുതിയ ബാറ്ററി ഉല്‍പ്പാദന കേന്ദ്രം ഹൈദരാബാദില്‍
- സജ്ജീകരിച്ചത് 50 മെഗാവാട്ട് ബാറ്ററി ഉല്‍പ്പാദന പ്ലാന്റ്
- പ്രതിവര്‍ഷം 30,000 ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ കഴിയും
- രണ്ടുവര്‍ഷത്തിനകം 80,000 ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ലക്ഷ്യമിടുന്നു
ഹൈദരാബാദ് ആസ്ഥാനമായുള്ള ഡീപ്-ടെക് ഇലക്ട്രിക് വെഹിക്കിള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ റേസ് എനര്‍ജി പുതിയ ബാറ്ററി ഉല്‍പ്പാദന കേന്ദ്രം തെലങ്കാനയുടെ തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു. പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് ഈ ഉല്‍പ്പാദനകേന്ദ്രം. ഈ നിര്‍മ്മാണ കേന്ദ്രത്തില്‍ 50 മെഗാവാട്ട് ബാറ്ററി ഉല്‍പ്പാദന പ്ലാന്റ് സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രതിവര്‍ഷം 30,000 ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇത് കമ്പനിയുടെ പ്രവര്‍ത്തനത്തിലെ ഒരു നാഴികക്കല്ലായിരിക്കും. 2025ഓടെ 80,000 ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ലക്ഷ്യമിടുന്ന റേസ് എനര്‍ജിയുടെ ലക്ഷ്യവുമായി ഈ നേട്ടം ഒത്തുചേരുന്നു. ഒരേ സമയപരിധിക്കുള്ളില്‍ 2,50,000 സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികള്‍ എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പായിരിക്കും ഇതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
എഞ്ചിനീയര്‍മാര്‍ക്കും ഡിസൈനര്‍മാര്‍ക്കും നവീകരണത്തില്‍ മികവ് പുലര്‍ത്തുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (ഇവികള്‍) അത്യാധുനിക ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനും കമ്പനിയുടെ ഉല്‍പ്പാദന ശേഷി ഗണ്യമായി വര്‍ധിപ്പിക്കുന്നതിനും പുതിയ സൗകര്യം ഒരു മികച്ച അന്തരീക്ഷം പ്രദാനം ചെയ്യുമെന്ന് പ്രസ്താവന തുടരുന്നു.
'പുതിയ സൗകര്യത്തിന്റെ തുടക്കം ഇലക്ട്രിക് മൊബിലിറ്റി മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. 2025 ഓടെ 80,000 ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ലക്ഷ്യമിടുന്ന ഞങ്ങളുടെ ലക്ഷ്യത്തിന്റെ 25 ശതമാനവും അത് നിറവേറ്റും' റേസ് എനര്‍ജിയുടെ സഹ സ്ഥാപകന്‍ അരുണ്‍ ശ്രേയസ് പറഞ്ഞു.
'ഞങ്ങളുടെ ശൃംഖലയില്‍ പ്രതിദിനം 500 സ്വാപ്പുകള്‍ ഉള്ളതിനാല്‍, വര്‍ധിച്ചുവരുന്ന ആവശ്യകതയെ കാര്യക്ഷമമായി നേരിടാനും ആഗോളതലത്തില്‍ ഞങ്ങളുടെ വിപണി സാന്നിധ്യം വിപുലീകരിക്കാനും ഈ സൗകര്യം ഞങ്ങളെ പ്രാപ്തരാക്കും,' അദ്ദേഹംതുടര്‍ന്നു.
'ഇവി എന്നത് ഇന്ന് മാര്‍ക്കറ്റില്‍ തരംഗമാകുകയാണ്. ഇതിന്റെ നിര്‍ണായക ഘടകങ്ങള്‍ പ്രാദേശികവല്‍ക്കരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.പുതിയ സൗകര്യം ഇവിയുടെയും ബാറ്ററി ഭാഗങ്ങളുടെയും ഇന്‍-ഹൗസ് ഉല്‍പ്പാദനം നേടാന്‍ ഞങ്ങളെ പ്രാപ്തരാക്കും' മറ്റൊരു സഹസ്ഥാപകനായ ഗൗതം മഹേശ്വരന്‍ അറിയിച്ചു.
'വര്‍ധിച്ച ഉല്‍പ്പാദന ശേഷിയോടെ, ബാറ്ററികളുടെ ഉപയോഗം വിപുലീകരിക്കാനും ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ സേവനം നല്‍കാനും ഞങ്ങള്‍ക്ക് കഴിയും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.