ഐപിഒയ്ക്ക് ഒരുങ്ങുന്ന ഒല ഇലക്ട്രിക്ക് 2022-23ല്‍ നഷ്ടം രേഖപ്പെടുത്തി

  • 2023 മാര്‍ച്ച് മാസം മാത്രം 21,400 ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണു വിറ്റഴിച്ചത്
  • ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം തീര്‍ത്തവരാണ് ഒല
  • ആദ്യ കാലത്ത് വില്‍പ്പന പൂര്‍ണമായും ഓണ്‍ലൈനിലൂടെയായിരുന്നു

Update: 2023-07-28 11:54 GMT

ഐപിഒയ്ക്ക് ഒരുങ്ങുന്ന ഒല ഇലട്രിക്ക് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1,116 കോടി രൂപയുടെ പ്രവര്‍ത്തന നഷ്ടം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

സോഫ്റ്റ് ബാങ്കിന്റെ നിക്ഷേപമുള്ള ഒല ഇലക്ട്രിക്ക് ഈ വര്‍ഷം അവസാനത്തോടെ ഐപിഒയ്ക്ക് ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 5,750 കോടി രൂപയുടെ ഐപിഒയ്ക്കാണ് തയാറെടുക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒല 2023 മാര്‍ച്ച് മാസം മാത്രം 21,400 ഇലക്ട്രിക്ക് സ്‌കൂട്ടറുകളാണു വിറ്റഴിച്ചത്.

2023-24-ല്‍ 12,300 കോടി രൂപ വരുമാനം കൈവരിക്കാനാണ് ഒല പദ്ധതിയിട്ടിരിക്കുന്നത്.

2021 ഡിസംബറിലാണ് ഒല ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില്‍പ്പന ആരംഭിച്ചത്. ഇന്ന് ഇന്ത്യയിലെ ഇ-സ്‌കൂട്ടര്‍ വിപണിയില്‍ 32 ശതമാനം വിപണി വിഹിതത്തോടെ മുന്‍നിര സ്ഥാനം അലങ്കരിക്കുന്നു. ഏഥര്‍ എനര്‍ജി, ടിവിഎസ് മോട്ടോര്‍, ഹീറോ ഇലക്ട്രിക്ക് എന്നിവരാണു വിപണിയിലെ ഒലയുടെ എതിരാളികള്‍.

കഴിഞ്ഞ വര്‍ഷം കമ്പനിക്ക് കണക്കാക്കിയ വിപണിമൂല്യം 5 കോടി ഡോളറാണ്. 2019 മുതല്‍ ഇതുവരെയായി നിക്ഷേപകരില്‍ നിന്ന് ഏകദേശം 800 ദശലക്ഷം ഡോളര്‍ സമാഹരിച്ചിട്ടുമുണ്ട്.

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം തീര്‍ത്തവരാണ് ഒല.

ക്യാബ് അഗ്രഗേറ്ററെന്ന പേരില്‍ ആദ്യം അറിയപ്പെട്ട ഒല പിന്നീട് വാഹന നിര്‍മാണത്തിലേക്കും തിരിയുകയായിരുന്നു.

ആദ്യ കാലത്ത് വില്‍പ്പന പൂര്‍ണമായും ഓണ്‍ലൈനിലൂടെയായിരുന്നു. പിന്നീടാണ് ഷോറൂമുകളിലൂടെ വില്‍പ്പന ആരംഭിച്ചത്.

Tags:    

Similar News